ജോറൂട്ടിനെയും വെട്ടി; ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമനായി ബ്രൂക്ക്
ഹാരി ബ്രൂക്കിന്റെ ക്രിക്കറ്റിലേക്കുള്ള വരവ് തന്നെ ഒരു കൊടുങ്കാറ്റായിരുന്നു. ആദ്യത്തെ ഒൻപത് ഇന്നിങ്സുകളിൽ നിന്നും മാത്രമായി ബ്രൂക്ക് 809 റൺസ് അടിച്ചുകൂട്ടിയിരുന്നു. അതും 98ന് മുകളിലുള്ള സ്ട്രൈക്ക് റേറ്റിൽ.
സെഞ്ച്വറികളും റൺപേമാരികളും തീർത്ത് ജോറൂട്ട് കുതിച്ചു പോയുകയാണ്. ലോകം Sഫാബുലസ് ഫോർD എന്ന് വിളിച്ച ആ നാൽവർ സംഘത്തിൽ പലരും നിറം മങ്ങി. പക്ഷേ ടെസ്റ്റിൽ ജോ റൂട്ട് ജൈത്രയാത്ര തുടരുന്നു. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച റൺസ്കോറെന്ന പദവി അണിഞ്ഞ റൂട്ട് ഒരുപാട് ബാറ്റർമാരെ മോഹിപ്പിച്ച സച്ചിന്റെ റെക്കോർഡിലേക്കുള്ള ആ യാത്രയിലാണ്. അതിന് സാധിക്കും എന്ന് തോന്നിക്കുന്ന വിധം റൂട്ട് ഫോം തുടരുന്നുമുണ്ട്. പക്ഷേ ഐ.സി.സിയുടെ പുതിയ ടെസ്റ്റ് റാങ്കിങ് പുറത്തുവിട്ടപ്പോൾ റൂട്ടിനും മുകളിലൊരാൾ ഇരിപ്പുണ്ടായിരുന്നു. വെസ്റ്റ് യോർക് ഷെയറിൽ നിന്നുള്ള 25 കാരൻ ഹാരി ബ്രൂക്ക്. 898 എന്ന മികച്ച റേറ്റിങ്ങുമായാണ് റൂട്ടിന്റെ നാട്ടുകാരൻ തന്നെയായ ബ്രൂക്ക് ഒന്നാം സ്ഥാനം തൊട്ടത്. കിവി ബൗളിങ് അറ്റാക്കിനെ തരിപ്പണമാക്കിയ പ്രകടനങ്ങളാണ് ബ്രൂക്കിന് തുണയായത്.
ഹാരി ബ്രൂക്കിന്റെ ടെസ്റ്റ് റെക്കോർഡുകൾ വളരെ കൗതുകം നിറഞ്ഞതാണ്. പൊതുവേ മികച്ച രീതിയിൽ മുന്നേറുന്ന ബാറ്റർമാരെല്ലാം എവേ മത്സരങ്ങളിൽ പതറുന്നത് നാം കാണാറുണ്ട്. പക്ഷേ ബ്രൂക്കിന്റെ റെക്കോർഡുകൾ ആ ധാരണയെ പൊളിക്കുന്നു. 23 ടെസ്റ്റുകളിലാണ് ബ്രൂക്ക് ഇതുവരെ കളത്തിലിറങ്ങിയത്. ഇതിൽ 13 എണ്ണം സ്വന്തം നാട്ടിലാണ്. പത്തെണ്ണം എവേ ഗ്രൗണ്ടിലും.
നാട്ടിലെ ടെസ്റ്റുകളിൽ ബ്രൂക്കിന്റെ ശരാശരി വെറും 38 മാത്രമാണ്. എന്നാൽ എവേ ഗ്രൗണ്ടുകളിൽ 89 എന്ന അവിശ്വസനീയമായ ശരാശരി ബ്രൂക്ക് വെച്ചുപുലർത്തുന്നു. 23 മത്സരങ്ങളിൽ നിന്നും ആകെ 61 എന്ന മികച്ച ശരാശരിയാണ് ബ്രൂക്കിനുള്ളത്. ഇതുവരെ നേടിയത് എട്ട് സെഞ്ച്വറികൾ. ഇതിൽ നാട്ടിൽ നേടിയത് വെറും ഒരെണ്ണം മാത്രം. നാട്ടിലെ ഗ്രൗണ്ടുകളിൽ കൂടി ബ്രൂക്ക് ഫോമിലേക്കുയർന്നാൽ നാളിന്നുവരെ ദർശിച്ചിട്ടില്ലാത്ത ഒരു ബാറ്ററെയായിരിക്കും നാം കാണുക.
