മകൻ വിരമിച്ചത് സഹിച്ചുമടുത്തിട്ടെന്ന് അച്ഛൻ; ‘ഡേയ് ഫാദർ എന്നെടാ ഇതെല്ലാമെന്ന്’ അശ്വിന്റെ മറുപടി
ചെന്നൈ: ഇന്ത്യൻ സ്പിന്നർ ആർ. അശ്വിന്റെ അപ്രതീക്ഷിത വിരമിക്കൽ നിരന്തരമായ അപമാനത്തെ തുടർന്നെന്ന് അച്ഛൻ രവിചന്ദ്രൻ. വൈകാതെ അച്ഛന് മാധ്യമങ്ങളോട് സംസാരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലെന്ന വിശദീകരണവുമായി അശ്വിനും രംഗത്തെത്തി.
‘‘അശ്വിന്റെ വിരമിക്കൽ വൈകാരികമാണ്. അവൻ 15 വർഷത്തോളമായി കളത്തിലുള്ളയാളാണ്. പെട്ടെന്നുള്ള മാറ്റങ്ങളും വിരമിക്കലും ഒരു ഷോക്കായിരുന്നു. നിരന്തരമായ അപമാനിക്കലിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ഞാൻ കരുതുന്നു. എത്രകാലമാണ് അവനിതെല്ലാം സഹിക്കുക?.അതുകൊണ്ടാകും അവൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ടാകുക. ഞാനും കാര്യങ്ങൾ അവസാന നിമിഷമാണ് അറിഞ്ഞത്’’-അശ്വിന്റെ പിതാവ് രവിചന്ദ്രൻ പ്രതികരിച്ചു.
പ്രതികരണം വിവാദമായതോടെ മറുപടിയുമായി അശ്വിൻ എത്തി. ‘‘എന്റെ പിതാവിന് മാധ്യമങ്ങളെ കാണാനറിയില്ല. ‘ഡോയ് ഫാദർ എന്നടാ ഇതെല്ലാം’. പ്രസ്താവനയിറക്കുന്ന പിതാക്കൻമാരുടെ ‘പാരമ്പര്യം’ താങ്കളും പിന്തുടരുമെന്ന് കരുതിയില്ല. അദ്ദേഹത്തോട് പൊറുക്കണം. അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിടണം’’ -അശ്വിൻ സമൂഹമാധ്യമായ എക്സിൽ കുറിച്ചു.
വിരമിക്കലിന് പിന്നാലെ ആസ്ട്രേലിയയിൽ നിന്നും തിരിച്ചെത്തിയിരുന്നു. ബോർഡർ-ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട അശ്വിൻ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിൽ അശ്വിനെ സ്വീകരിക്കാനെത്തി.
ഓസീസിനെതിരായ ആദ്യ ടെസ്റ്റിൽ അശ്വിനെ കളത്തിലിറക്കിയിരുന്നില്ല. രണ്ടാം ടെസ്റ്റിൽ ഇടം ലഭിച്ചെങ്കിലും തിളങ്ങാനുമായില്ല. തുടർന്ന് മൂന്നാം മത്സരത്തിൽ അശ്വിനെ വീണ്ടും പുറത്തിരുത്തി. രവീന്ദ്ര ജഡേജ ഫോമിലായിരിക്കേ പേസ് ബൗളിങ്ങിനെ പിന്തുണക്കുന്ന തുടർ ടെസ്റ്റുകളിൽ സ്പിന്നറായ തന്നെ കളത്തിലിറക്കില്ല എന്ന തിരിച്ചറിവിലാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ടുകൾ. പരമ്പരയുടെ പാതിവഴിയിൽ വെച്ച് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചതിൽ വിമർശനവുമായി സുനിൽ ഗവാസ്കർ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
Adjust Story Font
16