‘എല്ലാം പെട്ടെന്നായിരുന്നു’; വിരമിക്കലിന് പിന്നാലെ നാട്ടിലെത്തി ആർ. അശ്വിൻ
ചെന്നൈ: വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടിലേക്ക് തിരിച്ചെത്തി ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. ബോർഡർ-ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട അശ്വിൻ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിൽ അശ്വിനെ സ്വീകരിക്കാനെത്തി.
‘‘ഞാൻ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കാൻ പോകുകയാണ്. ഒരുപാട് കാലം കളിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. അശ്വിനെന്ന ക്രിക്കറ്റർ അവസാനിച്ചുവെന്ന് ഞാൻ കരുതുന്നില്ല. അശ്വിനെന്ന ഇന്ത്യൻ ക്രിക്കറ്ററുടെ കരിയർ മാത്രമാണ് അവസാനിച്ചത്’’
‘‘പലർക്കും വിരമിക്കൽ ഒരു വൈകാരിക നിമിഷമാകും. പക്ഷേ എനിക്കിത് ആശ്വാസത്തിന്റെയും സംതൃപ്തിയുടേയും നിമിഷമാണ്’’-അശ്വിൻ പ്രതികരിച്ചു.
ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യമത്സരത്തിൽ അശ്വിനെ കളത്തിലിറക്കിയിരുന്നില്ല. രണ്ടാം ടെസ്റ്റിൽ ഇടം ലഭിച്ചെങ്കിലും തിളങ്ങാനായിരുന്നില്ല. തുടർന്ന് മൂന്നാം മത്സരത്തിൽ അശ്വിനെ വീണ്ടും പുറത്തിരുത്തി. രവീന്ദ്ര ജഡേജ ഫോമിലായിരിക്കേ പേസ് ബൗളിങ്ങിനെ പിന്തുണക്കുന്ന തുടർ ടെസ്റ്റുകളിൽ കളത്തിലിറക്കില്ല എന്ന തിരിച്ചറിവിലാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. പരമ്പരയുടെ പാതിവഴിയിൽ വെച്ച് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചതിൽ വിമർശനവുമായി സുനിൽ ഗവാസ്കർ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
അനിൽ കുംബ്ലെക്ക് ശേഷം ഇന്ത്യക്കായി ടെസ്റ്റിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായ അശ്വിൻ നിർണായക മത്സരങ്ങളിലെല്ലാം ഇന്ത്യയുടെ രക്ഷക്കെത്തിയ താരമാണ്. 13 വർഷത്തെ ദീർഘകരിയറിലായി 537 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യക്കായി 106 ടെസ്റ്റിലും 116 ഏകദിനത്തിലും 65 ടി20യിലും താരം കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റിലുമായി 775 വിക്കറ്റാണ് നേടിയത്.
Adjust Story Font
16