Quantcast

'ധോണിയിൽനിന്ന് നായകസ്ഥാനം ഏറ്റെടുത്ത ദിനം ഓർക്കുന്നു' കോഹ്‌ലിയുടെ പടിയിറക്കത്തിൽ വൈകാരിക പോസ്റ്റുമായി ഭാര്യ അനുഷ്‌ക ശർമ

ചാറ്റ് ചെയ്തപ്പോൾ താങ്കളുടെ താടി എത്രയും വേഗം നരച്ചു തുടങ്ങുമെന്ന് ധോണി അന്ന് തമാശ പറഞ്ഞതും അത് കേട്ട് നമ്മൾ ഏറെ ചിരിച്ചുവെന്നും എന്നാൽ പിന്നീട് താടി നരക്കുന്നതിനേക്കാൾ നിങ്ങളിലും നിങ്ങൾക്ക് ചുറ്റും കൂടുതൽ വളർച്ചയാണ് കണ്ടതെന്നും അനുഷ്‌ക കുറിപ്പിൽ പറഞ്ഞു

MediaOne Logo

Sports Desk

  • Updated:

    2022-01-16 15:29:40.0

Published:

16 Jan 2022 3:24 PM GMT

ധോണിയിൽനിന്ന് നായകസ്ഥാനം ഏറ്റെടുത്ത ദിനം ഓർക്കുന്നു കോഹ്‌ലിയുടെ പടിയിറക്കത്തിൽ വൈകാരിക പോസ്റ്റുമായി ഭാര്യ അനുഷ്‌ക ശർമ
X

'2014ൽ അന്നത്തെ ടെസ്റ്റ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി വിരമിക്കുകയാണെന്നും അദ്ദേഹത്തിൽ നിന്ന് നായക സ്ഥാനം താങ്കൾ ഏറ്റെടുക്കുകയാണെന്നും പറഞ്ഞ ദിനവും ചാറ്റ് ചെയ്തപ്പോൾ താങ്കളുടെ താടി എത്രയും വേഗം നരച്ചു തുടങ്ങുമെന്ന് ധോണി തമാശ പറഞ്ഞതും ഓർക്കുന്നുവെന്ന് ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ. അന്ന് ആ തമാശ കേട്ട് നമ്മൾ ഏറെ ചിരിച്ചുവെന്നും എന്നാൽ പിന്നീട് താടി നരക്കുന്നതിനേക്കാൾ നിങ്ങളിലും നിങ്ങൾക്ക് ചുറ്റും കൂടുതൽ വളർച്ചയാണ് കണ്ടതെന്നും അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സുദീർഘമായ കുറിപ്പിൽ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലി പടിയിറങ്ങിയതോടെയാണ് ഭാര്യ അനുഷ്‌ക ശർമ ഇൻസ്റ്റഗ്രാമിൽ വൈകാരിക കുറിപ്പ് പോസ്റ്റ് ചെയ്തത്. ദക്ഷിണാഫ്രിക്കയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ട ശേഷമാണ് വിരാട് കോഹ്‌ലി നായക സ്ഥാനത്ത് നിന്ന് പിൻവാങ്ങിയത്.


'ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റനെന്ന നിലയിൽ നിങ്ങളുടെ നേതൃത്വത്തിൽ രാജ്യം നേടിയ നേട്ടങ്ങളിൽ ഞാൻ ഏറെ അഭിമാനിക്കുന്നു, നിങ്ങളിലുണ്ടായ വളർച്ചയിൽ അതിലേറെ അഭിമാനിക്കുന്നു. 2014ൽ നിങ്ങൾ ഏറെ ചെറുപ്പക്കാരനും പുതുമുഖവുമായിരുന്നു. നല്ല ചിന്തയും പോസിറ്റീവായ പ്രവർത്തനങ്ങളും ആഗ്രഹങ്ങളും ജീവിതത്തിൽ താങ്കളെ മുന്നോട്ട് നയിക്കും, എന്നാൽ വെല്ലുവിളികൾ തീർച്ചയായുമുണ്ടാകും, താങ്കൾക്കുണ്ടായവയിൽ പലതും കളിക്കളത്തിലായിരുന്നില്ല. എന്നാൽ ജീവിതമിതാണ്' അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

