'മിണ്ടരുത് ഇനി': തിങ്ങിനിറഞ്ഞ ബംഗളൂരു ആരാധകർക്ക് നേരെ ഗംഭീർ
ആവേശം അവസാന പന്തുവരെ നിറഞ്ഞുനിന്ന മത്സരത്തിൽ ഒരു വിക്കറ്റിനായിരുന്നു ലക്‌നൗവിന്റെ ജയം
ഗൗതം ഗംഭീർ
ബാംഗ്ലൂർ: വാശിയേറിയ മത്സരത്തിൽ ബാംഗ്ലൂരിനെ അവരുടെ തട്ടകത്തിൽകയറി പൊട്ടിച്ചതിന്റെ ആരവങ്ങളെല്ലാം ലക്‌നൗസൂപ്പർ ജയന്റ്‌സ് ക്യാമ്പിലുണ്ടായിരുന്നു. ആവേശം അവസാന പന്തുവരെ നിറഞ്ഞുനിന്ന മത്സരത്തിൽ ഒരു വിക്കറ്റിനായിരുന്നു ലക്‌നൗവിന്റെ ജയം. തിങ്ങിനിറഞ്ഞ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർ.സി.ബി ആരാധകർ ബാംഗ്ലൂരിന്റെ ഓരോ സുന്ദര നിമിഷത്തിനും ആർത്തുവിളിക്കുന്നുണ്ടായിരുന്നു.
എന്നാൽ ആരാധകരുടെ ആർപ്പുവിളിയേയെല്ലാം അവഗണിച്ച് അവസാന പന്തിൽ ലക്‌നൗ ജയം ഓടിയെടുക്കുകയായിരുന്നു. ഡഗൗട്ടിലുള്ള കളിക്കാരെല്ലാം ഓടിയെത്തിയാണ് ലക്‌നൗ ക്യാമ്പ് ആഘോഷമാക്കിയത്. ലക്‌നൗ ടീമിന്റെ ഉപദേശകൻ ഗൗതം ഗംഭീറും രംഗം ആസ്വദിച്ചു. ഗംഭീറിന്റെ ആഹ്ലാദവും ആഘോഷങ്ങളുമെല്ലാം എന്നും വേറിട്ടതാണ്. ഗംഭീറിന്റെ ചൂടൻപെരുമാറ്റം സമൂഹമാധ്യമങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ടതില്ല. അത്തരത്തിലുള്ളതൊന്നായിരുന്നു വിജയശേഷവും ഗംഭീറിൽ നിന്നുണ്ടായത്.
മത്സരശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ആരാധകരെ നോക്കി ഗംഭീർ മിണ്ടരുത് എന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. ഡഗൗട്ടിൽ അക്ഷമനായി കളി വീക്ഷിച്ച ഗംഭീർ, ജയത്തിന് പിന്നാലെ ചാടിയെഴുന്നേറ്റ് ആഘോഷിക്കുകയായിരുന്നു. മത്സരത്തിൽ ഒരു റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ലക്‌നൗ സ്വന്തമാക്കിയത്. ബാംഗ്ലൂരിന്റെ 212ന് നിക്കോളാസ് പുരാനിലൂടെയും മാർക്കസ് സ്റ്റോയിനിസിലൂടെയും ലക്‌നൗ തിരിച്ചടിക്കുകയായിരുന്നു.സ്റ്റോയിനിസ് അതിവേഗത്തിൽ 65 റൺസ് അടിച്ചെടുത്തപ്പോൾ അതിലുംവേഗത്തിൽ പുരാൻ 19 പന്തിൽ നിന്ന് 62 റൺസ് വാരിക്കൂട്ടുകയായിരുന്നു.
അതേസമയം മത്സരത്തിലെ വീറുംവാശിയുമെല്ലാം അവിടംകൊണ്ട് അവസാനിച്ചു. മത്സരശേഷം ഗംഭീറും കോഹ്‌ലിയും പരസ്പരം ആലിംഗനം ചെയ്തു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു.
Adjust Story Font
16