Quantcast

വിന്റേജ് ധോണിയുടെ പോരാട്ടം പാഴായി; ഡൽഹിക്ക് 20 റൺസ് ജയം, ചെന്നൈക്ക് ആദ്യ തോൽവി

ആതിഥേയർക്കായി മുകേഷ് കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

MediaOne Logo

Sports Desk

  • Updated:

    2024-03-31 18:37:12.0

Published:

31 March 2024 3:56 PM GMT

വിന്റേജ് ധോണിയുടെ പോരാട്ടം പാഴായി; ഡൽഹിക്ക് 20 റൺസ് ജയം, ചെന്നൈക്ക് ആദ്യ തോൽവി
X

വിശാഖപട്ടണം: വിന്റേജ് ധോണിയെ കൺനിറയെ കണ്ട മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്‌സിന് വിജയം തൊടാനായില്ല. ഡൽഹി ക്യാപിറ്റൽസിനോട് 20 റൺസിനാണ് കീഴടങ്ങിയത്. സിഎസ്‌കെയുടെ സീസണിലെ ആദ്യ തോൽവിയാണിത്. ഡൽഹി വിജയലക്ഷ്യമായ 191 പിന്തുടർന്ന മഞ്ഞപ്പടയുടെ പോരാട്ടം 171-6 എന്ന നിലയിൽ അവസാനിച്ചു. അവസാന ഓവറുകളിൽ നിറഞ്ഞാടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി 16 പന്തിൽ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 37 റൺസുമായി ആളിക്കത്തി.

17 പന്തിൽ 21 റൺസുമായി രവീന്ദ്ര ജഡേജയും മികച്ച പിന്തുണ നൽകി. എന്നാൽ പവർപ്ലേയിലെ മെല്ലെപ്പോക്ക് സന്ദർശകർക്ക് പ്രതിസന്ധിയായി.ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റുമായി തിളങ്ങി. നേരത്തെ, ഡേവിഡ് വാർണർ (35 പന്തിൽ 52), പൃഥ്വി ഷാ (43), റിഷഭ് പന്ത് (32 പന്തിൽ പുറത്താവാതെ 51) എന്നിവരുടെ ഇന്നിംഗ്സാണ് ഡൽഹിക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ചെന്നൈക്ക് വേണ്ടി മതീഷ പതിരാന മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങിൽ ചെന്നൈയുടെ തുടക്കം മോശമായിരുന്നു. രചിൻ രവീന്ദ്ര (12 പന്തിൽ 2) താളം കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ പവർപ്ലേയിൽ റണ്ണൊഴുക്ക് കുറഞ്ഞു. റുതുരാജ് ഗെയ്കവാദ് (1) നേരിട്ട രണ്ടാം പന്തിൽ തന്നെ പുറത്താവുകയും ചെയ്തു. സ്‌കോർ ബോർഡിൽ ഏഴ് റൺസ് മാത്രമുള്ളപ്പോൾ രചിനും മടങ്ങിയതോടെ നിലവിലെ ചാമ്പ്യൻമാർ പ്രതിസന്ധി നേരിട്ടു. പിന്നീട് അജിൻക്യ രഹാനെ (30 പന്തിൽ 45) ഡാരിൽ മിച്ചൽ (26 പന്തിൽ 34) സഖ്യം 68 റൺസ് കൂട്ടിചേർത്തു. എന്നാൽ മധ്യ ഓവറുകളിൽ ഇരുവരും വീണതോടെ ചെന്നൈ തോൽവി മുന്നിൽ കണ്ടു. ശിവം ദുബെ (18), സമീർ റിസ്വി (0) എന്നിവർക്ക് തിളങ്ങാനായില്ല. ഒടുവിൽ ധോണിയുടെ കൂറ്റനടി മാത്രമായി ആശ്വാസം. നേരത്തെ ഓപ്പണിങിൽ മികച്ച തുടക്കമാണ് ഡൽഹിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ വാർണർ-പൃഥ്വി സഖ്യം 93 റൺസ് കൂട്ടിചേർത്തു.

TAGS :

Next Story