ഗെയ്ക് വാദ് ബാക്ക്; ഗുജറാത്തിന് ജയിക്കാന്‍ 170 റണ്‍സ്
ഗെയ്ക് വാദിന്‍റേയും അംബാട്ടി റായിഡുവിന്‍റേയും തകര്‍പ്പന്‍ പ്രകടനങ്ങളാണ് ചെന്നൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്
സീസണിൽ ഫോം കണ്ടെത്താൻ കഷ്ടപ്പെട്ടു കൊണ്ടിരുന്ന ഋതുരാജ് ഗെയ്ക് വാദ് ഗംഭീര തിരിച്ചുവരവ് നടത്തിയ മത്സരത്തിൽ ഗുജറാത്തിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 169 റൺസ് എടുത്തു. ഗെയ്ക് വാദ് 48 പന്തിൽ അഞ്ച് സിക്‌സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിൽ 73 റൺസെടുത്തു. 46 റൺസെടുത്ത അംബാട്ടി റായിഡു ഗെയ്ക് വാദിന് മികച്ച പിന്തുണയാണ് നൽകിയത്. അവസാന ഓവറില്‍ ഫെര്‍ഗൂസണെ തുടരെ രണ്ടു സിക്സര്‍ പറത്തി ക്യാപ്റ്റന്‍ ജഡേജ മനോഹരമായാണ് ചെന്നൈ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഗുജറാത്തിനായി അൽസാരി ജോസഫ് രണ്ടു വിക്കറ്റ് വീഴ്ത്തി..
നേരത്തെ ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്‌കോർ ഏഴിൽ നിൽക്കെ ഓപ്പണർ റോബിൻ ഉത്തപ്പയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ചെന്നൈയെ ആദ്യ പ്രഹരമേൽപ്പിച്ചത്. ആഞ്ചാം ഓവറിൽ മുഈന്‍ അലിയെ അൽസാരി ജോസഫ് കൂടാരം കയറ്റി. പിന്നീട് ഒത്തു ചേർന്ന ഗെയ്ക് വാദ് റായിഡു ജോഡി ചെന്നൈ സ്‌കോർ ബോർഡ് അതിവേഗം ഉയർത്തി. ഇരുവരും ചേർന്ന് 56 പന്തിൽ 92 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 14ാം ഓവറിലാണ് ഈ കൂട്ടുകെട്ട് വേർപിരിഞ്ഞത്. അംബാട്ടി റായിഡുവിനെ അൽസാരി ജോസഫ് വിജയ് ശങ്കറിന്റെ കൈകളിലെത്തിച്ചു. 16ാം ഓവറിൽ ഗെയ്ക് വാദും കൂടാരം കയറി. യാഷ് ദയാലിനാണ് ഗെയ്ക് വാദിന്റെ വിക്കറ്റ്.
Adjust Story Font
16