രണ്ട് ഇന്നിങ്‌സിലുമായി ഒൻപത് വിക്കറ്റ്; തിരിച്ചുവരവിനൊരുങ്ങി അർജുൻ ടെണ്ടുൽക്കർ
രഞ്ജി ട്രോഫി പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് യുവതാരം ഫോമിൽ തിരിച്ചെത്തിയത്.
ബെംഗളൂരു: ആഭ്യന്തര സീസണിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത് അർജുൻ ടെണ്ടുൽക്കർ. ഡോ. കെ. തിമ്മപ്പയ്യ മെമ്മോറിയൽ ടൂർണമെന്റിൽ ഗോവയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ 24 കാരൻ രണ്ടിന്നിങ്‌സിലുമായി ഒൻപത് വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഇലവനെതിരെയാണ് മത്സരം. മത്സരം ഗോവ 189 റൺസിന് ജയിക്കുകയും ചെയ്തു.
അർജുൻ 26.3 ഓവർ എറിഞ്ഞ് 87 റൺസ് വിട്ടുനൽകിയാണ് സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ കൂടിയായ അർജുൻ ഒൻപത് വിക്കറ്റ് നേടിയത്. ആദ്യ ഇന്നിംഗ്സിൽ അഞ്ചും രണ്ടാം ഇന്നിംഗ്സിൽ നാലും വിക്കറ്റാണ് നേടിയത്. അർജുന്റെ ബൗളിംഗിന് മുന്നിൽ കർണാടക 36.5 ഓവറിൽ 103 റൺസിന് എല്ലാവരും പുറത്തായി. 52 റൺസെടുത്ത അക്ഷൻ റാവുവാണ് ടീമിന്റെ ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ഗോവ 413 റൺസ് നേടി. 109 റൺസെടുത്ത അഭിനവ് തെജ്രാണ ഉയർന്ന സ്‌കോർ നേടി. 310 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഗോവയ്ക്കുണ്ടായിരുന്നത്. പിന്നാലെ രണ്ടാം ഇന്നിംഗ്സിനെത്തിയ കർണാടക 121ന് ഓൾഔട്ടായി. 10 ഓവർ എറിഞ്ഞ അർജുൻ 55 റൺസ് വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്.
2022-23 സീസണിൽ ഗോവക്കായാണ് അർജുൻ രഞ്ജി ട്രോഫിയിൽ അരങ്ങേറിയത്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്നായി 21 വിക്കറ്റുകളും നേടി. ഐ.പി.എൽ മുംബൈ ഇന്ത്യൻസിനായി അഞ്ച് മത്സരങ്ങളിലാണ് ഇതുവരെ ഇറങ്ങിയത്. ഐ.പി.എൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാതിരുന്ന യുവതാരത്തിന്റെ ശക്തമായ മടങ്ങിവരവാണിത്.
Adjust Story Font
16