'നിങ്ങൾ തീരെ പ്രതീക്ഷിക്കാത്ത, എന്നാൽ ആവശ്യമുള്ളയിടങ്ങളിൽ വെല്ലുവിളികൾ നേരിടേണ്ടിവന്നു. എന്നാൽ എന്റെ പ്രിയനേ, നല്ല ലക്ഷ്യങ്ങൾക്ക് മുമ്പിൽ ഒന്നും തടസ്സമാകാൻ താങ്കൾ അനുവദിച്ചില്ല. നിങ്ങൾ ധീരമായി നയിച്ച് വിജയം നേടി, കളിക്കളത്തിൽ മുഴുവൻ ഊർജവും ചെലവഴിച്ചു, ചിലപ്പോൾ പരാജയപ്പെട്ട് കണ്ണുനീരുമായിരുന്നപ്പോൾ ഞാൻ കൂടെയിരുന്നു. ഇനിയും എന്തെങ്കിലും ചെയ്യാമായിരുന്നോയെന്ന് ചിന്തിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് താങ്കൾ. എല്ലാവരും അങ്ങനെയാകണമെന്ന് താങ്കൾ പ്രതീക്ഷിച്ചു' അനുഷ്‌ക കുറിപ്പിൽ പറഞ്ഞു.


'താങ്കൾ വേറിട്ട വ്യക്തിത്വമുള്ളവനും നേർക്കുനേർ നീങ്ങുന്നവനുമായിരുന്നു. നിങ്ങളുടെ ഭാവങ്ങളാണ് എന്റെയും ആരാധകരുടെയും കണ്ണിൽ താങ്കളെ മഹാനാക്കുന്നത്. നിങ്ങളുടെ ഉദ്ദേശ്യങ്ങൾ എപ്പോഴും കലർപ്പില്ലാത്തും ശുദ്ധവുമായിരുന്നു. എല്ലാവർക്കും അവ മനസ്സിലാക്കാൻ സാധിക്കില്ല, നേരിട്ട് കാണുന്ന കാഴ്ചകൾക്കപ്പുറം താങ്കളെ മനസ്സിലാക്കിയവർ ഭാഗ്യവാന്മാർ' അനുഷ്‌ക അഭിപ്രായപ്പെട്ടു.


'താങ്കൾ എല്ലാം തികഞ്ഞവനല്ല, കുറവുകളുണ്ട്. പക്ഷേ അവ ഒരിക്കലും മറച്ചുവെക്കാൻ ശ്രമിച്ചില്ല. നിലകൊണ്ടതെല്ലാം ശരിയായ കാര്യങ്ങൾക്കായിരുന്നു. അവ പലപ്പോഴും കടുത്തതായിരുന്നു. നിങ്ങൾ അത്യാഗ്രഹത്തോടെ ഒരു സ്ഥാനത്തും കടിച്ചുതൂങ്ങിയില്ല, ഈ (ടെസ്റ്റ് ക്യാപ്റ്റൻ) സ്ഥാനത്ത് പോലും തുടർന്നില്ല. അതെനിക്കറിയാം. ഏതെങ്കിലും സ്ഥാനത്ത് പിടിച്ചുനിൽക്കുന്നവർ അവരെ സ്വയം ചെറുതാക്കുകയാണ്. ഏന്റെ പ്രിയനേ, നിങ്ങൾ പരിധിയില്ലാത്തവനാണ്. നമ്മുടെ മകൾ ഈ ഏഴു വർഷത്തെ പാഠങ്ങൾ തിരിച്ചറിയും.' കോഹ്‌ലിയുടെ പ്രിയതമ വൈകാരികമായി എഴുതി.

