ബംഗ്ലാ കടുവകളെ തകർത്ത് കംഗാരുപ്പട; ആസ്‌ത്രേലിയൻ വിജയം എട്ട് വിക്കറ്റിന്
177 റൺസെടുത്ത മിച്ചൽ മാർഷാണ് കളിയിലെ താരം
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ആസ്‌ത്രേലിയക്ക് എട്ട് വിക്കറ്റിന്റെ വിജയം. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാ കടുവകൾ മുന്നോട്ടുവെച്ച 307 റൺസ് വിജയലക്ഷ്യം ആസ്‌ത്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 44.4 ഓവറിലാണ് ടീം ലക്ഷ്യം കണ്ടത്. 132 പന്തിൽ 177 റൺസെടുത്ത മിച്ചൽ മാർഷാണ് കളിയിലെ താരം. സ്റ്റീവ് സ്മിത്തും (63) ഡേവിഡ് വാർണറും(53) ഓസീസിനായി അർധസെഞ്ച്വറി നേടി.
പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ആസ്‌ത്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തൗഹീദ് ഹൃദോയി(74), നജ്മുൽ ഹുസൈൻ ഷാന്റോ (45), തൻസിദ് ഹസൻ (36) എന്നിവരുടെ മികവിൽ ടീം തരക്കേടില്ലാത്ത സ്‌കോർ നേടുകയായിരുന്നു.
ബൗളിംഗിൽ ഓസീസിനായി ആദം സാംപ, സീൻ അബോട്ട്, മർകസ് സ്‌റ്റോണിസ് എന്നിവരാണ് മികവ് പ്രകടിപ്പിച്ചത്. സാംപയും അബോട്ട് രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സ്‌റ്റോണിസ് ഒരു വിക്കറ്റ് നേടി.
ബംഗ്ലാ നിരയിൽ ടസ്‌കിൻ അഹമദും മുസ്തഫിസുറഹ്മാനും ഓരോ വിക്കറ്റ് വീഴ്ത്തി. എന്നാൽ 61ഉം 76ഉം റൺസ് വഴങ്ങി. ഒമ്പത് ഓവറെറിഞ്ഞ മെഹ്ദി ഹസൻ 38 റൺസ് മാത്രമാണ് വഴങ്ങിയതെങ്കിലും വിക്കറ്റൊന്നും നേടിയില്ല. ടീമിലെ രണ്ടാം മെഹ്ദി ഹസനും വിക്കറ്റ് ലഭിച്ചില്ല.
അഫ്ഗാനെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന്റെ അലയൊലികൾ അടങ്ങും മുമ്പാണ് ഓസീസ് ബംഗ്ലാദേശിനെ നേരിട്ടത്. സെമി ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് ആസ്‌ത്രേലിയ. ആദ്യ രണ്ട് കളികളിൽ പരാജയപ്പെട്ട ടീം അവസാന ഏഴ് മത്സരങ്ങളിലും പരാജയം അറിയാതെ മുന്നോറുകയാണ്. ടൂർണമെന്റിൽ നിന്ന് പുറത്തായ ബംഗ്ലാദേശ് അവസാനകളിയിൽ ആരാധകർക്കായി ഒരു മികച്ച തേടിയാണ് ഇറങ്ങിയിരുന്നത്. പക്ഷേ ആദ്യം ബാറ്റ് ചെയ്ത് നേടിയ തരക്കേടില്ലാത്ത സ്‌കോർ പ്രതിരോധിക്കാൻ ടീമിനായില്ല. പരിക്കേറ്റ് പുറത്തായ നായകൻ ഷാക്കിബ് അൽ ഹസനില്ലാതെയാണ് ബംഗ്ലാദേശ് കളത്തിലിറങ്ങിയത്. ടൂർണമെന്റിൽ ഇതുവരെ രണ്ട് വിജയം മാത്രമാണ് ടീമിന് നേടാനായത്.
Australia beat Bangladesh by eight wickets in ODI Cricket World Cup
Adjust Story Font
16