രാഹുലിനായി ഓപ്പണിങ്ങിൽ നിന്നും മാറി രോഹിത്; അഡലൈഡിൽ നാളെ മുതൽ ‘രാപ്പകൽ’ പോര്
പൊതുവേ പിങ്ക് ബോളിൽ മികച്ച റെക്കോർഡാണ് ഓസീസിനുള്ളത്. നാട്ടിൽ നടന്ന 11 പിങ്ക് ബോൾ മത്സരങ്ങളിൽ 10 എണ്ണത്തിലും അവർ വിജയിച്ചു
അഡലൈഡ്: ഇന്ത്യയുടെ ഒരു യുവതാരമാണ് മിച്ചൽ സ്റ്റാർക്കിനോട് വാചകമടിക്കുന്നത്. ആസ്ട്രേലിയൻ ടീം ഇങ്ങനെയായാൽ പോരാ..കുറച്ച് പോരാട്ട വീര്യം കാണിക്കണം. പെർത്ത് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ മിച്ചൽ ജോൺസൺ ഓസീസ് ടീമിന് നൽകിയ ഉപദേശമാണിത്.
മുമ്പെങ്ങുമില്ലാത്ത വിധമാണ് ഓസീസ് ബോർഡർ-ഗവാസ്കർ ട്രോഫിക്ക് ഒരുങ്ങിയത്. പാറ്റ് കമ്മിൻസ് പല പരമ്പരകളിൽ നിന്നും അവധിയെടുത്ത് ഇന്ത്യയെ നേരിടാനുള്ള ഒരുക്കങ്ങളിലായിരുന്നു. നേഥൻ ലിയോൺ ഇംഗ്ലണ്ടിൽ കൗണ്ടി കളിച്ചാണ് പരമ്പരക്ക് തയ്യാറെടുത്തത്. ഇന്ത്യയെ തോൽപ്പിക്കുകയെന്ന ഒരു തലമുറയുടെ സ്വപ്നത്തിനുള്ള ഒരുക്കത്തിലായിരുന്നു അവർ. ക്രിക്കറ്റിലെ ഏതാണ്ടെല്ലാ ട്രോഫികളും സ്വന്തമാക്കിയ ഓസീസ് താരങ്ങൾക്ക് അതിന്റെ പൂർണതക്ക് ബോർഡർ ഗവാസ്കർ ട്രോഫി കൂടിവേണം. പോയ ഒരുപതിറ്റാണ്ടിലേറെയായി അവർക്കത് കിട്ടാക്കനിയാണ്. ന്യൂസിലാൻഡിനെതിരെ സ്വന്തം നാട്ടിൽ ഇന്ത്യ നാണം കെട്ടതോടെ അവരുടെ പ്രതീക്ഷകൾ വലുതായി. പെർത്തിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകർന്നത് അവരുടെ മോഹങ്ങളെ പിന്നെയും വലുതാക്കി. പക്ഷേ ലക്ഷണമൊത്ത പേസർമാർ ഇന്ത്യക്കുമുണ്ടെന്നത് അവർ മറന്നുപായി.
തങ്ങളുടെ പ്രീമിയം പേസർമാർക്ക് മുന്നിൽ ജയ്സ്വാൾ നെഞ്ചുവിരിച്ചുനിൽക്കുന്നതും വിരാട് കോഹ്‍ലിയെന്ന തങ്ങളുടെ ഏറ്റവും വലിയ എതിരാളി ഫോമിലേക്കെത്തിയതും കണ്ട് ഓസീസ് താരങ്ങൾ വിറച്ചിട്ടുണ്ട് എന്നതാണ് സത്യം. ഓസീസ് മുൻ കോച്ച് കൂടിയായ ജസ്റ്റിൻ ലാംഗറുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടുന്നുണ്ട്. അതിൽ ലാംഗർ പറയുന്നതിങ്ങനെ...‘‘വിരാട് സെഞ്ച്വറി നേടിയിരിക്കുന്നു. അതൊരു വലിയ സിഗ്നാലാണ്. കൂടാതെ രോഹിതും ഗില്ലും അഡലെയ്ഡിൽ മടങ്ങിവരുന്നുമുണ്ട്’’. ഒരു മുന്നറിയിപ്പിന്റെ ഭാഷയിലാണ് വിഡിയോയിൽ ലാംഗർ സംസാരിക്കുന്നത്.
ആദ്യ ടെസ്റ്റിൽ തോറ്റെങ്കിലും ഓസീസ് തീർന്നു എന്ന് വിധികുറിക്കാനായിട്ടില്ല. സായാഹ്നത്തിൽ ചുവന്നുതുടുക്കുന്ന അഡലെയ്ഡ് ഓവലെന്ന മനോഹര സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്. കഴിഞ്ഞ പരമ്പരയിൽ ഇന്ത്യക്ക് ഒട്ടും മധുരമല്ലാത്ത ഓർമകളാണ് അഡലൈഡ് തന്നത്.വെറും 36 റൺസിന് പുറത്തായതിന്റെ ഭൂതങ്ങൾ അവിടെ കുടിയിരിപ്പുണ്ട്. കൂടാതെ കളിനടക്കുന്നത് ഡേ നൈറ്റിൽ പിങ്ക് ബോളിലാണെന്നതും ഓസീസിന് പ്രതീക്ഷ നൽകുന്നു.
