Quantcast

തകർത്തടിച്ച് ഗെയ്ക്‌വാദ്, എറിഞ്ഞ് വീഴ്ത്തി മൊഈൻ; ലഖ്‌നൗവിനെതിരെ ചെന്നൈക്ക് 12 റൺസ് ജയം

26 റൺസ് മാത്രം വഴങ്ങി ലഖ്‌നൗ നിരയിലെ നാല് പ്രധാനവിക്കറ്റുകളാണ് മൊഈൻ നേടിയത്

MediaOne Logo

Web Desk

  • Updated:

    2023-04-03 18:16:11.0

Published:

3 April 2023 5:32 PM GMT

തകർത്തടിച്ച് ഗെയ്ക്‌വാദ്, എറിഞ്ഞ് വീഴ്ത്തി മൊഈൻ; ലഖ്‌നൗവിനെതിരെ ചെന്നൈക്ക് 12 റൺസ് ജയം
X

സ്വന്തം തട്ടകത്തിൽ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ലഖ്‌നൗ സൂപ്പർ ജെയിന്റ്‌സിനെ 12 റണ്ണിനാണ് ചെന്നൈ വീഴ്ത്തിയത്. ചെന്നൈ ഉയർത്തിയ 217 റൺസ് എന്ന കൂറ്റൻ സ്‌കോർ മറികടക്കാനുള്ള ശ്രമം 205 റൺസിൽ ഏഴ് വിക്കറ്റ് നഷ്ടത്തിന് അവസാനിച്ചു. ജയിക്കാനുള്ള ലഖ്‌നൗ പ്രതീക്ഷകളെ കറക്കിവീഴ്ത്തിയ മൊഈൻ അലിയാണ് ചെന്നൈയുടെ വിജയശിൽപി. 26 റൺസ് മാത്രം വഴങ്ങി നാല് പ്രധാനവിക്കറ്റുകളാണ് മൊഈൻ നേടിയത്.

തകർത്തടിച്ച ചെന്നൈക്ക് അതേനാണയത്തിൽ മറുപടി നൽകികൊണ്ടാണ് ലഖ്‌നൗ മറുപടി ബാറ്റിങ് ആരംഭിച്ചത് പവർപ്ലെയുടെ ആദ്യ ഓവറുകൾ റണ്ണൊഴുക്കിന് വേഗം കൂട്ടാൻ ഓപ്പണർമാരായ കെ.എൽ രാഹുലിനും കെയിൽ മയേഴ്‌സിനുമായി. അഞ്ച് ഓവർ പിന്നിടുമ്പോൾ തന്നെ ടീം എൺപത് റൺസിന് അരികിലെത്തിയിരുന്നു. ടീം 79 റൺസിൽ നിൽക്കവെയാണ് ആദ്യ വിക്കറ്റ് വീഴുന്നത്. തകർത്തടിച്ച് നിൽക്കെയാണ് 53 റൺസിൽ മയേഴ്‌സിനെ മൊഈൻ അലി കൂടാരം കയറ്റുന്നത്. ഇതോടെ റണ്ണൊഴുക്കിന് വേഗത കുറഞ്ഞു. പിന്നാലെ എത്തിയ ദീപക് ഹൂഡ രണ്ടിന് റൺസിന് പുറത്തായി. തകർത്തടിക്കുമെന്ന് തോന്നിച്ചെങ്കിലും കൃണാൽ പാണ്ഡ്യയും ഒൻപത് റൺസിൽ കളി മതിയാക്കി. സ്‌റ്റോണിസിനെയും മൊഈൻ പുറത്താക്കിയതോടെ കളി ചെന്നൈ തിരിച്ചുപിടിച്ചു എന്ന ഘട്ടമെത്തി. നിക്കോളാസ് പൂരനും ആയുഷ് ബദോനിയും കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമം നടത്തി നോക്കിയെങ്കിലും 32 റൺസിൽ നിൽക്കെ പൂരൻ വീണു. 157 റൺസിൽ ആറ് വിക്കറ്റ് വീണതോടെ കളി ജയിക്കാമെന്ന ആത്മവിശ്വാസം ലഖ്‌നൗ ബാറ്റർമാർക്ക് നഷ്ടപ്പെട്ടിരുന്നു. വാലറ്റത്ത് ബദോനിയും (23) കൃഷ്ണപ്പ ഗൗദമും (17) പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

