ബുംറയെ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനം ഞെട്ടിച്ചു കളഞ്ഞു: മുൻ ഇന്ത്യന്‍ സെലക്ടര്‍
"ഒരു ഫാസ്റ്റ് ബൗളർ വൈസ് ക്യാപ്റ്റനാവുക എന്നത് സങ്കീർണമാണ്"
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനപരമ്പരക്കുള്ള വൈസ് ക്യാപ്റ്റനായി പേസ് ബൗളർ ജസ്പ്രീത് ബുംറയെ നിയമിച്ച തീരുമാനം ഞെട്ടിച്ച് കളഞ്ഞു എന്ന് മുൻ ഇന്ത്യൻ താരവും സെലക്ടറുമായ സന്ദീപ് സിങ്.ഒരു ഫാസ്റ്റ് ബൗളർ വൈസ് ക്യാപ്റ്റനാവുക എന്നത് സങ്കീർണമാണ് എന്ന് അദ്ദേഹം പറഞ്ഞു.
'കെ.എൽ രാഹുലിന്റെ കാര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. അദ്ദേഹത്തിന് ടീം ഇന്ത്യയെ മികച്ച രീതിയിൽ നയിക്കാനാവും. പക്ഷെ വൈസ് ക്യാപ്റ്റനായി ബുംറയെ നിയമിച്ച തീരുമാനം എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരു ഫാസ്റ്റ് ബൗളർ വൈസ് ക്യാപ്റ്റനാവുക എന്നത് സങ്കീർണമാണ്. പന്തെറിയുകയും ഒപ്പം ഫീൽഡ് ചെയ്യുകയും ക്യാപ്റ്റനൊപ്പം തന്ത്രങ്ങൾ മെനയുകയും ചെയ്യുക. ഫീൽഡിൽ ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് ഇത് പ്രയാസകരമാവും'. സന്ദീപ് സിങ് പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്നാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിൽ കെ എൽ രാഹുലാണ് ടീമിനെ നയിക്കുന്നത്. വെറ്ററൻ ഓപ്പണർ ശിഖർ ധവാനെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.
വെങ്കടേഷ് അയ്യർ, ഋതുരാജ് ഗെയ്കവാദ് എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. വിരാട് കോഹ്ലി സ്ഥാനമൊഴിഞ്ഞ് രോഹിതിന് ക്യാപ്റ്റൻ സ്ഥാനം നൽകിയതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു. പരിക്കിന്റെ പിടിയിലുള്ള അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരെ പരിഗണിച്ചില്ല.
Adjust Story Font
16