Quantcast

ഹർമന്റെ ഫിഫ്റ്റി പാഴായി; വനിതാ ടി-20 ലോകകപ്പിൽ‌ ഇന്ത്യയെ വീഴ്ത്തി ഓസീസ് ഫൈനലിൽ

വിജയപ്രതീക്ഷയുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. കേവലം 11 റൺസ് മാത്രമായിരുന്നു ഓപണർ കൂട്ടുകെട്ടിന്റെ സമ്പാദ്യം.

MediaOne Logo

Web Desk

  • Updated:

    2023-02-23 16:44:25.0

Published:

23 Feb 2023 4:43 PM GMT

ഹർമന്റെ ഫിഫ്റ്റി പാഴായി; വനിതാ ടി-20 ലോകകപ്പിൽ‌ ഇന്ത്യയെ വീഴ്ത്തി ഓസീസ് ഫൈനലിൽ
X

കേപ്ടൗൺ: വനിത ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ വീഴ്ത്തി കങ്കാരുപ്പട ഫൈനലിൽ. അഞ്ച് റണ്ണുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകളെ ആസ്ട്രേലിയൻ പെൺപട പുറത്താക്കിയത്. ഓസീസ് നിര മുന്നിൽ‌ വച്ച 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം 167ൽ അവസാനിക്കുകയായിരുന്നു. എട്ടു വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

പതിവ് ആക്രമണ ശൈലി പുറത്തെടുത്ത് ബാറ്റ് വീശിയ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ 34 പന്തിൽ 52 റൺസെടുത്ത് വിജയപ്രതീക്ഷ നൽകിയെങ്കിലും റണ്ണിനായുള്ള ശ്രമത്തിനിടെ ആഷ്ലേ​ഗ് ​ഗാർഡ്നറിന്റെ കൈകളാൽ റൺ ഔട്ടാവുകയായിരുന്നു. വിജയപ്രതീക്ഷയുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. കേവലം 11 റൺസ് മാത്രമായിരുന്നു ഓപണർ കൂട്ടുകെട്ടിന്റെ സമ്പാദ്യം.

കഴിഞ്ഞ കളിയിൽ 87 റണ്ണെടുത്ത് ടീമിന്റെ വിജയശിൽപിയായിരുന്ന സ്മൃതി മന്ഥാനയ്ക്ക് എന്നാൽ ഇന്നത്തെ കളിയിൽ തിളങ്ങാനായില്ല. അഞ്ച് പന്തിൽ രണ്ട് റൺ മാത്രമായിരുന്നു മന്ഥാനയുടെ ഇന്നത്തെ സംഭാവന. ആറ് പന്തിൽ ഒമ്പത് റണ്ണെടുത്ത ഷഫാലി വർമ മേഗൻ ഷട്ട്‌ന്റെ പന്തിൽ എൽ.ബി.ഡബ്ല്യൂവിൽ പുറത്താവുകയായിരുന്നു.

24 പന്തിൽ 43 പന്തെടുത്ത ജെമിമ റോഡ്രിഗസ് ഹർമന് മികച്ച പിന്തുണ നൽകിയെങ്കിലും ഡാർസി ബ്രൗൺന്റെ പന്തിൽ അലീസ ഹീലി പിടിച്ച് ക്യാപ്റ്റന് മുമ്പേ കൂടാരം കയറി. ഹർമൻ പ്രീത് പുറത്തായതിനു പിന്നാലെ വന്ന റിച്ച ഘോഷും ദീപ്തി ശർമയും യഥാക്രമം 14ഉം 20ഉം റണ്ണെടുത്ത് മടങ്ങി. തുടർന്നു വന്ന സ്‌നേഹ് റാണ 11 റണ്ണെടുത്തപ്പോൾ രാധാ യാദവ് പൂജ്യയായി പുറത്തായി. അവസാന പന്തിൽ ആറ് റൺസ് വേണ്ടിയിരുന്ന കളിയിൽ ഒന്നുമെടുക്കാനാവാതെ കങ്കാരുക്കൾക്ക് മുന്നിൽ ഇന്ത്യൻ വനിതകൾ കീഴടങ്ങുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 172 റൺ അടിച്ചെടുത്തത്. ഓപ്പണർ ബേത് മൂണിയുടെ അർധ സെഞ്ച്വറി പ്രകടനമാണ് ടീമിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. 37 പന്തിൽ നാലു ഫോറും ഒരു സിക്സും അടക്കം 54 റൺസാണ് മൂണി സ്കോർ ബോർഡിൽ ചേർത്തത്. ക്യാപ്റ്റൻ മെഗ് ലാന്നിങ് 34 പന്തിൽ 49 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഓപ്പണർമാരായ അലീസ ഹീലിയും ബേത്ത് മൂണിയും മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 52 റൺസെടുത്തു. 26 പന്തിൽ 25 റൺസെടുത്ത അലീസയെ രാധാ യാദവ് പുറത്താക്കി. 18 പന്തിൽ 31 റൺസെടുത്ത ആഷ്ലീഗ് ഗാർഡ്നറെ ദീപ്തി ശർമ പുറത്താക്കി.

ഇന്ത്യക്കായി ശിഖ പാണ്ഡെ രണ്ടു വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ, രാധാ യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നിലവിലെ ജേതാക്കളായ ഓസീസിനോട് കഴിഞ്ഞ തവണ ഫൈനലിൽ വീണാണ് ഇന്ത്യക്ക് പ്രഥമ കിരീടം നഷ്ടമായത്. എന്നാൽ ഇത്തവണ സെമി ഫൈനലിൽ തന്നെ തോറ്റുമടങ്ങേണ്ടിവരികയായിരുന്നു.

ഗ്രൂപ്പ് ഒന്നിലെ നാല് മത്സരങ്ങളും ജയിച്ചാണ് ആസ്ട്രേലിയ സെമിയിലെത്തിയത്. ഇതുവരെ എട്ട് ലോകകപ്പുകൾ നടന്നപ്പോൾ അഞ്ചിലും ജേതാക്കളായി. ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ മൂന്ന് കളികൾ ജയിച്ചപ്പോൾ ഇംഗ്ലണ്ടിനോട് തോറ്റു. പാകിസ്താൻ, വെസ്റ്റിൻഡീസ്, അയർലൻഡ് ടീമുകളെയാണ് ഇന്ത്യ തോൽപിച്ചത്. രണ്ടാം സെമി ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ വെള്ളിയാഴ്ച നടക്കും.

TAGS :

Next Story