മുംബൈക്കായി അരങ്ങേറാൻ അർജുൻ തെണ്ടുൽക്കർ: സൂചനയുമായി രോഹിത് ശർമ്മ
അര്‍ജുനെ സെലക്ഷനായി പരിഗണിക്കുമെന്ന് പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും വ്യക്തമാക്കി
അര്‍ജുന്‍ തെണ്ടുല്‍ക്കര്‍
മുംബൈ: കഴിഞ്ഞ രണ്ട് സീസണുകളിലായി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ തെണ്ടുൽക്കർ മുംബൈ ഇന്ത്യൻസിനൊപ്പമുണ്ടെങ്കിലും ഇതുവരെ പ്ലേയിങ് ഇലവനിലേക്ക് എത്തിയിട്ടില്ല. കഴിഞ്ഞ സീസണിൽ മുംബൈ നിലംതൊട്ടില്ലെങ്കിലും താരത്തിന് അവസരം കൊടുത്തിരുന്നില്ല. അർജുനെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം നായകൻ രോഹിത് ശർമ്മക്ക് മുന്നിലുമെത്തി
എന്നാൽ താരത്തെ നിരാശപ്പെടുത്തില്ലെന്നായിരുന്നു രോഹിത് ശർമ്മയുടെ മറുപടി. ബൗളിങ് കൊണ്ട് പലരുടെയും പ്രശംസപിടിച്ചുപറ്റാൻ അർജുന് ആയെന്നും തീർച്ചയായും ടീം സെലക്ഷനിൽ അദ്ദേഹത്തെയും പരിഗണിക്കുമെന്നും മുംബൈ ഇന്ത്യൻസ് പരിശീലകൻ മാർക്ക് ബൗച്ചറും വ്യക്തമാക്കി. അർജുന്റെ പരിക്ക് മാറിവരുന്നേയുള്ളൂ, കഴിഞ്ഞ ആറ് മാസമായി മികച്ച ക്രിക്കറ്റാണ് അർജുൻ കളിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ബൗളിങിന്റെ കാര്യത്തിൽ. അതിനാൽ തന്നെ അർജുനെ സെലക്ഷന് പരിഗണിക്കും- മാർക്ക്ബൗച്ചർ കൂട്ടിച്ചേർത്തു.
അതേസമയം രോഹിത് ശർമ്മക്ക് ചില മത്സരങ്ങളിൽ വിശ്രമം അനുവദിക്കുമെന്ന കാര്യത്തിലും ബാർക്ക്ബൗച്ചർ നിലപാട് വ്യക്തമാക്കി. ടീമിന്റെ നായകനാണ് രോഹിത് എന്നും ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് രോഹിത് തന്നെയാണെന്നും മാർക്ക്ബൗച്ചർ കൂട്ടിച്ചേർത്തു. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ഏകദിനലോകകപ്പ് എന്നിവ മുന്നിൽനിർത്തി രോഹിതിന് ചില മത്സരങ്ങളിൽ വിശ്രമം അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകൾ സജീവമായിരുന്നു. ബി.സി.സി.ഐ ഇതുസംബന്ധിച്ച് മുംബൈ ഇന്ത്യൻസുമായി സംസാരിച്ചെന്നാണ് വിവരം. പരിക്കേൽക്കുന്ന സാഹചര്യം കുറക്കാൻ വേണ്ടിയാണ് രോഹിതിന് വിശ്രമം അനുവദിച്ചുള്ള ബി.സി.സി.ഐയുടെ നീക്കം.
അതേസമയം പഴയ രൂപത്തിലേക്ക് ഐ.പി.എൽ എത്തുന്നു എന്നതാണ് പതിനാറാം സീസണെ വേറിട്ട് നിർത്തുന്നത്. ഹോം, എവെ മത്സരങ്ങളൊക്കെ ഇക്കുറി ഐ.പിഎല്ലിന്റെ ഭാഗമാകും.
Adjust Story Font
16