ലോങ്‌റൂമിലെ വിവാദം; ഖവാജയോട് കയർത്ത അംഗങ്ങൾക്ക് സസ്‌പെൻഷൻ
ലോര്‍ഡ്സ് ടെസ്റ്റിലെ അഞ്ചാംദിനം ലഞ്ചിന് വേണ്ടി ആസ്‌ട്രേലിയൻ കളിക്കാർ മടങ്ങുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ
ലണ്ടന്‍: ആസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഉസ്മാന്‍ ഖവാജയുമായി ബന്ധപ്പെട്ട് ലോംഗ് റൂമില്‍ നടന്ന നാടകീയ സംഭവങ്ങളില്‍ മാപ്പ് ചോദിച്ച് മെരിലെബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി).
ലോര്‍ഡ്സ് ടെസ്റ്റിലെ അഞ്ചാംദിനം ലഞ്ചിന് വേണ്ടി ആസ്‌ട്രേലിയൻ കളിക്കാർ മടങ്ങുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. ലോംഗ് റൂമിലൂടെ നടക്കുമ്പോള്‍ ഉസ്‌മാന്‍ ഖവാജയെ എംസിസി അംഗങ്ങളില്‍ ഒരാള്‍ തടഞ്ഞുനിര്‍ത്തി എന്തോ പറഞ്ഞു. ഇതോടെ സഹതാരം ഡേവിഡ് വാര്‍ണര്‍ ഇടപെടുന്നതും എം.സി.സി അംഗങ്ങളുമായി തര്‍ക്കിക്കുന്നതുമാണ് പുറത്തുവരുന്ന വീഡിയോയിലുള്ളത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
എന്നാല്‍ എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ല. സുരക്ഷാ അംഗങ്ങളെത്തിയാണ് താരങ്ങളെ ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുപോയത്. ഓസീസ് താരങ്ങള്‍ കോണിപ്പടി കയറി മുകളിലേക്ക് പോകുമ്പോള്‍ എംസിസി അംഗങ്ങളില്‍ ചിലര്‍ കൂവിവിളിക്കുന്നുണ്ടായിരുന്നു. ഈ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് അംഗങ്ങളെ എം.സി.സി സസ്‌പെന്‍ഡ് ചെയ്‌തത്. അന്വേഷണം പൂര്‍ത്തിയാകും വരെ മൂവര്‍ക്കും ലോര്‍ഡ്‌സിലേക്ക് തിരികെ വരാനാകില്ല.
വിവാദങ്ങള്‍ക്ക് പിന്നാലെ ഖവാജ തന്നെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തി. എം.സി.സി അംഗങ്ങളുടെ പെരുമാറ്റത്തെ ഖവാജ അപലപിച്ചു. ശരിക്കും നിരാശാജനകമായിരുന്നുവെന്നാണ് ഖവാജ വ്യക്തമാക്കിയത്. 'എനിക്ക് വരാൻ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ലോർഡ്സ്. ലോർഡ്‌സിൽ എപ്പോഴും ബഹുമാനം കാണിക്കാറുണ്ട്, പ്രത്യേകിച്ച് ലോംഗ് റൂമിലെ അംഗങ്ങളുടെ പവലിയനിൽ, പക്ഷേ അങ്ങനെയൊന്ന് കഴിഞ്ഞ ദിവസം സംഭവിച്ചില്ല. അത് വളരെ നിരാശാജനകമായിരുന്നു'- ഖവാജ പറഞ്ഞു.
ആഷസിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ച ഓസ്‌ട്രേലിയ നിലവില്‍ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ആസ്‌ട്രേലിയയ്ക്ക് വിജയം സമ്മാനിക്കുന്നതില്‍ ഖവാജയുടെ ബാറ്റിങ് നിര്‍ണായകമായിരുന്നു. പരമ്പരയില്‍ മികച്ച ഫോമിലാണ് ഖവാജ.
Adjust Story Font
16