മാർഷ്-വാർണർ ഷോ; ഡൽഹിക്ക് തകർപ്പൻ ജയം
ഡൽഹിയുടെ ജയം എട്ട് വിക്കറ്റിന്
മുംബൈ: അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞു കളിച്ച മിച്ചൽ മാർഷിന്റേയും ഡേവിഡ് വാർണറുടേയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മിന്നും ജയം. 11 പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റിനാണ് ഡൽഹിയുടെ ജയം. മിച്ചൽ മാർഷ് 62 പന്തിൽ നിന്ന് ഏഴ് സിക്‌സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിൽ 89 റൺസ് എടുത്തപ്പോള്‍ വാർണർ 41 പന്തിൽ നിന്ന് ഒരു സിക്‌സിന്‍റേയും 5 ഫോറുകളുടേയും അകമ്പടിയിൽ 52 റൺസ് നേടി.
നേരത്തെ അർധ സെഞ്ച്വറിയുമായി തിളങ്ങിയ രവിചന്ദ്ര അശ്വിന്‍റെ മികവിലാണ് രാജസ്ഥാൻ റോയൽസ് ഭേദപ്പെട്ട സ്‌കോർ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. അശ്വിൻ 38 പന്തിൽ നിന്ന് രണ്ട് സിക്‌സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിൽ 50 റൺസെടുത്തു. ദേവദത്ത് പടിക്കൽ 30 പന്തിൽ നിന്ന് രണ്ട് സിക്‌സുകളുടേയും ആറ് ഫോറുകളുടേയും അകമ്പടിയിൽ 48 റൺസെടുത്തു . ഡൽഹിക്കായി മിച്ചൽ മാർഷും ആന്‍ഡ്രിച്ച് നോര്‍ക്കേയും ചേതന്‍ സകരിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്നാം ഓവറിൽ രാജസ്ഥാന്‍റെ തുറുപ്പ് ചീട്ട് ജോസ് ബട്‌ലറെ കൂടാരം കയറ്റി ചേതൻ സകരിയയാണ് ഡൽഹിക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നീട് ക്രീസിലെത്തിയ അശ്വിൻ പതിയെ ടീം സ്‌കോർ ഉയർത്തി. ആദ്യ പത്തോവറുകളിൽ ഇഴഞ്ഞു നീങ്ങിയ രാജസ്ഥാൻ സ്‌കോറിനെ അവസാന ഓവറുകളിൽ തകർത്തടിച്ച ദേവദത്ത് പടിക്കലാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. വെറും ആറ് റൺസ് മാത്രമെടുത്ത് പുറത്തായ ക്യാപ്റ്റൻ സംഞ്ജു സാംസൺ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
Adjust Story Font
16