അടിച്ചുകളിച്ച് ചെന്നൈ: ലക്‌നൗവിന് ജയിക്കാൻ 211 റൺസ്
20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 210 റൺസ് നേടിയത്. ബാറ്റെടുത്തവരെല്ലാം മികച്ച പ്രകടനമാണ് ചെന്നൈക്ക് വേണ്ടി പുറത്തെടുത്തത്.
ചെന്നൈയ്‌ക്കെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് 211 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 210 റൺസ് നേടിയത്. ബാറ്റെടുത്തവരെല്ലാം മികച്ച പ്രകടനമാണ് ചെന്നൈക്ക് വേണ്ടി പുറത്തെടുത്തത്.
ടോസ് നേടിയ ലക്നൗ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മോഹിച്ച തുടക്കം ചെന്നൈക്ക് ലഭിച്ചില്ല. ടീം സ്‌കോർ 28ൽ നിൽക്കെ ഓപ്പണർ റിതുരാജ് ഗെയിക് വാദ് പുറത്ത്. നാല് പന്തിൽ ഒരു റൺസായിരുന്നു ഗെയിക് വാദിന്റെ സമ്പാദ്യം. എന്നാൽ സഹഓപ്പണർ റോബിൻ ഉത്തപ്പ അടിച്ചുതകർത്തു.കൂട്ടിന് മുഈൻ അലി എത്തിയതോടെ ചെന്നൈ സ്‌കോർ കുതിച്ചു. അതിനിടെ ഉത്തപ്പ അർദ്ധ സെഞ്ച്വറി തികച്ചു.
27 പന്തിൽ നിന്ന് എട്ട് ഫോറും ഒരു സിക്സറും അടക്കം 50 റൺസാണ് ഉത്തപ്പ നേടിയത്. അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ ഉത്തപ്പയെ ബിഷ്ണോയി മടക്കി. എന്നാൽ അലി സ്‌കോറിങ് വേഗത്തിലാക്കി. 22 പന്തിൽ 35 റൺസ് നേടിയ അലിയെ ആവേശ് ഖാൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 106ന് മൂന്ന് എന്ന നിലയിൽ ചെന്നൈ ഒന്ന് പരുങ്ങിയെങ്കിലും ശിവം ദുബെയും അമ്പാട്ടി റായിഡുവും ചേർന്ന് മധ്യ ഓവറുകളിൽ കളം പടിച്ചതോടെ ഒരു ഓവറിൽ പത്ത് റൺസിലേറെ പിറന്നു. 20 പന്തിൽ 27 റൺസെടുത്ത അമ്പാട്ടി റായിഡുവിനെ ബിഷ്ണോയി തന്നെ മടക്കി.
എന്നാൽ ശിവം ദുബെ പിന്നോട്ട് പോയില്ല. 30 പന്തിൽ നിന്ന് 49 റൺസാണ് ദുബെ നേടിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ദുബെയുടെ ഇന്നിങ്‌സ്. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സർ പറത്തി ധോണി കാണികളെ ആവേശത്തിലാക്കി. അതിനിടെ ചെന്നൈയുടെ സ്‌കോർ 200ലെത്തിയിരുന്നു. അവസാനത്തിൽ സ്‌കോറിങ് ഉയർത്താനുള്ള ശ്രമത്തിൽ നായകൻ ജഡേജ(8 പന്തിൽ 17) വീണു. ധോണി ആറു പന്തിൽ നിന്ന് 16 റൺസ് നേടി പുറത്താകാതെ നിന്നു. ലക്‌നൗവിന് വേണ്ടി ആവേശ് ഖാൻ രവി ബിഷ്‌ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Adjust Story Font
16