ഡിവില്ലിയേഴ്‌സിനെ മറികടന്ന് ഡി കോക്ക്; വിരമിക്കാനിരിക്കെ അപാര ഫോമിൽ
ഈ ലോകകപ്പിൽ മൂന്നാമത്തെ സെഞ്ച്വറിയാണ് ബംഗ്ലാദേശിനെതിരെ ഡികോക്ക് നേടിയത്.
മുംബൈ: ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുകയാണ് ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്ക്. അതും ഏറ്റവും മികച്ച ഫോമിൽ നിൽക്കെ. ഈ ലോകകപ്പിൽ മൂന്നാമത്തെ സെഞ്ച്വറിയാണ് ബംഗ്ലാദേശിനെതിരെ ഡി കോക്ക് നേടിയത്.
കരിയറിലെ 20ാം സെഞ്ച്വറിയും. അതും ഇരട്ട സെഞ്ച്വറിയിലേക്ക് എന്ന് തോന്നിച്ച ഇന്നിങ്‌സ്. 174 റൺസാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. എടുത്തത് 140 പന്തുകളും. ഏഴ് സിക്‌സറുകളും പതിനഞ്ച് ബൗണ്ടറികളും ഉൾപ്പെടുന്ന അതിമനോഹര ഇന്നിങ്‌സായിരുന്നു ഡി കോക്കിന്റെത്. ഒരു ലോകകപ്പ് എഡിഷനിൽ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് സെഞ്ച്വറികൾ നേടുന്ന ബാറ്ററെന്ന റെക്കോർഡാണ് ഡി കോക്ക് സ്വന്തം പേരിലാക്കിയത്.
എ.ബി ഡിവില്ലിയേഴ്‌സിനെയാണ് ഡി കോക്ക് മറികടന്നത്. ഡിവില്ലിയേഴ്‌സിന്റെ പേരിൽ രണ്ട് സെഞ്ച്വറികളാണ് ഉളളത്. 2015ലായിരുന്നു 'എ.ബി.ഡി'യുടെ നേട്ടം. ഒരു ലോകകപ്പിൽ കുറഞ്ഞത് മൂന്ന് സെഞ്ച്വറികളെങ്കിലും നേടുന്ന ഏഴാമത്തെ ബാറ്ററുമാണ് ഡി കോക്ക്. ഈ ലോകകപ്പിൽ താരത്തിന് ഇനിയും മത്സരങ്ങളുണ്ട്. ലോകകപ്പ് ചരിത്രത്തിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്ററുടെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറാണ് ബംഗ്ലാദേശിനെതിരെ താരം കുറിച്ചത്.
അതേസമയം എം.എസ് ധോണിയുടെ പേരിലുള്ളൊരു റെക്കോർഡ് മറിടക്കാൻ ഡി കോക്കിന് അവസരം ലഭിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ഒരു വിക്കറ്റ് കീപ്പർ ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന നേട്ടമായിരുന്നു അത്. 2005ൽ എം.എസ് ധോണി നേടിയ 183 ആണ് ഒരു വിക്കറ്റ് കീപ്പർ ബാറ്റർ നേടുന്ന ഉയർന്ന വ്യക്തിഗത സ്‌കോർ. ജയ്പൂരിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു എം.എസ് ധോണിയുടെ സ്‌കോർ. എന്നാൽ ധോണിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണിപ്പോൾ ഡി കോക്ക്.
Adjust Story Font
16