റണ്‍മെഷീനില്‍ നിന്ന് ക്യാപ്റ്റന്‍സിയിലേക്ക്

2014 ഡിസംബറിലെ ആസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ ക്യാപ്റ്റന്‍ ധോണി അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുന്നു. കോഹ്‍‍ലി അങ്ങനെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിലെ ഇന്ത്യന്‍ ടീമിന്‍റ നായകസ്ഥാനം ഏറ്റെടുക്കുന്നു. ആദ്യ ടെസ്റ്റില്‍ 48 റണ്‍സിന്‍റെ തോല്‍വി, രണ്ടാം ടെസ്റ്റില്‍ നാല് വിക്കറ്റിന്‍റെ തോല്‍വി മൂന്നും നാലും ടെസ്റ്റ് സമനിലയില്‍. ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തുന്ന ഒരാളെ സംബന്ധിച്ച് ഏറ്റവും മോശം തുടക്കം. പക്ഷേ തോറ്റുകൊടുക്കാന്‍ കോഹ്‍ലി തയ്യാറല്ലായിരുന്നു. ഇന്ത്യന്‍ നായകന്മാരില്‍ എല്ലാ ഫോ‍‍ര്‍മാറ്റുകളിലുമായി ഏറ്റവുമധികം വിജയശരാശരി നേടിയ നായകനെന്ന പകിട്ടോടെയാണ് കോ‍ഹ്‍ലി പടിയിറങ്ങുന്നത്. 2019ലെ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനിടയിലാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍ എന്ന നേട്ടത്തില്‍ കോഹ്‍ലി ധോണിയെ മറികടക്കുന്നത്. 68 ടെസ്റ്റില്‍ കോഹ് ലി ഇന്ത്യയെ നയിച്ചപ്പോള്‍ 40 ടെസ്റ്റില്‍ ടീം വിജയതീരം തൊട്ടു. വിജയശരാശരി 59 നും മുകളില്‍.

ഏകദിനത്തിലെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

95 ഏകദിന മത്സരങ്ങളിലാണ് കോഹ‍്‍ലി ഇന്ത്യന്‍ ടീമിനെ നയിച്ചത്. അതില്‍ 65 കളികളും ഇന്ത്യന്‍ ടീം വിജയിച്ചു. ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ക്യാപ്റ്റന്മാരില്‍ നാലാം സ്ഥാനത്താണ് കോഹ്‍ലി. 200 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച എം.എസ് ധോണിയാണ് പട്ടികയിലെ ഒന്നാമന്‍. പക്ഷേ വിന്നിങ് ആവറേജില്‍ മറ്റ് മൂന്ന് പേരേക്കാളും ബഹുദൂരം മുന്നിലാണ് വിരാടിലെ ക്യാപ്റ്റന്‍റെ ശരാശരി.

വിരാട് ക്യാപ്റ്റനായി എത്തിയ മത്സരങ്ങളില്‍ 70 .43 ശതമാനം മത്സരങ്ങളിലും ടീം ഇന്ത്യ വിജയിച്ചു. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഇന്ത്യയെ നയിച്ച ധോണിയുടെ വിജയശരാശരി 59 ശതമാനം മാത്രമാണ്. 174 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച അസ്ഹറുദ്ദീന് 54 ശതമാനം മത്സരങ്ങളില്‍ മാത്രമാണ് ടീമിനെ വിജയിപ്പിക്കാനായത്. 147 മത്സരങ്ങളി‍ല്‍ ടീമിനെ നയിച്ച ഗുലിക്കാകട്ടെ 53 ശതമാനം മത്സരങ്ങളിലാണ് ടീമിനെ ജയിപ്പിക്കാനായത്.

