Quantcast

കോഹ്‌ലിയുടെ അസാന്നിധ്യം ഇന്ത്യ അറിഞ്ഞിരിക്കും; ജോഹന്നസ്ബർഗിലെ തോൽവി വിലയിരുത്തി ആശിഷ് നെഹ്‌റ

അസുഖത്തെ തുടർന്ന് കോഹ്‌ലി പുറത്തിരുന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്

MediaOne Logo

Sports Desk

  • Published:

    7 Jan 2022 12:51 PM GMT

കോഹ്‌ലിയുടെ അസാന്നിധ്യം ഇന്ത്യ അറിഞ്ഞിരിക്കും; ജോഹന്നസ്ബർഗിലെ തോൽവി വിലയിരുത്തി ആശിഷ് നെഹ്‌റ
X

ജോഹന്നസ് ബർഗിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടതിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അസാന്നിധ്യവും കാരണമായതായി മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റ. അസുഖത്തെ തുടർന്ന് കോഹ്‌ലി പുറത്തിരുന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ബാറ്ററെന്ന വിരാട് കോഹ്‌ലിയില്ലാതിരുന്നത് ഇന്ത്യയെ ബാധിച്ചുവെന്നും അത് മത്സരഫലത്തെ സ്വാധീനിച്ചുവെന്നും മുൻ ഇന്ത്യൻ പേസറായ നെഹ്‌റ അഭിപ്രായപ്പെട്ടു. കോഹ്‌ലിയെ കുറിച്ച് പറയുമ്പോൾ അപസ്വരങ്ങൾ ഉണ്ടാകാമെന്നും ഈ 33 കാരനെ ടീം ഇന്ത്യ മിസ് ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം ഉണ്ടായിരുന്നുവെങ്കിൽ വിജയിക്കുമായിരുന്നുവെന്ന് താൻ പറയുന്നില്ലെന്നും ക്രിക്ബസിൽ സംസാരിക്കവേ നെഹ്‌റ അഭിപ്രായപ്പെട്ടു. ഏപ്പോഴും സജീവമായിരുന്നു കോഹ്‌ലിയെന്നും അതിനർത്ഥം ഇന്ത്യൻ ടീം ഊർജമില്ലാത്തതല്ലെന്നും കഴിഞ്ഞ കളിയിൽ റിഷഭ് പന്തും ജസ്പ്രീത് ബുംറയുമൊക്കെ ഊർജസ്വലരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 36 റൺസിന് പുറത്തായ അഡലൈയ്ഡിൽ ആസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റിൽ കോഹ്‌ലി മികച്ച പ്രകടനം നടത്തിയിട്ടും ടീം പരാജയപ്പെട്ടിരുന്നുവെന്നും നെഹ്‌റ ഓർമിപ്പിച്ചു. കോഹ്‌ലയില്ലാതിരുന്ന മെൽബണിൽ നടന്ന തൊട്ടടുത്ത ടെസ്റ്റിൽ നായകൻ അജിങ്ക്യാ രഹാനെയുടെ സെഞ്ച്വറി മികവിൽ ടീം ജയിച്ചതും അദ്ദേഹം അനുസ്മരിച്ചു.

ഇപ്പോൾ നടക്കുന്ന മൂന്നു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയം നേടിയിരിക്കുകയാണ്. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയാണ് ജയിച്ചിരുന്നത്. ജനുവരി 11 ന് കാപ്ടൗണിൽ നടക്കുന്ന അവസാന ടെസ്റ്റ് ഇതോടെ നിർണായകമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ നാട്ടിൽ ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റ് പരമ്പരയും നേടിയിട്ടില്ല. അവസാന ടെസ്റ്റിൽ കോഹ്‌ലി കളിക്കും.

