Quantcast

ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദ് ആദ്യം ബാറ്റുചെയ്യും

MediaOne Logo

Web Desk

  • Published:

    30 Sep 2021 2:02 PM GMT

ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദ് ആദ്യം ബാറ്റുചെയ്യും
X

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ടോസ് നേടിയ ചെന്നൈ സൂപ്പര്‍കിങ്‌സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. സണ്‍റൈസേഴ്സ് കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ചെന്നൈയില്‍ ഒരുമാറ്റമാണുള്ളത്. സാം കറന് പകരം ഡ്വെയ്ന്‍ ബ്രാവോ ടീമിലിടം നേടി. ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ സണ്‍റൈസേഴ്സിന് പ്ലേ ഓഫ് സ്വപ്നം കാണാന്‍ പറ്റൂ. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രം പോര മറ്റ് ടീമുകളുടെ ഫലവും സണ്‍റൈസേഴ്സിന്റെ പ്ലേ ഓഫ് പ്രവേശനത്തിന് പ്രധാന ഘടകമാകും. നിലവില്‍ വിദൂര സാധ്യത മാത്രമാണ് അവശേഷിക്കുന്നത്.

അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ആത്മവിശ്വാസത്തിലാണ് സണ്‍റൈസേഴ്സ് കളിക്കാനിറങ്ങുന്നത്. ടൂര്‍ണമെന്റിലെ ടീമിന്റെ രണ്ടാം വിജയം മാത്രമായിരുന്നു ഇത്. ഡേവിഡ് വാര്‍ണര്‍ക്ക് പകരം ജേസണ്‍ റോയിയെ കളിപ്പിക്കാനുള്ള തീരുമാനം ടീമിന്റെ തലവര മാറ്റിയെഴുതി. റോയിയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവിലായിരുന്നു സണ്‍റൈസേഴ്സ് രാജസ്ഥാനെ തോല്‍പ്പിച്ചത്. നായകന്‍ വില്യംസണ്‍ ഫോമിലേക്കുയര്‍ന്നത് ടീമിന് പ്രതീക്ഷ പകരുന്നു.

മറുവശത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് നേരത്തേ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. എന്നാലും പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി ക്വാളിഫയറില്‍ ഇടം നേടാനാകും ധോനിയും സംഘവും ശ്രമിക്കുക. ഇരുടീമുകളും സീസണിലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ സണ്‍റൈസേഴ്സിനെ ചെന്നൈ ഏഴുവിക്കറ്റിന് തകര്‍ത്തിരുന്നു. ഐ.പി.എല്ലില്‍ ഇതുവരെ 15 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 11 മത്സരങ്ങളില്‍ ചെന്നൈ വിജയിച്ചു. നാല് മത്സരങ്ങളില്‍ വിജയം സണ്‍റൈസേഴ്സിനൊപ്പം നിന്നു.

TAGS :

Next Story