വെടിക്കെട്ടിനൊടുവില്‍ ചെന്നൈ; കൊല്‍ക്കത്തക്കെതിരെ 18 റണ്‍സ് ജയം
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, നൈറ്റ് റൈഡേഴ്സിനെതിരെ 221 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഉയർത്തിയത്
ഐ.പി.എല്ലിലെ ത്രില്ലിങ് ഗെയിമിനൊടുവിൽ ചെന്നൈക്ക് മുന്നിൽ തോൽവി സമ്മതിച്ച് കൊൽക്കത്ത. ചെന്നൈ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 202 റൺസിന് ഓൾ ഔട്ടായപ്പോൾ, ചെന്നൈക്ക് 18 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം.
സ്കോർ: ചെന്നൈ സൂപ്പർ കിങ്സ്: 220-3 (20), കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്: 202-10 (19.1)
കൂറ്റൻ സ്കോറിലേക്ക് ബാറ്റ് വീശിയ കൊൽക്കത്തയുടെ തുടക്കം ഇടർച്ചയോടെയായിരുന്നു. മുൻ നിര അമ്പേ പരാജയപ്പെട്ടപ്പോൾ കൊൽക്കത്തയുടെ സ്കോർ 31 അഞ്ച് വിക്കറ്റ് എന്ന നിലയിലായിരുന്നു. നിതീഷ് റാണ (9), ശുഭ്മാൻ ഗിൽ (0), രാഹുൽ ത്രിപാഠി (8), നായകൻ മോർഗൻ (7), സുനിൽ നരെയ്ൻ (4) എന്നിവർ എളുപ്പം പുറത്തായി. എന്നാല്‍ പിന്നീടങ്ങോട്ട് ചെന്നൈയുടെ നെഞ്ചിടിപ്പേറ്റി കൊല്‍ക്കത്ത തിരിച്ചു വരുന്നതാണ് കണ്ടത്.
തുടർന്നെത്തിയ ആന്ദ്രേ റസലും (22 പന്തിൽ 54) ദിനേശ് കാർത്തികും (24 പന്തിൽ 40) കൊൽക്കത്തൻ ക്യാമ്പിന് പ്രതീക്ഷ പകർന്നു. ഇടക്ക് വെച്ച് റസലും കാർത്തികും വീണങ്കിലും, ഉഗ്ര ബാറ്റിങ്ങുമായി പാറ്റ് കമ്മിൻസ് (34 പന്തിൽ 66 നോട്ടൗട്ട്) കൊൽക്കത്തയെ വിജയത്തിലേക്ക് അടുപ്പിച്ചു. 34 പന്ത് നേരിട്ട കമ്മിൻസ് ആറ് സിക്സറുകളും നാല് ബൗണ്ടറികളുമാണ് പറത്തിയത്. കമ്മിൻസിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനിടയിലും മറുതലക്കൽ വിക്കറ്റുകൾ കൊഴിഞ്ഞ് പോയത് കൊൽക്കത്തക്ക് വിനയായി.അവസാന ഓവറുകളിൽ കമലേഷ് നാഗർകോട്ടി, വരുൺ, പ്രസിധ് കൃഷ്ണ എന്നിവർ പൂജ്യരായാണ് മടങ്ങിയത്.
ചെന്നൈക്കായി ദീപക് ചഹാർ നാല് വിക്കറ്റ് എടുത്തു. ലുങ്കി എൻങ്കിടി മൂന്നും സാം കറൻ ഒരു വിക്കറ്റുമെടുത്തു.
നേരത്തെ, ഡൂ പ്ലെസിസും (60 പന്തിൽ 95) ഗെയ്‍ക്വാദും (42 പന്തിൽ 64) വെടിക്കെട്ട് ബാറ്റിങ് മികവിലാണ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റിന് 220 റൺസ് സൂപ്പർ കിങ്സ് അടിച്ചു കൂട്ടിയത്.
രണ്ട് അർധ സെഞ്ച്വറികളോടെ 115 റൺസിന്റെ ഓപ്പണിങ് കൂട്ടുക്കെട്ടാണ് ഡൂപ്ലെസിസും ഗെയ്ക്വാദും ചെന്നൈക്കായി നേടിയത്.
വരുൺ ചക്രവർത്തിയുടെ പന്തിൽ കമ്മിൻസ് പിടിച്ച് കെയ്ക‍്വാദ് പുറത്ത് പോകുമ്പോൾ ചെന്നൈ 12.2 ഓവറിൽ 115 റൺസിന് ഒരു വിക്കറ്റ്. തുടർന്നെത്തിയ മൊഈൻ അലിയും (12 പന്തിൽ 25) മോശമാക്കിയില്ല. സ്കോർ 165ൽ നിൽക്കെ അലിയും വീണു.
പിന്നീടെത്തിയ നായകൻ ധോണി (8 പന്തിൽ 17) കത്തിപ്പടരും മുന്നേ മോർഗന്റെ പറന്നുള്ള മനോഹര ക്യാച്ചിലൂടെ പുറത്ത് പോകുമ്പോൾ ചെന്നൈ സ്കോർ ഇരുന്നൂറ് പിന്നിട്ടിരുന്നു, 18 ഓവറിൽ 201 റൺസ്. നേരിട്ട ഏക ബോൾ സിക്സറിന് പറത്തി ജഡേജ ഡൂപ്ലെസിസിനൊപ്പം പുറത്താകാതെ നിന്നു.
പൊതിരെ തല്ലു വാങ്ങിയ നൈറ്റ് റൈഡേഴ്സ് ബൗളിങ് നിരയിൽ വരുൺ ചക്രവർത്തി, സുനിൽ നരെയിൻ, റസൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Adjust Story Font
16