Quantcast

താലിബാൻ നയങ്ങൾ: അഫ്ഗാൻ ക്രിക്കറ്റ് ടീമിനെ ബഹിഷ്കരിക്കുമോ?

MediaOne Logo

Sports Desk

  • Published:

    11 Jan 2025 11:45 AM GMT

afghanistan
X

ർഷങ്ങൾക്ക് ശേഷം ഐസിസി ചാമ്പ്യൻസ് ട്രോഫി തിരിച്ചുവരുന്നു. ​ഫെബ്രുവരി 19 മുതൽ എട്ടു ​രാജ്യങ്ങൾ പ​ങ്കെടുക്കുന്ന ടൂർണമെന്റിന് കൊടി ഉയരും. പാകിസ്താൻ ഏറെക്കാലത്തിന് ശേഷം സ്വന്തം മണ്ണിൽ ഒരു ഐസിസി ടൂർണമെന്റ് ഒരുക്കുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഇതു​വരെ ഇന്ത്യ പാകിസ്താനിലേക്ക് കളിക്കാൻ പോകുമോ ഇല്ലയോ എന്നതായിരുന്ന വിവാദങ്ങൾ. ചർച്ചകളും നയതന്ത്ര ഇടപെടലുകളുമെല്ലാം പലകുറി നടത്തിയെങ്കിലും തീരുമാനം വരാൻ സമയമേറെയായി. ഒടുവിൽ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലും അല്ലാത്തവ പാകിസ്താനിലുമായി നടത്തുമെന്ന് ഐസിസി പ്രഖ്യാപിച്ചു. ഇതോടെ താൽക്കാലികമായെങ്കിലും അതിന് ഒരു പരിഹാരമായിട്ടുണ്ട്.

എന്നാൽ ഇപ്പോൾ മറ്റൊരു വിവാദം കൂടി ഉരുണ്ടുകൂടിയിരിക്കുന്നു. അഫ്ഗാൻ ക്രിക്കറ്റ് ടീമാണ് ഈ വിവാദങ്ങളുടെ ഫോക്കസ് പോയന്റ്. അഫ്ഗാൻ ടീമിനെ ബഹിഷ്കരിക്കണമെന്ന ആവശ്യം ക്രിക്കറ്റ് ലോകത്തെ പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. പല രാജ്യങ്ങളിലേയും രാഷ്ട്രീയ നേതൃത്വം വരെ ഈ വിഷയത്തിൽ ഇടപെടുന്നു.

ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് അഫ്ഗാൻ കളിക്കുന്നത്. ഇതിൽ മൂന്ന് രാജ്യങ്ങളിൽ നിന്നും അഫ്ഗാനുമായുള്ള മത്സരം ബഹിഷ്കരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

എന്തുകൊണ്ട് ബഹിഷ്കരണം?

അഫ്ഗാൻ നിലവിൽ താലിബാന്റെ കൈകളിലാണ്. അഫ്ഗാനിൽ അവർ നടപ്പാക്കി വരുന്ന പല നയങ്ങളും നടപടികളും വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീ വിഷയങ്ങളിൽ താലിബാൻ പുലർത്തുന്ന മനുഷ്യവിരുദ്ധ നിലപാടുകൾക്കെതിരെ ലോക വ്യാപകമായി വലിയ പ്രതിഷേധം ഉയരുന്നുണ്ട്. അവരുടെ പുരുഷ ക്രിക്കറ്റ് ടീം കൂടുതൽ ശക്തരാകുമ്പോൾ വനിത ക്രിക്കറ്റ് ടീം പ്രേതങ്ങളെപ്പോലെ അലയുകയാണ്. ഫുട്ബോൾ അടക്കമുള്ള ഗെയിമുകളിലും കാര്യങ്ങൾ സമാനമാണ്.

ഇക്കാരണത്താൽ താലിബാൻ നയങ്ങളോടുള്ള പ്രതിഷേധം കളിക്കളത്തിലൂടെ അറിയിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഈ ആവശ്യം ഏറ്റവുമധികം ഉയർന്നത് യുകെയിൽ നിന്നാണ്. ഫെബ്രുവരി 26ന് നടക്കുന്ന ഇംഗ്ലണ്ട്-അഫ്ഗാൻ മത്സരം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ഭേദ വ്യത്യാസമില്ലാതെ ബ്രിട്ടനിലെ 160 രാഷ്ട്രീയ നേതാക്കൾ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന് കത്തയച്ചിട്ടുണ്ട്. ജെർമി കോർബിൻ, ടോണി അന്റോണിയാസി, ലോർഡ് കിന്നോക്ക് അടക്കമുള്ള പ്രമുഖ നേതാക്കൾ ഇതിലുൾപ്പെടും. അഫ്ഗാനിലെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങൾ പ്രതികരിക്കണമെന്നും കത്തിലുണ്ട്.

എന്നാൽ ഈ വിഷയത്തിൽ ഇംഗ്ലണ്ട് ഒറ്റക്കല്ല. അഫ്ഗാൻ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നത് ഹിപ്പോക്ക്രസിയും അധാർമികവുമാണെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കൻ കായിക മന്ത്രി ഗേയ്റ്റൺ മെക്കൻസി തന്നെ നേരിട്ടെത്തി. വർണ വിവേചനം കാരണം കായിക രംഗത്ത് മാറ്റിനിർത്തപ്പെട്ട ഒരു രാജ്യത്ത് നിന്നും വരുന്ന തനിക്ക് സ്ത്രീകളോടുള്ള വിവേചനം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മത്സരം ബഹിഷകരിക്കണമെന്ന അഭിപ്രായത്തെ അ​ദ്ദേഹം പിന്തുണക്കുകയും ചെയ്തു.

