തലയുടെ വൺമാൻ ഷോ; ചെന്നൈക്ക് അപ്രതീക്ഷിത ജയം
ജയത്തോടെ ചെന്നൈ 4 പോയിയിന്റുകളാണ് കരസ്ഥമാക്കിയത്
ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് അപ്രതീക്ഷിത ജയം. മഹേന്ദ്ര സിങ് ധോണിയുടെ അവസാന ഓവറുകളിലെ മിന്നും പ്രകടനമാണ് ചെന്നൈക്ക് തുണയായത്. മുംബൈ ഇന്ത്യൻസിനെതിരെ മൂന്നു വിക്കറ്റിനാണ് ചെന്നൈയുടെ ജയം. ഒരു പന്തിൽ നാല് റൺസ് മാത്രം ബാക്കി നിൽക്കെ ഫോർ അടിച്ച് മുൻ ടീം ക്യാപ്റ്റൻ ഫിനിഷ് ചെയ്യുകയായിരുന്നു. 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ, 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്.
ജയത്തോടെ ചെന്നൈയ്ക്ക് നാല് പോയിന്റായി. തുടർച്ചയായ ഏഴാം മത്സരവും തോറ്റതോടെ ഈ സീസണിൽ ഇനി മുംബൈയുടെ യാത്ര പ്രയാസകരമാകും.. രണ്ടാമത് ബാറ്റ് ചെയ്ത ചെന്നൈയ്ക്ക്, ആദ്യ പന്തിൽ തന്നെ അടിയേറ്റു. ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് സംപൂജ്യനായി പുറത്താവുകയായിരുന്നു. ഡാനിയൽ സാംസാണ് ഗെയ്ക്വാദിനെ തിലക് വർമയുടെ കൈകളിൽ എത്തിച്ചത്. പിന്നീടെത്തിയ മിച്ചൽ സാന്റ്‌നറിനെയും (9 പന്തിൽ 11) മൂന്നാം ഓവറിൽ സാംസ് പുറത്താക്കി. മൂന്നാം വിക്കറ്റിൽ റോബിൻ ഉത്തപ്പയും (25 പന്തിൽ 30) അംബാട്ടി റായിഡുവും (35 പന്തിൽ 40) 50 റൺസെടുത്തു. ഒൻപതാം ഓവറിൽ ജയ്‌ദേവ് ഉനദ്കട്ട് ഉത്തപ്പയെ പുറത്താക്കി. നാലാം വിക്കറ്റിൽ റായിഡുവും ശിവം ദുബെയും (14 പന്തിൽ 13) ഒത്തുചേർന്നെങ്കിലും രണ്ടാം സ്‌പെല്ലിൽ ഡാനിയൽ സാംസ് ഇരുവരെയും പുറത്താക്കുകയായിരുന്നു.
പിന്നീടെത്തിയ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയുടെ (8 പന്തിൽ 3) പ്രകടനം നിരാശജനകമായിരുന്നു. ഏഴാം വിക്കറ്റിൽ എം.എസ്.ധോണിയും (9 പന്തിൽ 12), ഡ്വെയ്ൻ പ്രിട്ടോറിയസും (14 പന്തിൽ 22) 33 റൺസെടുത്തു. അവസാന ഓവറിൽ 17 റൺസാണ് ചെന്നൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. അവസാന ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഉനദ്കട്ട് പ്രിട്ടോറിയസിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. എന്നാൽ അവസാന 4 പന്തിൽ ഒരു സിക്‌സും രണ്ടു ഫോറും ഉൾപ്പെടെ 16 റൺസെടുത്തു ധോണി വിജയം ഉറപ്പാക്കുകയായിരുന്നു.
കളിയിൽ മുംബൈ ഇന്ത്യൻസിന് കനത്ത ബാറ്റിംങ് തകർച്ചയാണുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 7 വിക്കറ്റുകളാണ് ഓരോന്നോരാന്നായി നഷ്ടപ്പെട്ടത്. മികച്ച ബൗളിംഗിലൂടെ ചെന്നൈ ബൗളർമാർ മുംബൈ ഇന്ത്യൻസിനെ 155 ൽ പിടിച്ചുകെട്ടുകയായിരുന്നു. അർധസെഞ്ചുറി തികച്ച തിലക് വർമ (43 പന്തിൽ 51) ആണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്.
മൂന്ന് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത ചെന്നൈ ബോളർ മുകേഷ് ചൗധരിയാണ് ബൗളിംഗ് നിരയിലെ കേമൻ. 14 റൺസിന് കീറോൺ പൊള്ളാർഡിനെ തീക്ഷണ പുറത്താക്കി. ഇതു രണ്ടാം തവണ മാത്രമാണ് മുംബൈയുടെ രണ്ട് ഓപ്പണർമാരും ഡക്കിനു പുറത്താകുന്നത്. ഐപിഎലിൽ ഏറ്റവും കൂടുതൽ തവണ ഡക്കിനു പുറത്താകുന്ന താരമെന്ന നാണംക്കെട്ട റെക്കോർഡ് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ പേരിലുമായി. 14 തവണയാണ് രോഹിത് റണ്ണൊന്നുമെടുക്കാതെ പുറത്തായത്.
തിലക് വർമയ്ക്കു പുറമെ സൂര്യകുമാർ യാദവ് (21 പന്തിൽ 32), അരങ്ങേറ്റക്കാരൻ ഹൃത്വിക് ഷോക്കീൻ (25 പന്തിൽ 25) എന്നിവർ മാത്രമാണ് മുംബൈ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഡെവാൾഡ് ബ്രവിസ് (7 പന്തിൽ 4), കീറോൺ പൊള്ളാർഡ് ( 9 പന്തിൽ 14), ഡാനിയൽ സാംസ് (3 പന്തിൽ 5) എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റർമാരുടെ സ്‌കോറുകൾ. 9 പന്തിൽ 19 റൺസെടുത്ത് ജയ്ദേവ് ഉനദ്കട്ട് പുറത്താകാതെനിന്നു. മുകേഷ് ചൗധരിക്കു പുറമെ ചെന്നൈയ്ക്കായി ഡ്വെയ്ൻ ബ്രാവോ രണ്ടും മിച്ചൽ സാന്റ്നർ, മഹേഷ് തീക്ഷണ എന്നിവർ ഓരോ വിക്കറ്റു നേടി. 14 ഐ.പി.എൽ സീസണുകളിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമാണ് ഇരുവരും. 5 തവണ മുംബൈയും 4 തവണ ചെന്നൈയും ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടത്. അതേസമയം, ഐ.പി.എല്ലിന്റെ 15ാം പതിപ്പിൽ മോശം പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്.
Adjust Story Font
16