ആറാം കിരീടവുമായി ആസ്‌ട്രേലിയ വീണ്ടും ലോക ക്രിക്കറ്റിന്റെ അമരത്ത്
ലോക കപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ടീം ഇന്ത്യയെ അനായാസം പരാജയപ്പെടുത്തിയാണ് ആസ്ട്രേലിയ ലോക കിരീടം ചൂടിയത്
അഹമ്മദാബാദ്: ഫൈനലിൽ ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ആസ്ട്രേലിയ വീണ്ടും ലോകക്രിക്കറ്റിന്റെ അമരത്ത്. ലോക കപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ടീം ഇന്ത്യയെ അനായാസം പരാജയപ്പെടുത്തിയാണ് ആസ്ട്രേലിയ ലോക കിരീടം ചൂടിയത്. ഓപ്പണർ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയാണ് ഓസീസിന് കരുത്തായത്. 240ൽ ഇന്ത്യയെ ഒതുക്കിയ ആസ്ട്രേലിയൻ ബൗളർമാരും ഫൈനലിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.
47 റൺസ് എടുക്കുന്നതിനിടെ ഇന്ത്യൻ പേസ് ബൗളർമാർ ഓസ്ട്രേലിയയുടെ മൂന്നു വിക്കറ്റുകൾ പിഴുതു. 241 റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസിസിനെ ഇന്ത്യൻ ബൗളർമാർ തടയിടുമെന്ന് കരുതിയ നിമിഷമാണിത്. ഏഴ് റൺസ് എടുത്ത ഡേവിഡ് വാർണരെ മുഹമ്മദ് ഷമി പുറത്താക്കി. സ്റ്റീവൻ സ്മിത്തിനെയും മിച്ചൽ മാർഷിനെയും ജസ്പ്രീത് ബുംറ കൂടാരം കയറ്റി. പക്ഷേ ട്രാവിസ് ഹെഡ് മുന്നിൽ നിന്ന് നയിച്ചപ്പോൾ, ആസ്ട്രേലിയക്ക് സമ്മർദ്ദങ്ങൾ അകന്നു തുടങ്ങി. 95 പന്തിൽ നിന്നാണ് ഹെഡ് 100 തികച്ചത്, മാർനസ് ലബുഷൈൻ 58 റൺസ് എടുത്ത് പുറത്താകാതെ നിന്നു.
വിജയിക്കാൻ രണ്ട് റൺസ് മാത്രമുള്ളപ്പോഴാണ് ട്രാവിസ് ഹെഡിന്റെ വിക്കറ്റ് വീണത്. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ആണ് ആസ്ട്രേലിയയുടെ വിജയ റൺ നേടിയത്. ഇതോടെ ആസ്ട്രേലിയക്ക് ആറാം കിരീടം ചൂടാനായി.
ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ടീം ഇന്ത്യയുടെ തുടക്കം. ശുഭ്മാൻ ശ്രേയസ് അയ്യരും നിർണായക മത്സരത്തിൽ നിരാശപ്പെടുത്തി. രോഹിത് ശർമയും വിരാട് കോലിയും കെ.എൽ രാഹുലും മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. സൂര്യകുമാർ യാദവും രവീന്ദ്ര ജഡേജയും അവസരത്തിന് ഉയരും എന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം.
ഓസിസിനായി മിച്ചൽ സ്റ്റാർക്ക് മൂന്നും, ക്യാപ്റ്റൻ പാറ്റ് കമിനസും, ജോഷ് ഹെസൽ വുഡ് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഫീൽഡിങ്ങിലും മികച്ച പ്രകടനമാണ് ആസ്ട്രേലിയ പുറത്തെടുത്തത്.
Adjust Story Font
16