Quantcast

ഇംഗ്ലണ്ടിന് നാലു സെഞ്ച്വറി, പാകിസ്താന് മൂന്നെണ്ണം, ഫ്‌ളാറ്റ് പിച്ചിൽ 'ടി20 ടെസ്റ്റ്' തുടരുന്നു

ഇംഗ്ലണ്ട് സ്‌കോറായ 657 റൺസ് മറികടക്കാനുള്ള പാക് ശ്രമം മൂന്നാം ദിനം അവസാനിക്കവേ ഏഴു വിക്കറ്റ് നഷ്ടത്തിൽ 499 റൺസിലെത്തിയിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    3 Dec 2022 12:40 PM GMT

ഇംഗ്ലണ്ടിന് നാലു സെഞ്ച്വറി, പാകിസ്താന് മൂന്നെണ്ണം,  ഫ്‌ളാറ്റ് പിച്ചിൽ ടി20 ടെസ്റ്റ് തുടരുന്നു
X

റാവൽപിണ്ടി: പാകിസ്താനിൽ നടക്കുന്ന ഇംഗ്ലണ്ടിന്റെ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ സന്ദർശകർക്ക് ശേഷം റൺസ് വാരിക്കൂട്ടി ആതിഥേയരും. റാവൽപിണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ഫ്‌ളാറ്റ് പിച്ചിൽ നായകൻ ബാബർ അസമടക്കം മൂന്നുപേരാണ് സെഞ്ച്വറി നേടിയത്. ബാബർ 136 റൺസ് നേടിയപ്പോൾ ഓപ്പണർമാരായ അബ്ദുല്ല ഷഫീഖും ഇമാമുൽ ഹഖും 114ഉം 121 റൺസ് നേടി. മൂവരും പുറത്തായിരിക്കുകയാണ്. വിൽ ജാക്‌സ് ഷഫീഖിനെ ഒല്ലി പോപിന്റെയും അസമിനെ ജാക് ലീച്ചിന്റെയും കൈകളിലെത്തിക്കുകയായിരുന്നു. ഇമാമുൽ ഹഖിനെ ജാക് ലീച്ച് ഒല്ലി റോബിൻസന്റെ കയ്യിലെത്തിച്ചു.

ഇംഗ്ലണ്ട് സ്‌കോറായ 657 റൺസ് മറികടക്കാനുള്ള പാക് ശ്രമം മൂന്നാം ദിനം അവസാനിക്കവേ ഏഴു വിക്കറ്റ് നഷ്ടത്തിൽ 499 റൺസിലെത്തിയിരിക്കുകയാണ്. ആഗാ സൽമാനും സാഹിദ് മഹ്മൂദുമാണ് ക്രീസിലുള്ളത്. അസ്ഹർ അലി, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്‌വാൻ, നസീം ഷാ എന്നിവർ പുറത്തായി. മൂന്നു വിക്കറ്റെടുത്ത വിൽ ജാക്കും രണ്ടു വിക്കറ്റെടുത്ത ജാക് ലീച്ചുമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ഒല്ലി റോബിൻസൺ, ജെയിംസ് ആൻഡേഴ്‌സൺ എന്നിവർ ഓരോ വിക്കറ്റും നേടി.

ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പത്തു വിക്കറ്റ് നഷ്ടത്തിൽ 657 റൺസാണ് നേടിയിരുന്നത്. സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്, ഹാരി ബ്രൂക് എന്നിവരാണ് സെഞ്ച്വറി നേടിയത്. ആദ്യ ദിനത്തിൽ ബെൻ സ്റ്റോക്സിന്റെ സംഘം വെറും നാല് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 506 റൺസായിരുന്നു. അതിൽ നാല് സെഞ്ച്വറിയും. ആദ്യമായായിരുന്നു ഒരു ടീം ടെസ്റ്റിന്റെ ആദ്യദിനം 500 റൺസ് കടക്കുന്നത്. 112 വർഷം പഴക്കമുള്ള ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യദിന ടോട്ടൽ റെക്കോർഡ് മറികടന്നാണ് സന്ദർശകർ 500 പിന്നിട്ടത്. 1910ൽ സിഡ്നിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആസ്ട്രേലിയ നേടിയ 494 റൺസായിരുന്നു ഇതുവരെ ഏറ്റവും വലിയ സ്‌കോർ. ഇതാദ്യമായാണ് ടെസ്റ്റിൽ ആദ്യദിനം നാല് സെഞ്ച്വറി പിറക്കുന്നതും. മത്സരത്തിൽ പാക് ബൗളർ സൗദ് ഷക്കീലിനെ ഒരു ഓവറിൽ ആറ് ബൗണ്ടറി പറത്തി ഹാരി ബ്രൂക്കും റെക്കോർഡിട്ടു.

