Quantcast

അന്ന് ധോണി, ഇന്നലെ ഹർമൻപ്രീത് കൗർ; ലോകകപ്പിൽ ഇന്ത്യയ്ക്ക് റൺഔട്ട് ദുര്യോഗം തുടരുന്നു

ടീമിനെ വിജയത്തിലേക്ക് നയിക്കവേ അപ്രതീക്ഷിതമായാണ് ഹർമൻ പ്രീത് റൺഔട്ടായത്. ക്രീസിൽ എളുപ്പത്തിൽ ബാറ്റ് കുത്താവുന്ന അകലത്തിലെത്തിയിട്ടും താരം ഓടിക്കയറാനാണ് ശ്രമിച്ചത്

MediaOne Logo

Sports Desk

  • Updated:

    2023-02-24 06:37:01.0

Published:

24 Feb 2023 6:29 AM GMT

Dhoni, Harmanpreet Kaur Runout
X

Dhoni, Harmanpreet Kaur Runout

കേപ്ടൗൺ: ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് റൺഔട്ട് ദുര്യോഗം തുടരുന്നു. 2019 ഏകദിന പുരുഷ ലോകകപ്പിൽ ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിൽ നായകൻ എം.എസ് ധോണി പുറത്തായത് പോലെ ഇന്നലെ ഇന്ത്യൻ വനിതാ ടീം നായികയായ ഹർമൻ പ്രീതും തിരിച്ചുനടന്നു. ക്യാപ്ടൗണിലെ ന്യൂലാൻഡിൽ നടന്ന വനിത ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ ആസ്‌ത്രേലിയ അഞ്ച് റൺസിന് വീഴ്ത്താൻ ഇടയാക്കിയത് ഈ റൺഔട്ടാണ്. ഹർമൻ പ്രീത് ടീമിനെ വിജയത്തിലേക്ക് നയിക്കവേ അപ്രതീക്ഷിതമായാണ് റൺഔട്ടായത്. 34 പന്തിൽ 52 റൺസുമായി തകർപ്പൻ ഫോമിൽ നിൽക്കവേയായിരുന്നു പുറത്താകൽ. ക്രീസിൽ എളുപ്പത്തിൽ ബാറ്റ് കുത്താവുന്ന അകലത്തിലെത്തിയിട്ടും താരം ഓടിക്കയറാനാണ് ശ്രമിച്ചത്.

33 പന്തിൽ നിന്ന് 41 റൺസാണ് ഹർമൻ പുറത്താകുമ്പോൾ ടീമിന് വേണ്ടിയിരുന്നത്. പക്ഷേ കങ്കാരുപ്പട ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം തേടിയുള്ള മുന്നേറ്റം അഞ്ച് റൺസ് അകലെ 167 ൽ അവസാനിച്ചു. റൺഔട്ട് നേരിട്ട ധോണിയും ഹർമൻ പ്രീതും ഏഴാം നമ്പർ ജേഴ്‌സികളിലാണ് ടീമിനായി കളിച്ചിരുന്നതെന്നത് ശ്രദ്ധേയമാണ്. ഇന്നലെ പതിവ് ആക്രമണ ശൈലി പുറത്തെടുത്ത് ബാറ്റ് വീശിയ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനെ ആഷ്‌ലേഗ് ഗാർഡ്‌നറാണ് റൺ ഔട്ടാക്കിയത്. ധോണിയെ മാർട്ടിൻ ഗപ്ടിലായിരുന്നു എറിഞ്ഞുവീഴ്ത്തിയത്. മത്സരത്തിൽ കിവിപ്പട നേടിയത് 239 റൺസായിരുന്നു. 221 റൺസിനാണ് ടീം ഇന്ത്യ പുറത്തായത്. മുൻനിരക്കാരായ കെ.എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവരെല്ലാം കേവലം ഒരു റൺസിന് പുറത്തായ മത്സരത്തിൽ ധോണി ടീമിനെ ഉയർത്തിക്കൊണ്ടുവരികയായിരുന്നു. രവീന്ദ്ര ജഡേജ 77 റൺസ് നേടി പൊരുതിയ മത്സരത്തിൽ താരം അർധ ശതകം നേടി.

