വാലുകൊണ്ടടിച്ച് കംഗാരുക്കൾ; ഓസീസിന് 333 റൺസ് ലീഡ്, കണ്ണുകളെല്ലാം അഞ്ചാംദിനത്തിലേക്ക്
ഇന്ത്യക്കും ആസ്ട്രേലിയക്കും സമനിലക്കും സാധ്യതയുള്ളതിനാൽ തന്നെ അഞ്ചാം ദിനം ആവേശകരമായ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.
മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളിയവസാനിക്കുമ്പോൾ ഓസീസ് ഒൻപതിന് 228 എന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിലെ ലീഡും ചേർത്ത് ഓസീസിന് ലീഡ് 333 റൺസായി. 41 റൺസുമായി നേഥൻ ലിയോണും 10 റൺസുമായി സ്കോട്ട് ബോളണ്ടുമാണ് ക്രീസിൽ. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും നേടി.
358ന് 9 എന്ന നിലയിൽ നാലാംദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 11 റൺസ് കൂടി മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ആദ്യം നഷ്ടമായത് സാം കോൺസ്റ്റാസിനെയാണ്. എട്ടുറൺസെടുത്ത കോൺസ്റ്റാസിനെ ബുംറ ക്ലീൻ ബൗൾഡാക്കി. ഉസ്മാൻ ഖ്വാജയുടെ കുറ്റി തെറിപ്പിച്ചും സ്റ്റീവ് സ്മിത്തിനെ പന്തിന്റെ കൈകളിലെത്തിച്ചും സിറാജും ഫോമിലേക്കുയർന്നു.
തൊട്ടുപിന്നാലെ ട്രാവിസ് ഹെഡ് (1), മിച്ചൽ മാർഷ് (0), അലക്സ് ക്യാരി (2) എന്നിവരെയും ബുംറ പുറത്താക്കി. 91 റൺസിന് ആറ്‍ വിക്കറ്റ് നഷ്ടമായ ഓസീസിനെ മാർണസ് ലബുഷെയ്ൻ (70), പാറ്റ് കമ്മിൻസ് (41), നേഥൻ ലിയോൺ (41) എന്നിവർ ചേർന്ന് എടുത്തുയർത്തുകയായിരുന്നു.
173ന് ഒൻപത് വിക്കറ്റ് വീണ ഓസീസിനായി അവസാന വിക്കറ്റിൽ നേഥൻ ലിയോണും സ്കോട്ട് ബോളണ്ടും നിലയുറപ്പിച്ചു. നാലാംദിനത്തിലെ അവസാന ഓവറിൽ നേഥൻ ലിയോണിനെ ബുംറ കെഎൽ രാഹുലിന്റെ കൈയ്യിൽ എത്തിച്ചെങ്കിലും അമ്പയർ നോബോൾ വിളിക്കുകയായിരുന്നു.
മത്സരത്തിൽ ട്രാവിസ് ഹെഡിന്റെ വിക്കറ്റെടുത്തതോടെ ബുംറ 200 ടെസ്റ്റ് വിക്കറ്റ് ക്ലബിൽ ഇടംപിടിച്ചു. 200 വിക്കറ്റ് നേടുന്നവരിൽ ഏറ്റവും മികച്ച ബൗളിങ് ആവേറജാണ് ബുറക്കുള്ളത് (19.56). ഇന്ത്യക്കും ആസ്ട്രേലിയക്കും സമനിലക്കും സാധ്യതയുള്ളതിനാൽ തന്നെ അഞ്ചാം ദിനം ആവേശകരമായ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.
Adjust Story Font
16