തീപ്പന്തുമായി ഹസരങ്ക; ബാംഗ്ലൂരിന് തകർപ്പൻ ജയം
67 റൺസിനാണ് ബാംഗ്ലൂർ ഹൈദരാബാദിനെ തകർത്തത്.
മുംബൈ: തീപ്പന്തുമായി പേസ് ബൗളർ ഹസരങ്ക അവതരിച്ചപ്പോള്‍ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് തകർപ്പൻ ജയം. 67 റൺസിനാണ് ബാംഗ്ലൂർ ഹൈദരാബാദിനെ തകർത്തത്. 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 125 റൺസിന് കൂടാരം കയറി. ഹസരങ്ക നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹൈദരാബാദ് നിരയില്‍ മൂന്ന് ബാറ്റര്‍മാര്‍ക്കൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
ഹൈദരാബാദിനായി അർധ സെഞ്ച്വറിയുമായി രാഹുൽ ത്രിപാടി പൊരുതി നോക്കിയെങ്കിലും ത്രിപാടിയുടെ പോരാട്ടം വിഫലമായി. ത്രിപാടി 37 പന്തിൽ നിന്ന് 58 റൺസെടുത്ത് പുറത്തായി. നേരത്തെ ഇന്നിംഗ്‌സിലെ ഒന്നാം പന്തിൽ വിരാട് കോഹ്ലിയെ പുറത്താക്കിയതിന് അതേ നാണയത്തിലാണ് ബാംഗ്ലൂർ തിരിച്ചടിച്ചത്. മറുപടി ബാറ്റിംഗിൽ മാക്‌സ് വെല്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ ക്യാപ്റ്റൻ കെയിൻ വില്യംസണെ ഷഹബാസ് അഹമ്മദ് റൺ ഔട്ടാക്കി. അതേ ഓവറിലെ അഞ്ചാം പന്തിൽ അഭിഷേക് ശർമയെ ക്ലീൻ ബൗൾഡാക്കി മാക്‌സ് വെൽ ബാംഗ്ലൂരിന് രണ്ടാം ബ്രേക് ത്രൂ നൽകി. പിന്നീടാണ് ത്രിപാടി കത്തിക്കയറിയത്.
നേരത്തെ അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിന്‍റെ തകർപ്പൻ പ്രകടനത്തിന്‍റെ മികവിലാണ് ബാംഗ്ലൂർ മികച്ച സ്‌കോർ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ 192 റൺസ് എടുത്തു. ഡുപ്ലെസിസ് 50 പന്തിൽ നിന്ന് രണ്ട് സിക്‌സുകളുടേയും എട്ട് ഫോറുകളുടേയും അകമ്പടിയിൽ 73 റൺസെടുത്തു പുറത്താവാതെ നിന്നു.
ഡുപ്ലെസിന് പുറമെ രജത് ബാട്യയും അവസാന ഓവറുകളിൽ ഗ്ലെൻ മാക്‌സ് വെല്ലും ദിനേശ് കാര്‍ത്തിക്കും ബാംഗ്ലൂരിനായി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. രജത് ബാട്യ 38 പന്തിൽ നിന്ന് 48 റൺസെടുത്ത് പുറത്തായി. അർധസെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ ജഗ്തീഷ് സുജിത്താണ് പട്ടീദാറിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്. അവസാന ഓവറില്‍ ഹൈദരാബാദ് ബൌളര്‍ ഫസല്‍ ഫാറൂഖിയെ മൂന്ന് സിക്സും ഒരു ഫോറും പറത്തി ദിനേശ് കാര്‍ത്തിക്ക് മനോഹരമായാണ് ബാംഗ്ലൂര്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. കാര്‍ത്തിക്ക് വെറും എട്ട് പന്തില്‍ നിന്ന് 30 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ജഗ്തീഷ് സുജിത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.
Adjust Story Font
16