രണ്ടാം ടെസ്റ്റിൽ നടന്നത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാംദിനം മഴമൂലം ഏറെനേരം കളി തുടങ്ങാൻ വൈകിയപ്പോൾ ഇന്ത്യൻ ആരാധകരെല്ലാം പ്രതീക്ഷയിലായിരുന്നു. മൂന്നാംദിനം കളിനിർത്തുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 122 റൺസ്. കൈയിൽ രണ്ടു പൂർണദിവസവും എട്ട് വിക്കറ്റും. അത്ഭുതങ്ങൾ മാത്രം സംഭവിക്കണം ഇന്ത്യയ്ക്ക് ജയിക്കാൻ. എന്നാൽ, രാവിലെ വന്ന മഴ അങ്ങനെയൊരു അത്ഭുതമായല്ല. നായകൻ ഡീൻ എൽഗാറിന്റെ അത്യുജ്ജ്വലമായ പോരാട്ടത്തിന്റെ കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റിന്റെ അവിസ്മരണീയ ജയം. മൂന്നാംദിനം ഇന്ത്യ ഉയർത്തിയ 240 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടിന് 118 എന്ന ശക്തമായ നിലയിലായിരുന്നു കളിനിർത്തിയത്. തലേന്ന് നിർത്തിയിടത്തുനിന്നു തുടങ്ങുകയായിരുന്നു എൽഗാറും റസി വാൻ ഡസ്സനും ഇന്ന്. മൂന്നാംദിനം ഇന്ത്യൻ ബൗളർമാർ തലങ്ങും വിലങ്ങും ബൗൺസറുകളും ഷോർട്ട് ബോളുകളുമെറിഞ്ഞ് പ്രകോപിപ്പിച്ചിട്ടും മഹാമേരുവായി ഉറച്ചുനിന്ന നായകൻ മുന്നിൽനിന്ന് പടനയിച്ചു. ഒരു വശത്ത് എൽഗാർ പ്രതിരോധക്കോട്ട തീർത്ത് മുന്നേറിയപ്പോൾ മറുവശത്ത് ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചായിരുന്നു ഡസ്സന്റെ പോരാട്ടം. ഇതിനിടയിൽ അർധസെഞ്ച്വറിയും കടന്നു എൽഗാർ.

എൽഗാർ-ഡസ്സൻ കൂട്ടുകെട്ടിൽ വശംകെട്ട ഇന്ത്യയ്ക്ക് ഒടുവിൽ നേരിയതെങ്കിലും ആശ്വസിക്കാനുള്ള വകനൽകി മുഹമ്മദ് ഷമിയുടെ ബ്രേക്ത്രൂ. 92 പന്തിൽ അഞ്ച് ബൗണ്ടറിയോടെ അർധസെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഡസ്സനെ(40) ഷമി ലെങ്ത് ബൗളിൽ ചേതേശ്വർ പുജാരയുടെ കൈയിലെത്തിച്ചു. ഡസ്സൻ മടങ്ങിയെങ്കിലും എൽഗാർ ഇളകിയില്ല. അഞ്ചാമനായെത്തിയ തെംബ ബാവുമയെ കൂട്ടുപിടിച്ചായി പിന്നീട് പോരാട്ടം. ഒടുവിൽ അർഹിച്ച സെഞ്ച്വറിക്ക് വെറും നാല് റൺസ് മാത്രം അകലെ ബൗണ്ടറിയിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു താരം. ബാവുമ 45 പന്തിൽ മൂന്ന് ബൗണ്ടറി സഹിതം 23 റൺസുമായി മറുവശത്ത് പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കൻ ബൗളർമാർ രണ്ട് ഇന്നിങ്സിലും ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് വലിയ ഭീഷണിയാണുയർത്തിയത്. എന്നാൽ, അതിനു കൃത്യമായ മറുപടി നൽകാൻ ഇന്ത്യൻ ബൗളർമാർക്കായില്ല. ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റ് കൊയ്ത ഷർദുൽ താക്കൂറിന്റെ മാജിക് ബ്രേക്ത്രൂ പ്രതീക്ഷിച്ച ആരാധകർക്കും നിരാശയായിരുന്നു ഫലം. രണ്ടാം ഇന്നിങ്സിൽ ഷമി, താക്കൂർ, അശ്വിൻ എന്നിവർക്ക് ഓരോ വിക്കറ്റ് മാത്രമാണ് നേടാനായത്.

Former India Cricketer Ashish Nehra has blamed the absence of captain Virat Kohli for India's defeat in the second Test against South Africa in Johannesburg.

TAGS :

Next Story