ഗ്രൂപ്പിലുള്ള മറ്റൊരു രാജ്യമായ ആസ്ട്രേലിയ അഫ്ഗാനുമായി നേരത്തേ അകലം പുലർത്തുന്നവരുമാണ്. താലിബാൻ അധികാരത്തിലെത്തിയ ശേഷം അഫ്ഗാനുമായി പരമ്പരകൾ കളിക്കില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ നേരത്തേ അറിയിച്ചിരുന്നു. ഇതേ തുടർന്ന് അഫ്മാനുമായി നിശ്ചയിക്കപ്പെട്ട പല മത്സരങ്ങളും ഓസീസ് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

തീരുമാനം ഐസിസിയുടെ കൈയ്യിൽ

ഐസിസി ടൂർണമെന്റുകളിലെ മത്സരങ്ങൾ ബഹിഷ്കരിച്ച ചരി​ത്രം ഇംഗ്ലണ്ടിനുണ്ട്. 2003 ഏകദിന ലോകപ്പിൽ സുരക്ഷയില്ലെന്ന് പറഞ്ഞ് സിംബാബ്​‍വെയുമായുള്ള മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിച്ചിരുന്നു. ഇതിനെത്തുടർന്ന് രണ്ട് പോയന്റ് നഷ്ടമായ ഇംഗ്ലണ്ടിന് ഗ്രൂപ്പ് ഘട്ടത്തിലേ മടങ്ങേണ്ടി വന്നു. എന്നാൽ വലിയ രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉയരുന്നുണ്ടെങ്കിലും ബഹിഷ്കരണ തീരുമാനം ഒറ്റക്ക് കൈകൊള്ളേണ്ട എന്ന നിലപാടാണ് ഈ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾ നിലവിൽ ​കൈകൊള്ളുന്നത്. ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഐസിസിയാണെന്നും അവർ ആവർത്തിക്കുന്നു. കാര്യങ്ങൾ ഐസിസി തീരുമാനമെടുക്കട്ടേ എന്ന നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറും സ്വീകരിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ ഈ വിഷയത്തിൽ ഐസിസി ഒരു തീരുമാനമെടുക്കുമെന്ന് കരുതാനും വയ്യ. കാരണം അഫ്ഗാൻ ക്രിക്കറ്റി​ന്റെ വളർത്തച്ഛന്റെ സ്ഥാനത്താണ് ഇന്ത്യ നിലകൊള്ളുന്നത്. കൂടാതെ താലിബാനുമായടക്കം ഇന്ത്യൻ ഗവൺമെന്റ് മെച്ചപ്പെട്ട ബന്ധത്തിന് ​ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് നിർണായക സ്വാധീനമുള്ള ഐസിസി പൊടുന്നനെ ഒരു തീരുമാനമെടുക്കാൻ ഇടയില്ല.

ബഹിഷ്കരണത്തിലെ ഇരട്ടത്താപ്പുകൾ

ഒരു രാജ്യത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ ചെയ്യുന്ന പിടിപ്പുകേടിന് അവിടുത്തെ കായിക ടീമുകളെ ശിക്ഷിക്കാമോ എന്നത് വലിയ ചോദ്യമാണ്. ഫുട്ബോളിൽ ഈ ചോദ്യം ഇടക്ക​ിടെ ഉയരാറുണ്ട്. യു​ൈക്രെൻ അധിനിവേശത്തിൽ റഷ്യക്ക് വിലക്ക് കൽപ്പിച്ച ഫിഫ എന്തുകൊണ്ട് ഇസ്രായേലിനെതിരെ നടപടിയെടുക്കുന്നില്ല എന്ന ചോദ്യം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. കൂടാതെ അഫ്ഗാൻ ക്രിക്കറ്റ് ടീമിലെ പല താരങ്ങളും താലിബാൻ നയങ്ങളെ എതിർക്കുന്നവരാണ്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾക്ക് താലിബാൻ ഏർപ്പെടുത്തിയ വിലക്കിനെതിരെ റാഷിദ് ഖാനും മുഹമ്മദ് നബിയും അടുത്തിടെ രംഗത്തെത്തിയത് ഉദാഹരണമാണ്.

മറ്റൊരു വിചിത്രമായ കാര്യം കൂടി പറയാം. അന്താരാഷ്ട്ര തലത്തിൽ ഫലസ്തീനെ ശക്തമായി അനുകൂലിക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. അതുകൊണ്ടുതന്നെ ഇസ്രായേലിനെ ഒളിമ്പിക്സിൽ നിന്നും ബഹിഷ്കരിക്കമെന്ന് ദക്ഷിണാഫ്രിക്കൻ ഡെപ്യൂട്ടി സ്​പോർട്സ് മിനിസ്റ്റർ അടക്കമുള്ളവർ പറഞ്ഞിരുന്നു. അതേ സമയത്ത് കളിയിൽ രാഷ്ട്രീയം പയറ്റുന്നതിനെതിരെ നിലപാടെടുത്തയാളാണ് ​ഗേയ്റ്റൺ മ​ക്കെൻസി. ഇതേയാളാണ് ഇപ്പോൾ അഫ്ഗാനെതിരെ രംഗത്ത് വന്നത് എന്നതും കൗതുകകരമാണ്.

TAGS :

Next Story