റൺസ് അടിച്ചുകൂട്ടുക എന്നത് മാത്രമല്ല. അതെങ്ങനെ അടിക്കുന്നു എന്നതും ബ്രൂക്കിനെ സംബന്ധിച്ച് പ്രധാനമാണ്. ഇംഗ്ലീഷ് ക്രിക്കറ്റിലെ ബാസ് ബോൾ വിപ്ലവത്തിന്റെ പ്രധാനികളിലൊരാളായി ബ്രൂക്കിനെ നിലനിർത്തുന്നതും ഇതേ കാരണമാണ്. ഹോമിൽ 76ഉം എവേ മത്സരങ്ങളിൽ 96ഉം സ്ട്രൈക്ക് റേറ്റ് ബ്രൂക്ക് വെച്ചുപുലർത്തുന്നു.
ഹാരി ബ്രൂക്കിന്റെ ക്രിക്കറ്റിലേക്കുള്ള വരവ് തന്നെ ഒരു കൊടുങ്കാറ്റായിരുന്നു. ആദ്യത്തെ ഒൻപത് ഇന്നിങ്സുകളിൽ നിന്നും മാത്രമായി ബ്രൂക്ക് 809 റൺസ് അടിച്ചുകൂട്ടിയിരുന്നു. അതും 98ന് മുകളിലുള്ള സ്ട്രൈക്ക് റേറ്റിൽ. ബൗളർമാരെ കടന്നാക്രമിക്കുന്ന അഗ്രസീവ് ബാറ്റർമാർ പൊതുവേ കൂടുതൽ തിളങ്ങാറുള്ളത് വൈറ്റ് ബോൾ ക്രിക്കറ്റിലാണ്. എന്നാൽ ഈ ധാരണയെ പൊളിച്ചുപണിത ചിലരുണ്ട്. ഇന്ത്യയുടെ വീരന്ദേർ സെവാഗ് ഒരു ഉദാഹരണം. ഏകദിനത്തിലും ഐപിഎല്ലിലുമെല്ലാം സെവാഗിസം നാം കണ്ടിട്ടുണ്ട്. പക്ഷേ വെള്ളപ്പന്തുകൾക്ക് അനുയോജ്യനായി വിലയിരുത്തപ്പെട്ട സെവാഗ് പൂർണതയിൽ ഉദിച്ചത് ടെസ്റ്റ് ക്രിക്കറ്റിലാണ്. ട്വന്റി 20യിൽ പരുങ്ങുന്ന ഋഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ അഗ്രസീവായി ബാറ്റേന്തുന്നതും നാം കാണുന്നു. ഈ അപൂർവ്വ ജെനുസ്സുകളുടെ കൂട്ടത്തിലാണ് താനും എന്ന് തോന്നിപ്പിക്കുന്ന റെക്കോർഡുകളാണ് ബ്രൂക്കിനുമുള്ളത്. ട്വന്റി 20യിലും ഏകദിനത്തിലും അയാൾ അമ്പേ പരാജയമാണ് എന്ന അർത്ഥം ഇതിനില്ല. ഏകദിനത്തിൽ 39 ആവറേജിൽ 719 റൺസും ട്വന്റി 20യിൽ 30 ആവറേജിൽ 707റൺസും നേടിയിട്ടുണ്ട്. പക്ഷേ ഇതേ ബ്രൂക്ക് ടെസ്റ്റ് ക്രിക്കറ്റിൽ ഇതിഹാസ തുല്യരുടെ സ്റ്റാറ്റസിനെ വെല്ലുന്ന രീതിയിലാണ് ബാറ്റേന്തുന്നത്.
ഇപ്പോൾ അവൻ തന്നെയാണ് ഏറ്റവും മികച്ചവൻ എന്നാണ് റൂട്ട് പറയുന്നത്. ട്രാവിസ് ഹെഡ് അടക്കമുള്ള ഓപ്ഷനുകൾ ഉണ്ടെങ്കിലും റിക്കി പോണ്ടിങ് നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററായി തെരഞ്ഞെടുത്തതും ബ്രൂക്കിനെയാണ്.
