വിവാഹക്കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ താരം റിങ്കു സിങ്ങിന് വധുവായി സമാജ് വാദി പാർട്ടി എംപി പ്രിയ സരോജ്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കുസിങ്ങും സമാജ് വാദി പാർട്ടി എംപി തുഫാനി സരോജും വിവാഹിതരാകുന്നു. പ്രിയയുടെ പിതാവും സമാജ് വാദി പാർട്ടി എംഎൽഎയുമായ തുഫാനി സരോജാണ് ഇതു സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.
‘‘റിങ്കുവും പ്രിയയും ഒരുവർഷത്തിലേറെയായി അറിയുന്നവരാണ്. ഇരുവർക്കും പരസ്പരം ഇഷ്മായിരുന്നുവെങ്കിലും കുടുംബങ്ങളുടെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ രണ്ട് കുടുംബങ്ങൾക്കും വിവാഹത്തിന് സമ്മതമാണ്’’ - തുഫാനി സരോജ് പ്രതികരിച്ചു. വിവാഹത്തിന്റെയും നിശ്ചയത്തിന്റെയും തീയ്യതികൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ സംഘത്തിൽ അംഗമായിരുന്നു റിങ്കു സിങ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ(ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി നടത്തിയ മിന്നും പ്രകടനങ്ങളിലൂടെയാണ് റിങ്കു വാർത്തകളിൽ നിറയുന്നത്. ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിലെ മച്ച്‌ലിഷഹറിൽനിന്നുള്ള ലോക്‌സഭാ എംപിയാണ് പ്രിയ സരോജ്. 26ാം വയസിലാണ് അവർ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. ലോക് സഭയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണവർ.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന ബിജെപി നേതാവും സിറ്റിങ് എംപിയുമായ ബി.പി സരോജിനെ തോൽപിച്ചാണ് പ്രിയ സരോജ് പാർലമെന്റിലെത്തുന്നത്. 35,850 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എസ്പി നേതാവിന്റെ വിജയം. മച്ച്‌ലിഷഹറിൽ ഉൾപ്പെടെ മൂന്ന് തവണ ലോക്‌സഭാ എംപിയായിരുന്നു പ്രിയയുടെ പിതാവ് തൂഫാനി സരോജ്. നിലവിൽ മച്ച്‌ലിഷഹർ നിയമസഭാ അംഗമാണ്
രാഷ്ട്രീയത്തിൽ പ്രവേശിക്കുംമുൻപ് നിയമരംഗത്ത് സജീവമായിരുന്നു പ്രിയ സരോജ്. ന്യൂഡൽഹിയിലെ എയർ ഫോഴ്‌സ് ഗോൾഡൻ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു സ്‌കൂൾ പഠനം. ഡൽഹി സർവകലാശാലയിൽനിന്നും നോയ്ഡയിലെ അമിറ്റി സർവകലാശാലയിലും നിയമപഠനം പൂർത്തിയാക്കി. ഇതിനുശേഷം സുപ്രിംകോടതിയിൽ അഭിഭാഷകയാണ്.
അതേസമയം, നിലവിൽ ഇന്ത്യയുടെ ടി20 സംഘത്തിൽ സ്ഥിരാംഗമാണ് റിങ്കു സിങ്. 22ന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കായുള്ള സ്‌ക്വാഡിലും താരം ഉൾപ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ സംഘത്തിലും റിങ്കു ഉണ്ടാകുമെന്നാണു സൂചന. അടുത്തിടെ അലിഗഢിൽ പുതിയ വീട് വാങ്ങിയ താരം വിവാഹശേഷം ഇവിടെ സ്ഥിരതാമസമാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
Adjust Story Font
16