ബ്രെൻഡൻ മക്കല്ലത്തിനു കീഴിൽ ഇംഗ്ലീഷ് ക്രിക്കറ്റ് സംഘം പുതുതായി കണ്ടെടുത്ത ബേസ്ബാൾ(ആക്രമണശൈലിയിലുള്ള ടെസ്റ്റ് ക്രിക്കറ്റ്) ക്രിക്കറ്റ് ശൈലിയായിരുന്നു റാവൽപിണ്ടിയിലും കണ്ടത്. ഓപണിങ് കൂട്ടുകെട്ടി സാക്ക് ക്രൗളിയും ബെൻ ഡക്കറ്റും ചേർന്ന് അടിച്ചുകളിച്ച് സ്‌കോർ വേഗം കൂട്ടി. ഓപണിങ് കൂട്ടുകെട്ടിൽ 233 റൺസ് കൂട്ടിച്ചേർത്താണ് ഇരുവരും വേർപിരിഞ്ഞത്. 110 പന്തിൽ 107 റൺസുമായി സാഹിദ് മഹ്മൂദിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി ഡക്കറ്റ് ആണ് ആദ്യം മടങ്ങിയത്. പിന്നാലെ 111 പന്തിൽ 122 റൺസുമായി ക്രൗളിയും പുറത്തായി. നാലു വിക്കറ്റ് നേടിയ സാഹിദ് മഹ്മൂദും മൂന്നു വിക്കറ്റ് നേടിയ നസീം ഷായുമാണ് പാകിസ്താനായി തിളങ്ങിയത്. മുഹമ്മദലി രണ്ടു വിക്കറ്റ് നേടി.

ഇംഗ്ലണ്ടിന്റെ ഈ 'കൂട്ടയടിയിൽ' കരിഞ്ഞു പോയത് സാഹിദ് മഹമൂദ് എന്ന പാക് സ്പിന്നറിന്റെ അരങ്ങേറ്റമായിരുന്നു. 34 വയസുള്ള താരം ഈ പരമ്പരയിലാണ് ആദ്യമായി തന്റെ രാജ്യത്തിന് വേണ്ടി ടെസ്റ്റിൽ ക്യാപ്പണിയുന്നത്. പക്ഷേ അരങ്ങേറ്റ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുനൽകി എന്ന നാണക്കേടിന്റെ റെക്കോർഡുമായാണ് സാഹിദ് മഹമൂദിനെ ഇംഗ്ലണ്ട് ബാറ്റർമാർ വരവേറ്റത്. 33 ഓവർ എറിഞ്ഞ സാഹിദ് 7.10 എന്ന ഇക്കണോമിയിൽ 235 റൺസാണ് വിട്ടുനൽകിയത്. അതുകൊണ്ടും തീർന്നില്ല സാഹിദ് എറിഞ്ഞ ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 87-ാം ഓവറിൽ 27 റൺസാണ് ഹാരി ബ്രൂക്ക് കൂട്ടിച്ചേർത്തത്. 3 ഫോറും 2 സിക്സറുമാണ് ആ ഓവറിൽ മാത്രം പിറന്നത്.

അരങ്ങേറ്റ ഇന്നിങ്സിൽ 222 റൺസ് വിട്ടുനൽകി 2010 ൽ ശ്രീലങ്കൻ ബോളറായ സുരാജ് റൺദീവ് സ്ഥാപിച്ച റെക്കോർഡാണ് സാഹിദ് മറികടന്നത്.കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ ആ ഇന്നിങ്സിൽ പാകിസ്താന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയതും സാഹിദാണ്- 4 വിക്കറ്റുകൾ. സെഞ്ച്വറി നേടിയ ബെൻ ഡക്കറ്റിന്റെ വിക്കറ്റും അതിൽ ഉൾപ്പെടും.

മത്സരത്തിൽ ബാറ്റർമാർക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന ഒരു വേരിയേഷനും പിച്ചിൽ നിന്നുണ്ടായില്ല. 17 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനിൽ പാകിസ്താനുമായി ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത്. അത്തരത്തിലൊരു പരമ്പരയിൽ ഫ്ളാറ്റ് വിക്കറ്റൊരുക്കിയതിൽ പാക് ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനമുയരുന്നുണ്ട്.

After England in the first Test in Rawalpindi, Pakistan also scored three centuries

TAGS :

Next Story