കടുവയെ കൊന്ന് കിവികൾ; ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡിന് എട്ട് വിക്കറ്റ് വിജയം
മൂന്ന് വിക്കറ്റുകൾ നേടിയ ലോക്കി ഫെർഗൂസനാണ് കളിയിലെ താരം
ചെന്നൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിന് തുടർച്ചയായ മൂന്നാമത്തെ ജയം. ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനാണ് ന്യൂസിലൻഡ് പരാജയപ്പെടുത്തിയത്. എംഎ ചിദംബരം സ്റ്റേഡിയത്തിലെ മത്സരത്തിൽ ബംഗ്ലാ കടുവകൾ ഉയർത്തിയ 245 റൺസിന്റെ വിജയലക്ഷ്യം 43 പന്തുകൾ ശേഷിക്കെയാണ് കിവിപ്പട മറികടന്നത്. ഡാരിൽ മിച്ചൽ 89 റൺസ് എടുത്ത് പുറത്താകാതെ നിന്നു. പരിക്കേറ്റ് ആദ്യ രണ്ട് കളികൾ നഷ്ടപ്പെട്ട ശേഷം തിരികെയെത്തിയ ക്യാപ്റ്റൻ കെയിൻ വില്യംസൺ 78 റൺസ് എടുത്തു. 66 റൺസ് എടുത്ത മുഷ്ഫിഖുറഹീമാണ് ബംഗ്ലാദേശ് നിരയിലെ ടോപ്പ് സ്‌കോറർ. ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റുകൾ നേടിയ ലോക്കി ഫെർഗൂസനാണ് കളിയിലെ താരം.
ന്യൂസിലൻഡിന് നഷ്ടപ്പെട്ട രണ്ട് വിക്കറ്റുകൾ ഷാക്കിബുൽ ഹസനും മുസ്തഫിസുറഹ്മാനുമാണ് നേടിയത്. കോൺവേയെ ഷാക്കിബ് എൽബിഡബ്ല്യൂവിൽ കുരുക്കിയപ്പോൾ രചിനെ മുസ്തഫിസുർ മുഷ്ഫിഖുറഹീമിന്റെ കൈകളിലെത്തിച്ചു.
ടോസ് നേടി ബൗളിംഗിനിറങ്ങിയ ന്യൂസിലൻഡിന് മുമ്പിൽ 246 റൺസ് വിജയലക്ഷ്യമാണ് ബംഗ്ലാദേശ് തീർത്തിരുന്നത്. 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 245 റൺസാണ് ടീം നേടിയത്. വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖുറഹീം അർധസെഞ്ച്വറിയും നായകൻ ഷാക്കിബുൽ ഹസൻ 40 റൺസും നേടി. വാലറ്റത്ത് മഹ്മൂദുല്ല 49 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്നു. മെഹ്ദി ഹസനാ(30)ണ് കൂടുതൽ സംഭാവന നൽകിയ മറ്റൊരു താരം.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് തീരുമാനം ശരിവെക്കുന്ന താരത്തിലാണ് ബൗളർമാരുടെ പ്രകടനം. ലോക്കീ ഫെർഗൂസൻ മൂന്നും ട്രെൻറ് ബോൾട്ട് മാറ്റ് ഹെൻട്രി എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടിയ മിച്ചൽ സാൻറ്‌നറും ഗ്ലെൻ ഫിലിപ്‌സും ഓരോ വിക്കറ്റ് നേടി. ട്രെൻറ് ബോൾട്ട് ബംഗ്ലാ ഓപ്പണർ ലിറ്റൺ ദാസിനെ പൂജ്യത്തിന് പുറത്താക്കി. മാറ്റ് ഹെൻട്രിയുടെ കൈകളിലെത്തിക്കുകയായിരുന്നു ബോൾട്ട്. മറ്റൊരു ഓപ്പണറായ തൻസിദ് ഹസനെ(16) ലോക്കീ ഫെർഗൂസന്റെ പന്തിൽ ഡിവോൺ കോൺവേ പിടികൂടി. മഹ്ദിയെയും ഷാക്കിബിനെയും ഫെർഗൂസനും മുഷ്ഫിഖിനെയും മുസ്തഫിസുർറിനെയും മാറ്റ് ഹെൻട്രിയും മടക്കിയയച്ചു. മുഷ്ഫിഖ് ബൗൾഡായപ്പോൾ ബാക്കിയുള്ളവർ ക്യാച്ചിൽ കുടുങ്ങി.
ഇംഗ്ലണ്ട്, നെതർലൻഡ്‌സ് എന്നീ ടീമുകളെ കിവീസ് പട നേരത്തെ തോൽപ്പിച്ചിരുന്നു. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ തകർപ്പൻ ജയം ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 137 റൺസിന്റെ കനത്ത തോൽവിയേറ്റുവാങ്ങി. ഇപ്പോൾ ന്യൂസിലൻഡിനോടും തോറ്റു.
New Zealand win by eight wickets against Bangladesh in ODI world cup
Adjust Story Font
16