വന്നവരും നിന്നവരും ലഖ്‌നൗ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ ഈ സീസണിലെ ഉയർന്ന സ്‌കോറായ 216 സ്വന്തമാക്കിയാണ് ചെന്നൈ ബാറ്റിങ് അവസാനിപ്പിച്ചത്.നാല് വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ബാറ്റിങ്ങിനിറങ്ങിയ മഞ്ഞപ്പട തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ചു. ആദ്യ മത്സരത്തിൽ തകർത്തടിച്ച ഗെയ്ക്‌വാദിന്റെ ബാറ്റിൽ നിന്നും ഇന്നും റെണ്ണൊഴുകി. 31 പന്തിൽ നിന്ന് 57 റൺസാണ് താരം അടിച്ചു കൂട്ടിയത്. മൂന്ന് ഫോറും നാല് സിക്‌സറുകളും പറത്തിയായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.

മറുവശത്ത് ഡിവൺ കോൺവെയും ബൗളർമാരെ പ്രഹരിക്കുന്നതിൽ ഒരു മയവും കാണിച്ചില്ല. പതിനൊന്നാം ഓവറിൽ കൃണാൽ പണ്ഡ്യക്ക് വിക്കറ്റ് കൊടുത്ത് കളം വിടുമ്പോൾ 29 പന്തിൽ 47 റൺസാണ് കോൺവെ ടീമിന് സംഭാവന ചെയ്തത്. പിന്നാലെ എത്തിയ ശിവം ഡൂബെയുടെ ഊഴമായിരുന്നു പിന്നീട്. 16 പന്തിൽ 27 റൺസടിച്ച താരം മൂന്ന് സിക്‌സറുകൾ പറത്തിയിരുന്നു. റണ്ണൊഴുക്കിന്റെ സ്പീഡ് പതുക്കെയായപ്പോൾ അതിനെ പഴയ നിലയിലാക്കാൻ എത്തിയ മൊഈൻ അലി പക്ഷേ 19 റൺസിന് കൂടാരം കയറി. അവസാന ഓവറുകളിൽ റണ്ണടിച്ചെടുക്കാൻ കളത്തിലുണ്ടായിരുന്ന ബെൻ സ്റ്റോക്‌സിന് പക്ഷേ പെട്ടെന്ന് മടങ്ങേണ്ടി വന്നു പിന്നാലെ എത്തിയ ജഡേജയെ മാർക്ക് വുഡും മടക്കി.

അവസാന ഓവറുകളിൽ ധോണിയുടെ മാസ്മരിക പ്രകടനം ആദ്യ രണ്ട് പന്തുകൾ സിക്‌സർ പറത്തിയ ധോണിയെ മാർക്ക് വുഡ് വീഴ്ത്തി. പുറത്താകെ അമ്പാട്ടി റായുഡു 27 റൺസ് സ്‌കോർ ബോർഡിൽ എഴുതിച്ചേർത്തതോടെ 217 റൺസ് എന്ന കൂറ്റൻ സ്‌കോർ ചെന്നൈ സ്വന്തമാക്കി. അതേസമയം ഈ മത്സരത്തിലെ റൺസോടെ ഐപിഎല്ലിൽ 5000 റൺസ് എന്ന നേട്ടവും ധോണി സ്വന്തമാക്കി.അതിവേഗത്തിൽ റണ്ണൊഴുകിയ ചെന്നൈയെ കുറച്ചെങ്കിലും പിടിച്ചുകെട്ടിയത് രവി ബിഷ്‌ണോയിയുടെയും മാക്ക് വുഡിന്റെയും ബൗളിങ്ങാണ് ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് ബിഷ്‌ണോയ് നേടിയത്. ആവേശ് ഖാന് ഒരു വിക്കറ്റ് വീഴ്ത്തി.

Next Story