'കീപ്പിങ് മാത്രമല്ല ബാറ്റിങും നന്നാവണം': സഞ്ജുവിന് ഇന്ന് നിർണായകം
വിക്കറ്റ് കീപ്പർ ബാറ്ററായി ആദ്യ മത്സരത്തിൽ അവസരം ലഭിച്ചുവെങ്കിലും 18 പന്തിന്റെ ആയുസ് മാത്രമെ സഞ്ജുവിന് ഉണ്ടായുള്ളൂ.
പോർട്ട്ഓഫ് സ്‌പെയിൻ: വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം ഏകദിനം ഇന്ന് നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തിലേക്ക് ഉറ്റുനോക്കി ആരാധകർ. വിക്കറ്റ് കീപ്പർ ബാറ്ററായി ആദ്യ മത്സരത്തിൽ അവസരം ലഭിച്ചുവെങ്കിലും 18 പന്തിന്റെ ആയുസ് മാത്രമെ സഞ്ജുവിന് ഉണ്ടായുള്ളൂ. ഒരു സിക്‌സർ കണ്ടെത്തിയെങ്കിലും 12 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. റൊമരിയോ ഷെപാർഡിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് സഞ്ജു മടങ്ങിയത്.
ആദ്യ ഏകദിനത്തിൽ മുൻനിര ബാറ്റർമാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ധവാൻ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർ അർദ്ധ സെഞ്ച്വറി കണ്ടെത്തി. എന്നാൽ സൂര്യകുമാർ യാദവിനും ദീപക് ഹൂഡക്കും തിളങ്ങാനായില്ല. മധ്യനിരയിൽ സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിനൊപ്പം മത്സരിക്കുന്നവരാണ് ഇവരും. ഇരുവർക്കും രണ്ടാം ഏകദിനത്തിലും അവസരം ലഭിക്കും. ഒരു മത്സരം പരാജയപ്പെട്ടാൽ പോലും പുറത്തുപോകേണ്ട അവസ്ഥായാണ് ഇന്ത്യൻ ടീമിലുള്ളത്. ആഭ്യന്തര മത്സരങ്ങളിലടക്കം കഴിവ് തെളിയിച്ച് പുറത്തുണ്ട്, മറ്റൊരു യുവനിരയും.
അതിനാൽ ഓരോ മത്സരവും എല്ലാവർക്കും നിർണായകം. രോഹിതും കോഹ്‌ലിയും അടങ്ങുന്ന മുൻനിര കൂടി മടങ്ങിയെത്തിയാൽ ഇപ്പോൾ അവസരം ലഭിച്ചവർക്ക് പുറത്തിരുക്കേണ്ടിയും വരും. അതിനാലാണ് സഞ്ജുവടക്കമുള്ളവർക്ക് മത്സരം നിർണായകമാകുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. അതേസമയം വിക്കറ്റിന് പിന്നിൽ സഞ്ജു ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. സിറാജിന്റെ ലെഗ്സ്റ്റമ്പിന് വെളിയിലൂടെ പോയ വൈഡ് ഡെലിവറി പറന്ന് പിടിച്ചാണ് സഞ്ജു രക്ഷപ്പെടുത്തിയത്. മത്സരത്തിൽ ഈ രക്ഷപ്പെടുത്തൽ നിർണായകമാകുകയും ചെയ്തു. ആകാശ് ചോപ്രയടക്കമുള്ളവർ ഇന്ത്യൻ വിജയത്തിൽ ഈ സേവ് നിർണായകമായെന്ന് വ്യക്തമാക്കുകയും ചെയ്തു.
മത്സര ശേഷം സ്പിന്നർ യൂസ് വേന്ദ്ര ചാഹലും ഇക്കാര്യം അടിവരയിട്ടു. ടീം അംഗങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ച സേവാണ് സഞ്ജുവിന്റേത് എന്നായിരുന്നു ചഹലിന്റെ പരാമർശം. എന്നാൽ ഫീൽഡിങിന്റെ കരുത്തിൽ മാത്രം ടീമിൽ നിൽക്കുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രയാസമാണ്. അതുകൊണ്ടാണ് സഞ്ജുവിന് ഈ മത്സരം നിർണായകമാകുന്നത്. ആദ്യ മത്സരത്തിൽ മൂന്ന് റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. ഇന്നത്തെ മത്സരം കൂടി വിജയിച്ചാൽ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. ജയിച്ചാല്‍ ഒരു രാജ്യത്തിനെതിരെ ഏറ്റവും കൂടുതല്‍ പരമ്പര നേട്ടമെന്ന റെക്കോര്‍ഡാണ് ഇന്ത്യയെ തേടിയെത്തുക.
Summary-India VS Windies Second Match, Crucial For Sanju Samson
Adjust Story Font
16