Quantcast

'ഇംഗ്ലണ്ടിനെ പൂട്ടി, പിന്നെയാണോ അയർലൻഡ്'; ആദ്യ ടി20യിൽ ബംഗ്ലാദേശിന് 22 റൺസ് ജയം

നേരത്തെ ഏകദിന പരമ്പര ബംഗ്ലാദേശ് 2-1ന് സ്വന്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-27 16:15:43.0

Published:

27 March 2023 4:12 PM GMT

BAN vs IRE 2023, Bangladesh continue dream run at home
X

ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയായതിന് ശേഷം അയർലാൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് ജയം. 22 റൺസിനായിരുന്നു ബംഗ്ലാദേശ് അയർലാൻഡിനെ മലർത്തിയടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു നിൽക്കെ മഴ എത്തി. ഇതോടെ ഡക് വർത്ത് ലൂയിസ് പ്രകാരം അയർലൻഡിന്റെ വിജയ ലക്ഷ്യം എട്ട് ഓവറിൽ 104 റൺസ് എന്ന് പുനർ നിശ്ചയിച്ചു. എന്നാൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അയർലൻഡിന് 81 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

എട്ട് ഓവറിലേക്ക് ചുരുക്കിയ മത്സരം ജയിക്കാമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് അയർലൻഡ് താരങ്ങൾ ബാറ്റ് വീശിത്തുടങ്ങിയത്. എന്നാൽ 48 ബോളിൽ 104് ചെറുതല്ലാത്ത റൺസ് തന്നെയായിരുന്നു. ക്യാപ്റ്റൻ പോൾ സ്റ്റെർലിംഗും 10 പന്തിൽ 13 റൺസെടുത്ത റോസ് അഡയറും ചേർന്ന് ആദ്യ ഓവറുകളിൽ തകർത്തടിച്ചു തുടങ്ങി, 2.3 ഓവറിൽ നിൽക്കെ 32 റൺസ് അടിച്ചു കൂട്ടി. എന്നാൽ ഇരുവരും പുറത്തായതോടെ റണ്ണൊഴുക്ക് നിന്നു. പിന്നാലെ എത്തിയ ഹാരി ടെക്ടറും (9) ഗാരത് ഡെലാനിയും (21) പൊരുതി നോക്കിയെങ്കിലും തുടരെ തുടരെ വിക്കറ്റ് കൊഴിഞ്ഞുപോയതോടെ 81 റൺസിൽ പോരാട്ടം അവസാനിച്ചു. മുസ്തഫിസുർ റഹ്‌മാൻ, ഹസൻ മഹ്‌മൂദ് ടസ്‌കിൻ അഹമദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയാണ് അയർലൻഡ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തുടക്കം മുതൽ ആക്രമിച്ച് കളിച്ചിരുന്നു. റോണി തലുക്ദാറിന്റ (38 പന്തിൽ 67) അർധ സെഞ്ചുറിക്കരുത്തിലാണ് കൂറ്റൻ സ്‌കോർ കണ്ടെത്തിയത്. 47 റൺസെടുത്ത ലിറ്റൺ ദാസും 30 റൺസ് സംഭാവന ചെയ്ത് ഷമീം ഹുസൈനും റൺമല തീർക്കാൻ ടീമിനെ സഹായിച്ചു. ക്യാപ്റ്റൻ ഷക്കീബ് 20 റൺസും തൗഹീദ് ഹൃദോയ് 13ഉം ഷാന്റോ 14 റൺസും കൂട്ടിച്ചേർത്തു. നേരത്തെ, ഏകദിന പരമ്പര ബംഗ്ലാദേശ് 2-1ന് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 3-0ന് തൂത്തുവാരി ബംഗ്ലാദേശ് റെക്കോർഡിട്ടിരുന്നു.

TAGS :

Next Story