'പിച്ച് ചതിച്ചു': ലോകകപ്പിലെ തോൽവിയിൽ ബി.സി.സി.ഐയോട് രാഹുൽ ദ്രാവിഡ്
പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം ഇരുന്നാണ് ബി.സി.സി.ഐ കാര്യങ്ങള്‍ വിലയിരുത്തിയത്
ന്യൂഡല്‍ഹി: ആസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിലെ തോല്‍വി അവലോകനം ചെയ്യാന്‍ ബി.സി.സി.ഐ. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം ഇരുന്നാണ് ബി.സി.സി.ഐ കാര്യങ്ങള്‍ വിലയിരുത്തിയത്. നായകന്‍ രോഹിത് ശര്‍മ്മയും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. അവധി ആഘോഷിക്കാൻ ലണ്ടനിലാണ് രോഹിത്.
ലോകകപ്പ് ഫൈനലില്‍ ആസ്ട്രേലിയയോട് തോറ്റ് 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല, ട്രഷറര്‍ ആശിഷ് ഷെലാര്‍ എന്നിവര്‍ ദ്രാവിഡുമായി കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച ന്യൂഡൽഹിയിലായിരുന്നു കൂടിക്കാഴ്ച.
ലോകകപ്പ് തോല്‍വിക്ക് കാരണമെന്താണെന്ന ബിസിസിഐയുടെ ചോദ്യത്തിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചാണ് തോല്‍വിക്ക് പ്രധാന കാരണമെന്ന് ദ്രാവിഡ് വിശദീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ടീം മാനേജ്മെന്‍റ് പ്രതീക്ഷിച്ചത്ര ടേണ്‍ പിച്ചില്‍ നിന്ന് ലഭിച്ചില്ലെന്നും അതുകൊണ്ടാണ് ആസ്ട്രേലിയക്ക് അനായാസം റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ കഴിഞ്ഞതെന്നും ദ്രാവിഡ് പറഞ്ഞു.
രോഹിത് ശർമ്മയും ഇതെ വികാരം പങ്കുവെച്ചു. ടീം ഉയർന്ന സ്‌കോർ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ പിച്ചിലെ സാഹചര്യങ്ങൾ അനുകൂലമായില്ലെന്നും രോഹിത് വ്യക്തമാക്കി.
പാകിസ്താനെതിരായ മത്സരത്തിൽ ഉപയോഗിച്ച അതേ പിച്ചിലാണ് അവസാന മത്സരവും നടന്നിരുന്നത്. അന്ന് ചേസിങ്ങിനിടെ മത്സരം ഇന്ത്യ അനായാസം വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ പ്രയാസപ്പെടുകയും ചെയ്തിരുന്നു. അതേ അവസ്ഥയാണ് ഇന്ത്യക്കും വന്നത്. എന്നാല്‍ ഫൈനലിലേക്ക് എത്തിയപ്പോഴേക്കും കാര്യങ്ങള്‍ മാറി.
ഫൈനലില്‍ ടോസ് നേടിയ ശേഷം ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുത്ത്, ആസ്‌ട്രേലിയ ഇന്ത്യയെ അമ്പരപ്പിച്ചിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നുവെങ്കിലും ആസ്ട്രേലിയ തീരുമാനം മാറ്റിയില്ല. അവരുടെ പ്രവചനം കൃത്യമാകുകയും ചെയ്തു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടു. അതിന്റെ ഫലമായി 240 റൺസെ ഇന്ത്യക്ക് നേടാന്‍ കഴിഞ്ഞുള്ളൂ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയയ്ക്ക് തുടക്കത്തിലേ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ട്രാവിസ് ഹെഡിന്റെ ബാറ്റില്‍ ആസ്ട്രേലിയ വിജയിച്ചു.
Summary-BCCI questions Rahul Dravid, Rohit Sharma over World Cup final debacle; head coach blames....
Adjust Story Font
16