നിർഭാഗ്യങ്ങളുടെ നായകന്‍

കോഹ്‍ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ കളിച്ചത് നാല് ഐ.സി.സി ടൂർണമെന്‍റുകളാണ്. ഇതിൽ രണ്ടെണ്ണത്തിൽ ഫൈനലിൽ പരാജയപ്പെട്ടു. 2019 ഏകദിന ലോകകപ്പിൽ സെമിയിൽ തോൽവി വഴങ്ങി. 2020 ഇല്‍ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. അവിടെയും പടിക്കല്‍ കലമുടച്ചു. ഫൈനലില്‍ തോല്‍വി. 2021 ടി20 ലോകകപ്പിലാകട്ടെ സെമിയിലെത്താന്‍ പോലും കഴിഞ്ഞില്ല.

ഐ.പി.എല്‍

ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ക്യാപ്റ്റൻസി 2013 മുതൽ തുടർച്ചയായി 10 വർഷം കോഹ്‍ലിക്കായിരുന്നു. എന്നാൽ അവിടെയും കിരീട ഭാഗ്യം കോഹ്‍ലിയെ തുണച്ചില്ല. പല സീസണിലും ടീം പ്ലേ ഓഫ് കടന്നതുപോലുമില്ല. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളിലും നായകനായി മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ടായിട്ടും കിരീട ഭാഗ്യം ഇല്ലാതെ പോയ അപൂര്‍വ നായകന്മാരില്‍ ഒരാളായി കോഹ്‍ലി ഇന്നും നിസ്സഹായനായി നില്‍ക്കുന്നു.

ടി20 പ്രകടനം

എം എസ് ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷം 2017 ജനുവരിയിലാണ് വിരാട് കോഹ്‍ലി മുഴുവന്‍ സമയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്തേക്ക് എത്തുന്നത്. കോഹ്‍‌ലിയുടെ ക്യാപ്റ്റന്‍സിയിൽ 50 ടി20 മത്സരങ്ങൾ ഇന്ത്യ കളിച്ചു. അതിൽ 30 ജയം നേടാന്‍ ടീമിനായി... 65 ശതമാനത്തോളം വിജയശരാശരി... 93 ടി20 മത്സരങ്ങളിൽ നിന്നായി 52 ശരാശരിയിൽ 3227 റൺസ്. ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും ടി20 യില്‍ കോ‍ഹ്‍ലിയുടെ ട്രാക്ക് റെക്കോർഡ് അത്രമോശമല്ല. എങ്കിലും നായകസ്ഥാനത്തെ ഭാഗ്യദോഷം കരിയറിൽ ഉടനീളം കോഹ്‍ലിയെ പിന്തുടർന്നുവെന്ന് പറയാം.

ടി20 നായകസ്ഥാനം ഏറ്റെടുത്ത ആദ്യ മത്സരത്തിൽ തന്നെ ഇംഗ്ലണ്ടിനോട് തോൽവി. ടെസ്റ്റിലും ക്യാപ്റ്റനായുള്ള ആദ്യമത്സരം കോഹ‍്‍ലിക്ക് പരാജയമാണ് സമ്മാനിച്ചത്. പക്ഷേ ടി20 യില്‍ ആദ്യ മത്സരത്തില്‍ തന്നെ തോറ്റ ക്യാപ്റ്റന്‍ എന്ന ദുഷ്പേരിനോട് ചേർത്ത് ടോസ് ഭാഗ്യമില്ലാത്ത നായകൻ എന്നും പിന്നീട് കോഹ്‍ലിയെ വിളിക്കപ്പെട്ടു. കോഹ്‍ലിയുടെ നായകത്വത്തില്‍ ടീം ഇന്ത്യ കളിച്ച അവസാന ടി20 ലോകകപ്പില്‍ നിര്‍ണായ മത്സരങ്ങളിലെല്ലാം കോഹ്‍ലിക്ക് ടോസ് നഷ്ടമായി. നായകനായ 50 ടി20 മത്സരങ്ങളില്‍ 30 കളികളിലും കോഹ്‍ലിക്ക് ടോസ് നഷ്ടപ്പെട്ടു കോഹ്‍ലി മൂന്ന് ഫോർമാറ്റിലും ലോക റാങ്കിങിൽ ഒന്നാമതുള്ളപ്പോൾ അയാൾ ടീമിന്‍റെ നായകൻ മാത്രമായിരുന്നില്ല, റൺ മെഷീനും കൂടിയായിരുന്നു. മൂന്ന് ഫോർമാറ്റിലും കോഹ്‍ലി ഒന്നാം റാങ്കിൽ നിന്ന് വീണ സമയത്ത് തന്നെയാണ് കോഹ്‍‍ലി ടി 20 ക്യാപ്റ്റൻസി ഒഴിയുന്നതും. ടി20 ലോകകപ്പ് തോല്‍വിക്കു പിറകെയാണ് കോഹ്ലി ടി20 ഫോര്‍മാറ്റിലെ നായകസ്ഥാനമൊഴിഞ്ഞത്.

