ലോകകപ്പിലെ മികച്ച പ്രകടനം: അർജുന അവാർഡ് പട്ടികയിൽ മുഹമ്മദ് ഷമിയും
പട്ടികയിൽ ഷമിയുടെ പേര് ഉൾപ്പെടുത്താൻ കായിക മന്ത്രാലയത്തോട് ബി.സി.സി.ഐ പ്രത്യേക അഭ്യർത്ഥന നടത്തിയിരുന്നു
മുംബൈ: ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ബി.സി.സി.ഐയുടെ സ്‌നേഹ സമ്മാനം. ഈ വര്‍ഷത്തെ (2023) അര്‍ജുന അവാര്‍ഡിന് ഷമിയുടെ പേര് സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്‌തു.
പട്ടികയിൽ ഷമിയുടെ പേര് ഉൾപ്പെടുത്താൻ കായിക മന്ത്രാലയത്തോട് ബി.സി.സി.ഐ പ്രത്യേക അഭ്യർത്ഥന നടത്തിയിരുന്നു. ഈ ലോകകപ്പിൽ ഏഴ് മത്സരങ്ങളിലായി ഷമി 24 വിക്കറ്റുകളാണ് വീഴ്ത്തിയത്.
അവാര്‍ഡിനായി നേരത്തെയുള്ള പട്ടികയില്‍ ഷമിയുടെ പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബി.സി.സി.ഐയുടെ ഇടപെടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കായിക ലോകത്തെ സംഭാവനകൾക്ക് രാജ്യം നല്‍കുന്ന ആദരവാണ് അർജുന അവാർഡ്. കായികരംഗത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതി കൂടിയാണിത്.
മൂന്ന് ലോകകപ്പിലായി 55 വിക്കറ്റുകൾ ഷമി നേടിയിട്ടുണ്ട്. ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഷമിയുടെ പേരിലാണ്. അതേസമയം പരിക്കുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലും ഷമി കളിച്ചേക്കും. താരത്തിന്റെ ഫോമിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. ലോകകപ്പിലെ ഫോം തുടര്‍ന്നാല്‍ കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലാകും.
ഡിസംബർ 26ന് സെഞ്ചൂറിയനിൽ ആദ്യ ടെസ്റ്റ് ബോക്‌സിംഗ് ഡേ മത്സരം നടക്കും. തുടർന്ന് ജനുവരി 3 മുതൽ കേപ്ടൗണിൽ രണ്ടാം മത്സരവും നടക്കും.
Adjust Story Font
16