അഫ്ഗാനിസ്താനോട് തോറ്റതിന് പിന്നാലെ ഇംഗ്ലണ്ടിന് നാണക്കേടിന്റെ മറ്റൊരു റെക്കോർഡ്
2011 ലെ ലോകകപ്പില്‍ ബംഗ്ലാദേശ്, അയര്‍ലാന്‍ഡ് എന്നിവരോടും ഇംഗ്ലണ്ട് തോറ്റിരുന്നു.
ഡല്‍ഹി: അഫ്ഗാനിസ്താനോട് 69 റണ്‍സിന് തോറ്റതിന് പിന്നാലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തേടി മറ്റൊരു നാണക്കേടും. ലോകകപ്പിന്റെ ചരിത്രത്തില്‍ ടെസ്റ്റ് കളിക്കുന്ന എല്ലാ ടീമുകളോടും തോറ്റ ടീം എന്നതാണ് ഇംഗ്ലണ്ടിനെ തേടി എത്തിയത്.
2011ലെ ലോകകപ്പില്‍ ബംഗ്ലാദേശ്, അയര്‍ലാന്‍ഡ് എന്നിവരോടും ഇംഗ്ലണ്ട് തോറ്റിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റെത്തിയ അഫ്ഗാനിസ്താനാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ഇംഗ്ലണ്ടിന് രണ്ടാം തോല്‍വി കനത്ത തിരിച്ചടിയായി.
അഫ്ഗാന്‍ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റണ്‍സിന് ഓള്‍ഔട്ടായി. ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് അഫ്ഗാന് ജയമൊരുക്കിയത്. അര്‍ധ സെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് മാത്രമാണ് ലക്ഷ്യത്തിലേക്ക് പൊരുതി നോക്കിയത്. പക്ഷേ താരത്തിന് പിന്തുണ നല്‍കാന്‍ മറ്റ് ഇംഗ്ലീഷ് താരങ്ങള്‍ക്കായില്ല. 61 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 66 റണ്‍സെടുത്ത ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി മുജീബുര്‍ റഹ്‌മാനും റാഷിദ് ഖാനും അഫ്ഗാനായി തിളങ്ങി. മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ ഒരു പന്ത് പന്ത് ബാക്കിനില്‍ക്കേ 284 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലോകകപ്പില്‍ അഫ്ഗാന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. 2019 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരേ നേടിയ 288 റണ്‍സാണ് ഒന്നാമത്.
Adjust Story Font
16