Quantcast

നിർണായക ക്യാച്ച് കൈവിട്ട ഹസനെ പ്രതിരോധിച്ച് പാക് ക്യാപ്റ്റൻ ബാബർ

19ാം ഓവറിൽ മാത്യൂ വൈഡിന്റെ ഷോട്ടാണ് ബൗണ്ടറിക്കരികിൽ നിന്ന ഹസൻ അലിയുടെ കയ്യിൽനിന്ന് ചോർന്നുപോയത്. തുടർന്ന് മൂന്നു സിക്‌സറുകളുമായി വൈഡ് ടീമിനെ ഫൈനലിലെത്തിക്കുകയായിരുന്നു

MediaOne Logo

Sports Desk

  • Updated:

    2021-11-12 15:36:37.0

Published:

12 Nov 2021 12:37 PM GMT

നിർണായക ക്യാച്ച് കൈവിട്ട ഹസനെ പ്രതിരോധിച്ച് പാക് ക്യാപ്റ്റൻ ബാബർ
X

ടി 20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ മാത്യൂ വൈഡിന്റെ നിർണായക ക്യാച്ച് കൈവിട്ട ബൗളർ ഹസൻ അലിയെ പ്രതിരോധിച്ച് പാക്കിസ്താൻ ക്യാപ്റ്റൻ ബാബർ അഅ്‌സം. കളിക്കാർ ക്യാച്ച് കൈവിട്ടുപോകുന്നത് മത്സരത്തിന്റെ ഭാഗമാണെന്നും പരാജയത്തിന്റെ കാരണം അതല്ലെന്നും നമ്മളെല്ലാവരും ഹസനൊപ്പമുണ്ടെന്നുമാണ് ബാബറിന്റെ പ്രതികരണം. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഹസൻ ക്യാച്ചെടുത്തിരുന്നെങ്കിൽ മത്സരത്തിന്റെ സ്വഭാവം മാറിയേനെയെന്ന് ബാബർ പറഞ്ഞിരുന്നു. ക്യാച്ച് കൈവിട്ടതാണ് മത്സരത്തിന്റെ ഗതി നിർണയിച്ചതെന്നും അഭിപ്രായപ്പെട്ടു.

കളിയുടെ 19ാം ഓവറിൽ മാത്യൂ വൈഡിന്റെ ഷോട്ടാണ് ബൗണ്ടറിക്കരികിൽ നിന്ന ഹസൻ അലിയുടെ കയ്യിൽനിന്ന് ചോർന്നുപോയത്. തുടർന്ന് മൂന്നു സിക്‌സറുകളുമായി വൈഡ് ടീമിനെ ഫൈനലിലെത്തിക്കുകയായിരുന്നു. ടൂർണമെൻറിലുടനീളം ഹസന്റെ പ്രകടനം മോശമായിരുന്നു, അവസാനം നിർണായക ക്യാച്ചു വിട്ടുവെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു ബാബർ മറുപടി പറഞ്ഞത്. മാത്രമല്ല, അദ്ദേഹം തങ്ങളുടെ പ്രധാന ബൗളറാണെന്നും ടീമിന് ഒരുപാട് വിജയങ്ങൾ സമ്മാനിച്ചയാളാണെന്നും ബാബർ പറഞ്ഞു. ഹസൻ അലി കുറച്ച് മോശം ഫോമിലായിരുന്നുവെങ്കിലും നന്നായി പരിശ്രമിച്ചിരുന്നുവെന്നും തങ്ങൾ അദ്ദേഹത്തിന് പിറകിലുണ്ടെന്നും ടൂർണമെൻറിൽ മികച്ച പ്രകടനം നടത്തിയ ബാബർ പറഞ്ഞു. ക്യാച്ച് വിട്ടതിന് പുറമേ 44 റൺസും ഹസൻ വഴങ്ങിയിരുന്നു.

ഫാസ്റ്റ് ബൗളർമാരെ നന്നായി നേരിടുന്ന ആസ്‌ത്രേലിയക്കെതിരെ കൂടുതൽ സ്പിന്നർമാരെ കളിപ്പിക്കണമായിരുന്നുവെന്ന ആരോപണം അദ്ദേഹം തള്ളി. ഷുഹൈബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരടക്കം തങ്ങൾക്ക് നാലു സ്പിന്നർമാരുണ്ടൊയിരുന്നുവെന്നും വ്യക്തമാക്കി. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താൻ നാലു വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയിരുന്നു. എന്നാൽ 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 12.2 ഓവറിൽ 96 റൺസെന്ന നിലയിൽ പരുങ്ങലിലായ ടീമിനെ വൈഡും സ്‌റ്റോണിസും ചേർന്ന് വിജയത്തിലെത്തിക്കുകയായിരുന്നു. 41 ബോളിൽ 81 റൺസാണ് ഇരുവരും നേടിയത്.

അതേസമയം, ഇന്ത്യവിത്ത് ഹസൻഅലി #INDwithHasanAli എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. ഷിയാ മുസ്‌ലിമായതിന്റെ പേരിൽ അദ്ദേഹം വേട്ടയാടപ്പെടുന്നുവെന്നടക്കം ട്വീറ്റുകളുണ്ട്. പാക്കിസ്താന്റെ അസഹിഷ്ണുതയും വിദ്വേഷവും നിന്ദ്യമാണെന്നും ഇന്ത്യൻ ട്വിറ്റർ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

TAGS :

Next Story