ദ്രാവിഡ യുഗം

രവി ശാസ്ത്രിയില്‍ നിന്ന് ഇന്ത്യന്‍ ടീമിന്‍റെ മുഖ്യപരിശീലക സഥാനം ഏറ്റെടുത്ത് രാഹുല്‍ ദ്രാവിഡ് എത്തിയതിന് പിന്നാലെയാണ് കോഹ്‍ലിക്ക് ഏകദിന ടീമിന്‍റെ നായകസ്ഥാനം നഷ്ടപ്പെടുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോഴാണ് കോഹ്‍ലിയെ നായകസ്ഥാനത്തുനിന്ന് മാറ്റിയത് താരം പോലും അറിയുന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഏകദിന ടീമിന്‍റെ നായകസ്ഥാനത്ത് നിന്ന് നീക്കിയതിലെ അതൃപ്തി കോഹ്‍ലി വാര്‍ത്താസമ്മേളനത്തില്‍ പരസ്യമാക്കിയിരുന്നു. ടീം സെലക്ഷന് ഒന്നര മണിക്കൂർ മുൻപ് മാത്രമാണ് നായകസ്ഥാനത്ത് നിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യം തന്നെ അറിയിച്ചതെന്നും കോഹ്‍ലി പറഞ്ഞു. ഇതോടെ കോഹ്ലി യുഗത്തിന് അവസാനമായി എന്ന് പറയുന്നവരുടെ വാക്കുകളുടെ മൂർച്ച കൂടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇതിനെല്ലാം താരം മറുപടി പറയുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് പരമ്പര തോല്‍വിയോടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയും ഒഴിയാന്‍ കോഹ്‍ലി തയ്യാറായത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരതോല്‍വിക്കു പിറകെയാണ് കോഹ്ലിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് പ്രഖ്യാപനം ടീമിനെ ശരിയായ ദിശയിലെത്തിക്കാനായുള്ള നിരന്തരം പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഏഴുവർഷമാണ് പിന്നിടുന്നതെന്ന് കോഹ്ലി ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞു. അത്യധികം സത്യസന്ധതയോടെയാണ് ഞാൻ ജോലി ചെയ്തത്. ഒന്നും ബാക്കിവച്ചിട്ടില്ല. എല്ലാ കാര്യങ്ങൾക്കും ഒരുഘട്ടമെത്തിയാൽ അവസാനമുണ്ടാകും. ഇന്ത്യന്‍ ടെസ്റ്റ് നായകനെന്ന നിലയ്ക്കുള്ള എന്‍റെ അന്ത്യമാണിപ്പോള്‍- വികാരഭരിതമായ വിരമിക്കല്‍ കുറിപ്പിൽ കോഹ്ലി പറഞ്ഞു.

Wife Bollywood Actress Anushka Sharma's emotional post on Virat Kohli's resignation From Indian Test Team Captaincy,

TAGS :

Next Story