ഇത്രയും മികച്ച റെക്കോർഡുകളുണ്ടായിട്ടും ബ്രൂക്കിനെ ഇന്ത്യൻ മാധ്യമങ്ങൾ ആഘോഷിച്ചിട്ടില്ല. അതിന് രണ്ട് കാരണങ്ങളുണ്ട്. 2023 ഐപിഎല്ലിൽ ബ്രൂക്കിനായി വലിയ ലേലം വിളി നടന്നിരുന്നു. ഒടുവിൽ 13.25 കോടിയെന്ന വലിയ തുകക്ക് സൺറൈസേഴ്സ് ഹൈദരാബാദ് ബ്രൂക്കിനെ കൊട്ടയിലാക്കി. ആ ലേലത്തിലെത്തന്നെ മികച്ച തുകകളിലൊന്നായിരുന്നു അത്. പക്ഷേ ആ ഡീൽ ഹൈദരാബാദിന് കനത്ത നഷ്ടമായിരുന്നു. 11 ഇന്നിങ്സുകളിൽ നിന്നും ബ്രൂക്ക് നേടിയത് വെറും 190 റൺസ്. ഒരു മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 55 പന്തുകളിൽ അടിച്ചുകൂട്ടിയ 100 റൺസ് മാത്രമായിരുന്നു ബ്രൂക്കിന് ഓർമിക്കാനുണ്ടായിരുന്നത്. മറ്റുള്ള മത്സരങ്ങളിലെല്ലാം നിരായുധനായി മടങ്ങി
തൊട്ടുപിന്നാലെ ഹൈദരാബാദ് റിലീസ് ചെയ്ത ബ്രൂക്കിന്റെ ഡിമാൻഡ് തൊട്ടടുത്ത ലേലത്തിൽ നന്നായി ഇടിഞ്ഞു. ഒടുവിൽ 4 കോടിക്ക് ഡൽഹിക്കായി പോണ്ടിങ് വിളിച്ചെടുത്തെങ്കിലും വ്യക്തിപരമായി കാരണങ്ങളാൽ ബ്രൂക്ക് ഐപിഎല്ലിൽ പങ്കെടുത്തില്ല. പുതിയ സീസണിൽ 6.25 കോടിക്ക് ബ്രൂക്കിനെ ഡൽഹി തന്നെ വിളിച്ചെടുത്തിട്ടുണ്ട്. കുട്ടിക്രിക്കറ്റിൽ തന്റെ പേരുപതിപ്പിക്കാനുള്ള നിർണായക അവസരമാണിത്.
ഇന്ത്യക്കെതിരെ ഈ വർഷം ആദ്യം നടന്ന ടെസ്റ്റ് പരമ്പരയിൽ നിന്നും ബ്രൂക്ക് പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് ബ്രൂക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്പിന്നിനെതിരെയുള്ള തന്റെ മികവടക്കമുള്ള പ്രദർശിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ ബ്രൂക്ക് എന്ന ബാറ്റർ പൂർണമായും പരീക്ഷിക്കപ്പെട്ടിട്ടില്ല. ഇന്ത്യക്കെതിരെയും ഓസീസിനെതിരെയും എവേ കണ്ടീഷനിൽ കൂടി ഇതേ ഫോമിൽ ബാറ്റേന്തുക എന്ന വലിയ വെല്ലുവിളിയാണ് ബ്രൂക്കിന് മുന്നിലുള്ളത്.
വന്നത് മുതലേ വാർത്തകളിലിടം പിടിച്ച താരമാണ് ബ്രൂക്ക്. ഇംഗ്ലീഷ് മാധ്യമങ്ങൾ ബ്രൂക്കിനെ നന്നായി ആഘോഷിച്ചിരുന്നു. വന്ന ഹൈപ്പിന്റെ അതേ ടെമ്പോ നിലനിർത്തി ഇതിഹാസ പദവിയിലേക്ക് നടന്ന താരങ്ങൾ ഏറെയുണ്ട്. നന്നായി തുടങ്ങി ഒന്നുമല്ലാതെ പോയ ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. ഇതിലെവിടെയാകും ബ്രൂക്കിന്റെ സ്ഥാനം. കാത്തിരിക്കാം.
Adjust Story Font
16