ഒന്നല്ല, രണ്ടല്ല,മൂന്നു ശ്രമം; എന്നിട്ടും ക്യാച്ച് കൈവിട്ട് ബംഗ്ലാദേശ് താരങ്ങൾ-വീഡിയോ
രണ്ടാം ടെസ്റ്റിനിടെ ശ്രീലങ്കൻ താരം പ്രഭാത് ജയസൂര്യയുടെ ക്യാച്ച് കൈയിലൊടുക്കാനുള്ള മൂന്ന് ഫീൽഡർമാരുടെ ശ്രമമാണ് പാളിയത്
ചിറ്റഗോങ്: അടുത്തിടെ നടന്ന ബംഗ്ലാദേശ്-ശ്രീലങ്ക മത്സരങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏകദിന-ട്വന്റി 20 പരമ്പരകൾ ടൈംഡ് ഔട്ട് വിവാദത്തിന്റെ പേരിലാണ് ചർച്ചയായതെങ്കിൽ ടെസ്റ്റിൽ മൈതാനത്തെ പ്രകടനങ്ങളാണ് വൈറലാക്കിയത്.
രണ്ടാം ടെസ്റ്റിനിടെ ശ്രീലങ്കൻ താരം പ്രഭാത് ജയസൂര്യയുടെ ക്യാച്ച് കൈയിലൊടുക്കാനുള്ള മൂന്ന് ഫീൽഡർമാരുടെ ശ്രമമാണ് ഇപ്പോൾ ശ്രദ്ധേയമായത്. മൂന്ന് ഫീൽഡർമാരുടേയും കൈയിൽ തട്ടിതെന്നിമാറിയാണ് പന്ത് നിലത്ത് വീണത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി. ബാറ്റിൽകൊണ്ട പന്തിന് റിവ്യൂ നൽകിയും നേരത്തെ ബംഗ്ലാദേശ് താരങ്ങൾ ഞെട്ടിച്ചിരുന്നു. പാഡിൽതട്ടിയെന്ന ധാരണയിലാണ് റിവ്യൂ നൽകിയതെങ്കിലും ബാറ്റിലാണ് കൊണ്ടതെന്ന് റിപ്ലേയിൽ കാണിച്ചതോടെ ഗ്യാലറിയിലും മൈതാനത്തും ചിരി പടർന്നു.
A juggling act with the ball. 👀
— FanCode (@FanCode) March 31, 2024
.
.#BANvSL #FanCode pic.twitter.com/zV4JbhGc8u
ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗിനിടെ എട്ടാമനായാണ് പ്രഭാത് ജയസൂര്യ ക്രീസിലെത്തിയത്. ഖാലിദ് അഹമ്മദിന്റെ പന്ത് ജയസൂര്യ എഡ്ജ് ചെയ്തത് ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന നജ്മുൾ ഹുസൈൻ ഷാന്റോയുടെ കൈകളിലേക്കായിരുന്നു പോയത്. എന്നാൽ തട്ടിത്തെറിച്ച പന്ത് നേരേ സെക്കൻ സ്ലിപ്പിലുണ്ടായിരുന്ന ഷഹ്ദത്ത് ഹൊസൈൻ ഡിപുവിന്റെ അടുത്തേക്ക്. ഡിപുവിനും പന്ത് കൈയിലൊതുക്കാനായില്ല. ഇവിടെനിനിന്നും പറന്ന് നേരെ പോയത് തേർഡ് സ്ലിപ്പിലുണ്ടായിരുന്ന സാക്കിർ ഹസന്റെ സമീപത്തേക്ക്. അവിടെയും തട്ടിതിരിഞ്ഞ് നിലത്ത് പതിച്ചു. ആദ്യ ടെസ്റ്റ് ജയിച്ച ശ്രീലങ്ക രണ്ട് മത്സര പരമ്പരയിൽ 1-0ന് മുന്നിലാണ്.
Adjust Story Font
16