പരമ്പര സ്വന്തമാക്കാനാകുമോ?; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 260 റൺസ് വിജയലക്ഷ്യം
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര നിലവിൽ സമനിലയിലാണ്. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 260 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 45.5 ഓവറിൽ 259 റൺസിന് പുറത്താവുകയായിരുന്നു. ജോസ് ബട്‌ലറിന്റെ 60 റൺസാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
41 റൺസ് എടുത്ത റോയ്, 34 റൺസ് എടുത്ത മൊയീൻ അലി, 32 റൺസ് എടുത്ത ഒവേർടൺ എന്നിവരും ഇംഗ്ലണ്ടിന്റെ സ്‌കോറിൽ മുന്നേറ്റമുണ്ടാക്കി. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ നാലു വിക്കറ്റും ചാഹൽ മൂന്ന് വിക്കറ്റും വീഴ്ത്തി. സിറാജ് രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. സിറാജ് ബെയർ സ്റ്റോയെയും റൂട്ടിനെയും പൂജ്യത്തിൽ പുറത്താക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മോശം തുടക്കമായിരുന്നു. ആദ്യ ഓവറിൽ 12 റൺസ് നേടി ഓപ്പണർ ജേസൺ റോയ് നന്നായി തുടങ്ങിയെങ്കിലും തൊട്ടടുത്ത ഓവറിൽ കളി മാറി. രണ്ടാം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ബുംറയ്ക്ക് പകരം ടീമിലിടം നേടിയ മുഹമ്മദ് സിറാജ് കൊടുങ്കാറ്റായി. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ഓപ്പണറായ ജോണി ബെയർസ്റ്റോയെ റൺസെടുക്കും മുൻപ് സിറാജ് മടക്കി. സിറാജിന്റെ പന്തിൽ ബൗണ്ടറിനേടാൻ ശ്രമിച്ച ബെയർസ്റ്റോയുടെ ബാറ്റിന്റെ എഡ്ജിൽ തട്ടിയ പന്ത് ഉയർന്നുപൊന്തി. പകരക്കാരനായ ശ്രേയസ്സ് അയ്യർ ഇത് അനായാസം കൈയ്യിലൊതുക്കുകയായിരുന്നു.
അവസാന ഓവറുകളിൽ ക്രെയ്ഗ് ഓവർട്ടൺ ചെറുത്തുനിന്നതോടെ ഇംഗ്ലണ്ട് സ്‌കോർ 250 കടന്നു. വൈകാതെ താരത്തെ ചാഹൽ കോലിയുടെ കൈയ്യിലെത്തിച്ചു. 33 പന്തുകളിൽ നിന്ന് 32 റൺസാണ് ഓവർട്ടണിന്റെ സമ്പാദ്യം. പിന്നാലെ റീസ് ടോപ്ലിയെ ക്ലീൻ ബൗൾഡാക്കി ചാഹൽ ഇംഗ്ലണ്ട് ഇന്നിങ്സിന് തിരശ്ശീലയിട്ടു. ബ്രൈഡൺ കാഴ്സ് പുറത്താവാതെ (3) നിന്നു.ഇന്ത്യയ്ക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ ഏഴോവറിൽ മൂന്ന് മെയ്ഡനടക്കം 24 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്തു. ചാഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ് രണ്ടുവിക്കറ്റ് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് ജഡേജ വീഴ്ത്തി.
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര നിലവിൽ സമനിലയിലാണ്. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ഇന്നത്തെ മത്സരം ജയിച്ചാൽ അസ്ഹറുദ്ദീനും എം.എസ് ധോണിക്കും ശേഷം ഇംഗ്ലണ്ടിൽ ഒരു ദ്വിരാഷ്ട്ര പരമ്പര സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ നായകനുമാകും രോഹിത് ശർമ. മത്സരത്തിൽ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് സിറാജ് അന്തിമ ഇലവനിൽ ഇടംപിടിച്ചത്. ബുംറയ്ക്ക് പരിക്കാണെന്നാണ് വിവരം.
Adjust Story Font
16