'മുംബൈക്കാരെ ഹെൽമറ്റ് വെക്കൂ, റസലിന്റെ സിക്‌സർ ഏതു സമയവും വീഴാം': ട്വീറ്റുമായി അമിത് മിശ്ര
കാണികൾക്കിടയിലേക്കും സ്റ്റേഡിയത്തിന് പുറത്തേക്കുമൊക്കെ പറക്കുന്ന സിക്‌സറുകൾ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്.
സിക്‌സറുകളുടെ പൂരം കൂടിയാണ് ഓരോ ഐ.പി.എൽ മത്സരങ്ങളും. കാണികൾക്കിടയിലേക്കും സ്റ്റേഡിയത്തിന് പുറത്തേക്കുമൊക്കെ പറക്കുന്ന സിക്‌സറുകൾ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ സിക്‌സറുകമായി ബന്ധപ്പെട്ട് ശ്രദ്ധേയമായൊരു ട്വീറ്റുമായി മുൻ ഇന്ത്യൻ താരം അമിത് മിശ്ര രംഗത്ത് എത്തിയിരിക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത-പഞ്ചാബ് മത്സരത്തിന് പിന്നാലെയാണ് രസകരമായ ട്വീറ്റുമായി അമിത് മിശ്ര എത്തിയിരിക്കുന്നത്. അടുത്ത തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കളക്കാനിറങ്ങുമ്പോൾ ഹെൽമറ്റ് ധരിക്കാൻ ഞാൻ മുംബൈക്കാരോട് ആവശ്യപ്പെടുകയാണെന്നായിരുന്നു അമിത് മിശ്രയുടെ ട്വീറ്റ്. റസൽ പായിക്കുന്ന സിക്‌സറുകൾ എപ്പോഴാണ് നിങ്ങളുടെ അരികിൽ വീഴുക എന്നറിയാൻ പറ്റില്ലെന്നും അമിത് മിശ്ര എഴുതുന്നു.
ഏതായാലും താരത്തിന്റെ ട്വീറ്റ് ആഘോഷമാക്കുകയാണ് ക്രിക്കറ്റ് പ്രേമികളും അതിലുപരി കൊൽക്കത്ത ഫാൻസുകാരും.പഞ്ചാബ് കിങ്‌സ് ഉയർത്തിയ 138 എന്ന വിജയലക്ഷ്യം റസലിന്റെ കരുത്തിലാണ് കൊല്‍ക്കത്ത മറികടന്നത്. റസലിന്റെ വെടിക്കെട്ടിന്റെ ചൂട് ഒന്നൂടി കണ്ട മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയം. 15.2 ഓവറിൽ അവർ വിജയലക്ഷ്യം മറികടന്നു.
മിന്നൽ അർധ സെഞ്ച്വറിയുമായി റസൽ കളം വിടുമ്പോൾ കൊൽക്കത്തയുടെ വിജയ പതാക പഞ്ചാബിന് മുകളിൽ പറന്നിരുന്നു. 31 പന്തിൽ 70 റൺസായിരുന്നു റസൽ നേടിയത്. എട്ട് സിക്‌സറും 2 ബൗണ്ടറികളും അടങ്ങിയതായിരുന്നു റസലിന്റെ ഇന്നിങ്‌സ്. സാം ബില്ലിങ്‌സ് 23 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു.
Adjust Story Font
16