പൊതുവേ പിങ്ക് ബോളിൽ മികച്ച റെക്കോർഡാണ് ഓസീസിനുള്ളത്. നാട്ടിൽ നടന്ന 11 പിങ്ക് ബോൾ മത്സരങ്ങളിൽ 10 എണ്ണത്തിലും അവർ വിജയിച്ചു. ഇതിൽ തന്നെ ഏഴ് ഡേ നൈറ്റ് മത്സരങ്ങൾ കളിച്ചത് അഡലൈഡിലാണ്. അതിൽ എല്ലാ ടെസ്റ്റിലും വിജയം അവർക്കൊപ്പമായിരുന്നു. പൊതുവേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുക എന്ന രീതിയിലാണ് ഓസീസ് ഡേ നൈറ്റ് ടെസ്റ്റുകളിൽ പ്രയോഗിക്കുന്നത്. ടോസ് കിട്ടുമ്പോഴെല്ലാം അവർ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. അങ്ങനെ ചെയ്ത മത്സരങ്ങളെല്ലാം അവർ വിജയിക്കുകയും ചെയ്തു. പക്ഷേ പോയ പരമ്പരയിൽ അഡലൈഡിൽ ഇന്ത്യക്കായിരുന്നു ടോസ് ഭാഗ്യം. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ലീഡെടുക്കയും ചെയ്തു. പക്ഷേ രണ്ടാം ഇന്നിങ്സിൽ വെറും 36 റൺസിന് പുറത്തായതാണ് ഇന്ത്യക്ക് വിനയായത്. ആദ്യം ബാറ്റുചെയ്ത ഏഴ് മത്സരങ്ങളിൽ ആറ് തവണയയും ഓസീസ് 400ന് മുകളിൽ വോട്ട് ചെയ്തിട്ടുണ്ട്. കൂടാതെ പിങ്ക് ബോളിൽ ഓസീസ് ബൗളർമാർക്ക് മികച്ച റെക്കോർഡാണുള്ളത്. കൂടാതെ മത്സരത്തിന്റെ ഫൈനൽ സെഷൻ ബാറ്റിങ്ങിന് ദുഷ്കരമാകുന്ന പ്രവണതയും കണ്ടുവരുന്നു.
പോയ തവണ അഡലൈഡിൽ ഇന്ത്യയെ പിച്ചിച്ചീന്തിയ ജോഷ് ഹേസവുഡ് പരിക്ക് മൂലം കളത്തിലിറങ്ങില്ല എന്നുറപ്പായിട്ടുണ്ട്. സ്കോട്ട് ബോളണ്ടാണ് പകരക്കാരൻ. 18 മാസമായി ഓസീസ് ടീമിലില്ലാത്ത ബോളണ്ടിനെ ഓസീസ് ഉൾപ്പെടുത്തുന്നത് കൃത്യമായ കണക്കുകൂട്ടലുകളോയെടാണ്.
മറുവശത്ത് ഇന്ത്യൻ ടീമിലും കാരയമായ മാറ്റമുണ്ട്. രോഹിത് മടങ്ങിയെത്തിയെങ്കിലും ഓപ്പണർ റോളിൽ ഫോമിലുള്ള രാഹുലിനെ മാറ്റില്ലെന്ന് രോഹിത് വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ മറ്റേതെങ്കിലും പൊസിഷനിൽ ബാറ്റ് ചെയ്യുമെന്നാണ് രോഹിത് പറയുന്നത്. രോഹിതും ഗില്ലും വരുന്നതോടെ ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറേലും പുറത്താകും. ബാറ്റിങ് ഓർഡറിൽ സർപ്രൈസുകൾക്കുള്ള സാധ്യതയുണ്ട്.
അഡലൈഡ് കോഹ്‍ലിക്കുള്ള റെക്കോർഡുകൾ ഇന്ത്യക്ക് വലിയ പ്രതീക്ഷ നൽകുന്നു. അഡലൈഡിൽ 15 ഇന്നിങ്സുകളിൽ ബാറ്റേന്തിയ കോഹ്ലി അടിച്ചുകൂട്ടിയത് 957 റൺസാണ്. അഞ്ചു സെഞ്ച്വറികളും നാലും അർധ സെഞ്ച്വറികളും അതിലുൾപ്പെടും.
രണ്ടാം ടെസ്റ്റിന് ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ മുറിവേറ്റാണ് ഓസീസ് വരുന്നത്. പിങ്ക് ബോൾ ടെസ്റ്റിൽ കൂടി പാളിയാൽ ഈ സീരീസിൽ പിന്നീടൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് പാറ്റ് കമ്മിൻസിനറിയാം. അഡലൈഡിൽ കൂടി വെന്നിക്കൊടി പാറിച്ചാൽ പരമ്പരയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും കൈക്കുള്ളിലാണെന്ന് ഇന്ത്യയും മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ നാളെ കൊടിയുയരുന്നത് ഒരു മഹായുദ്ധത്തിനാണ്.
ഡേ നൈറ്റ് മത്സരമായതിനാൽ ഇന്ത്യൻ സമയം രാവിലെ 9.30 മുതലാകും മത്സരം തുടങ്ങുക. ആദ്യ സെഷൻ 11.30 വരെ നീളും. ലഞ്ച് ബ്രേക്കിന് ശേഷം 12.10 മുതലാകും രണടാം സെഷൻ ആരംഭിക്കുക. വൈകീട്ട് 4.30 ഓടെയാകും ഒരു ദിവസത്തെ മത്സരം അവസാനിക്കുക.
Adjust Story Font
16