Quantcast

ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ: ടീം ഇന്ത്യയും വൈവിധ്യമുൾക്കൊള്ളുന്നുവെന്ന് കോൺഗ്രസ്

വിവിധ താരങ്ങളും അവരുടെ സംസ്ഥാനവും രേഖപ്പെടുത്തിയ ഇന്ത്യയുടെ ഭൂപടം കോൺഗ്രസ് പങ്കുവെച്ചു

MediaOne Logo

Sports Desk

  • Updated:

    2023-11-17 17:37:36.0

Published:

17 Nov 2023 3:44 PM GMT

Congress shared a map of India with various cricketers and their state
X

ഏകദിന ലോകകപ്പിൽ ഫൈനൽ കളിക്കാനിരിക്കുന്ന ടീം ഇന്ത്യ നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ സത്തയെ ഉൾക്കൊള്ളുന്നുവെന്ന് കോൺഗ്രസ്. ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളുടെ വിവരണം സഹിതം ട്വിറ്ററി (എക്‌സ്)ലാണ് പാർട്ടിയുടെ പ്രതികരണം. വിവിധ താരങ്ങളും അവരുടെ സംസ്ഥാനവും രേഖപ്പെടുത്തിയ ഇന്ത്യയുടെ ഭൂപടം കോൺഗ്രസ് പങ്കുവെച്ചു.

'വൈവിധ്യമാർന്ന പ്രദേശങ്ങൾ, വിവിധ ഭാഷകൾ, വ്യത്യസ്ത മതങ്ങൾ, എന്നിട്ടും, അചഞ്ചലമായ ഒരു 'ടീം ഇന്ത്യ.' ഇത് നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ സത്തയെ ഉൾക്കൊള്ളുന്നു' കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

കെഎൽ രാഹുൽ, പ്രസിദ്ധ് കൃഷ്ണ (കർണാടക), രോഹിത് ശർമ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഷർദുൽ താക്കൂർ (മഹാരാഷ്ട്ര), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ(ഗുജറാത്ത്), ശുഭ്മാൻ ഗിൽ(പഞ്ചാബ്), വിരാട് കോഹ്‌ലി (ഡൽഹി), മുഹമ്മദ് ഷമി, കുൽദീപ് യാദവ്( ഉത്തർ പ്രദേശ്), ഇഷാൻ കിഷൻ (ബിഹാർ), മുഹമ്മദ് സിറാജ് (തെലങ്കാന), രവിചന്ദ്രൻ അശ്വിൻ (തമിഴ്‌നാട്) എന്നിവരാണ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലുള്ളത്.

ലോകകപ്പിലെ ഇന്ത്യൻ മുന്നേറ്റവുമായി ബന്ധപ്പെട്ട പോസ്റ്ററുകളിലെല്ലാം 'ടീം ഇന്ത്യ' എന്ന പ്രയോഗത്തിന് കോൺഗ്രസ് ഊന്നൽ നൽകുന്നുണ്ട്. രാജ്യത്തെ പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് കോൺഗ്രസടക്കമുള്ള കക്ഷികൾ 'ഇന്ത്യ' മുന്നണിയുണ്ടാക്കുകയും ഭാരതമെന്ന പേരിലേക്ക് ഭരണപക്ഷമായ എൻഡിഎ ഊന്നൽ നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.

ഞായറാഴ്ചയാണ് ഏകദിന ലോകകപ്പ് ഫൈനൽ നടക്കുന്നത്. മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയും ആസ്ത്രേലിയയുമാണ് ഏറ്റുമുട്ടുക. മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിനു യോഗ്യത നേടിയത്. വിരാട് കോഹ്ലിയും ശ്രേയസ് അയ്യറും സെഞ്ച്വറി അടിച്ച മത്സരത്തിൽ 398 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ കിവി ഇന്നിങ്‌സ് 327 റൺസിൽ ഒതുങ്ങി. ഏഴു വിക്കറ്റുമായി വാങ്കെഡെയിൽ നിറഞ്ഞാടുകയായിരുന്നു മുഹമ്മദ് ഷമി.

വിരാട് കോഹ്ലിയും രോഹിത് ശർമയും ഐസിസി ടൂർണമെൻറുകളിലെ ഏഴാം ഫൈനലാണ് കളിക്കാൻ പോകുന്നത്. നിലവിൽ യുവരാജിന്റെ പേരിലുള്ള റെക്കോർഡിൽ ഇതോടെ ഇവരും പങ്കാളികളാകും. ലോകകപ്പ് ഫൈനൽ കൂടി വിജയിച്ചാൽ നായകനായി തുടർച്ചയായ 11 വിജയങ്ങളെന്ന ഏകദിന റെക്കോർഡിൽ എംഎസ് ധോണിക്കൊപ്പം രോഹിത് ശർമയുമെത്തും. 120 സ്ട്രൈക്ക് റൈറ്റോടെ ഒരു ലോകകപ്പ് എഡിഷനിൽ 500 റൺസ് തികയ്ക്കുന്ന ഏകതാരമായി രോഹിത് ശർമ മാറിയിരിക്കുകയാണ്.

രണ്ടാമത്തെ സെമി ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ആസ്‌ട്രേലിയ 212 റൺസിൽ എറിഞ്ഞിട്ടു. 47.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നാണ് റിപ്പോർട്ട്. എ.ബി.പി ന്യൂസാണ് വാർത്ത പുറത്തുവിട്ടത്.

Congress shared a map of India with various cricketers and their state

TAGS :

Next Story