സച്ചിന്‍ ബേബിക്ക് സെഞ്ച്വറി; കൊല്ലം സെയ്‌ലേഴ്‌സിന് ഏഴു വിക്കറ്റ് ജയം
50 പന്തില്‍ എട്ടു സിക്‌സറുകളും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 105 റണ്‍സുമായി സച്ചിന്‍ പുറത്താകാതെ നിന്നു
തിരുവനന്തപുരം: പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ച്വറി നേട്ടവുമായി കൊല്ലം സെയ്‌ലേഴ്‌സ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. സെഞ്ച്വറി മികവില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ കൊല്ലം ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത, കൊച്ചി നേടിയ 158 റണ്‍സ് എന്ന വിജയലക്ഷ്യം കൊല്ലം 18.4 ഓവറില്‍ മറികടന്നു. 50 പന്തില്‍ എട്ടു സിക്‌സറുകളും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 105 റണ്‍സുമായി സച്ചിന്‍ പുറത്താകാതെ നിന്നു. സച്ചിനാണ് പ്ലയര്‍ ഓഫ് ദ മാച്ച്.
ആദ്യം ബാറ്റിംഗിനിറങ്ങിയ കൊച്ചി ടൈഗേഴ്സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സ് നേടിയത്. സ്‌കോര്‍ 15ലെത്തിയപ്പോള്‍ കൊച്ചിക്ക് ആദ്യവിക്കറ്റ് നഷ്ടമായി. എട്ടു പന്തില്‍ 12 റണ്‍സെടുത്ത അനന്തകൃഷ്ണനെ കെ. ആസിഫിന്റെ പന്തില്‍ അഭിഷേക് നായര്‍ പുറത്താക്കി.
സിജോമോന്‍ ജോസഫിന്റെ മികച്ച ബാറ്റിങ്ങാണ് കൊച്ചിയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 33 പന്തില്‍ നിന്നു മൂന്നു സിക്സറും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ 50 റണ്‍സെടുത്ത സിജോമോനെ കെ. ആസിഫിന്റെ പന്തില്‍ എന്‍.എം. ഷംസുദ്ദീന്‍ പുറത്താക്കിയപ്പോള്‍ ടീം സ്‌കോര്‍ 150 കടന്നിരുന്നു. 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 എന്ന റണ്‍സിന് കൊച്ചിയുടെ ഇന്നിങ്സ് അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയ്ലേഴ്സിന് ഓപ്പണര്‍ അഭിഷേക് നായരെ ടീം സ്‌കോര്‍ 10ല്‍ എത്തിയപ്പോള്‍ നഷ്ടമായി. രാഹുല്‍ ശര്‍മ്മയുമായി ചേര്‍ന്നുള്ള സച്ചിന്‍ ബേബിയുടെ കൂട്ടുകെട്ട് കൊല്ലത്തിന് മിന്നും വിജയം സമ്മാനിച്ചു. മനു കൃഷ്ണയുടെ ഓവറിൽ തുടർച്ചയായി നാല് സിക്സറുകളാണ് സച്ചിൻ ബേബിയുടെ ബാറ്റിൽ നിന്ന് പിറന്നത്.
Adjust Story Font
16