ഇന്നലത്തെ മത്സരത്തിൽ വിജയപ്രതീക്ഷയുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. കേവലം 11 റൺസ് മാത്രമായിരുന്നു ഓപണർ കൂട്ടുകെട്ടിന്റെ സമ്പാദ്യം. കഴിഞ്ഞ കളിയിൽ 87 റണ്ണെടുത്ത് ടീമിന്റെ വിജയശിൽപിയായിരുന്ന സ്മൃതി മന്ദാനയ്ക്ക് എന്നാൽ ഇന്നത്തെ കളിയിൽ തിളങ്ങാനായില്ല. അഞ്ച് പന്തിൽ രണ്ട് റൺ മാത്രമായിരുന്നു മന്ദാനയുടെ ഇന്നത്തെ സംഭാവന. ആറ് പന്തിൽ ഒമ്പത് റണ്ണെടുത്ത ഷഫാലി വർമ മേഗൻ ഷട്ട്ന്റെ പന്തിൽ എൽ.ബി.ഡബ്ല്യൂവിൽ പുറത്തായി.

24 പന്തിൽ 43 പന്തെടുത്ത ജെമിമ റോഡ്രിഗസ് ഹർമന് മികച്ച പിന്തുണ നൽകിയെങ്കിലും ഡാർസി ബ്രൗൺന്റെ പന്തിൽ അലീസ ഹീലി പിടിച്ച് ക്യാപ്റ്റന് മുമ്പേ കൂടാരം കയറി. ഹർമൻ പ്രീത് പുറത്തായതിനു പിന്നാലെ വന്ന റിച്ച ഘോഷും ദീപ്തി ശർമയും യഥാക്രമം 14ഉം 20ഉം റണ്ണെടുത്ത് മടങ്ങി. തുടർന്നു വന്ന സ്നേഹ് റാണ 11 റണ്ണെടുത്തപ്പോൾ രാധാ യാദവ് പൂജ്യത്തിന് പുറത്തായി. അവസാന പന്തിൽ ആറ് റൺസ് വേണ്ടിയിരുന്ന കളിയിൽ ഒന്നുമെടുക്കാനാവാതെ കങ്കാരുക്കൾക്ക് മുന്നിൽ ഇന്ത്യൻ വനിതകൾ കീഴടങ്ങുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 172 റൺ അടിച്ചെടുത്തത്. ഓപ്പണർ ബേത് മൂണിയുടെ അർധ സെഞ്ച്വറി പ്രകടനമാണ് ടീമിന് പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്. 37 പന്തിൽ നാലു ഫോറും ഒരു സിക്‌സും അടക്കം 54 റൺസാണ് മൂണി സ്‌കോർ ബോർഡിൽ ചേർത്തത്. ക്യാപ്റ്റൻ മെഗ് ലാന്നിങ് 34 പന്തിൽ 49 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഓപ്പണർമാരായ അലീസ ഹീലിയും ബേത്ത് മൂണിയും മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 52 റൺസെടുത്തു. 26 പന്തിൽ 25 റൺസെടുത്ത അലീസയെ രാധാ യാദവ് പുറത്താക്കി. 18 പന്തിൽ 31 റൺസെടുത്ത ആഷ്‌ലീഗ് ഗാർഡ്‌നറെ ദീപ്തി ശർമ പുറത്താക്കി.

ഇന്ത്യക്കായി ശിഖ പാണ്ഡെ രണ്ടു വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ, രാധാ യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നിലവിലെ ജേതാക്കളായ ഓസീസിനോട് കഴിഞ്ഞ തവണ ഫൈനലിൽ വീണാണ് ഇന്ത്യക്ക് പ്രഥമ കിരീടം നഷ്ടമായത്. എന്നാൽ ഇത്തവണ സെമി ഫൈനലിൽ തന്നെ തോറ്റുമടങ്ങേണ്ടിവരികയായിരുന്നു. ഗ്രൂപ്പ് ഒന്നിലെ നാല് മത്സരങ്ങളും ജയിച്ചാണ് ആസ്‌ട്രേലിയ സെമിയിലെത്തിയത്. ഇതുവരെ എട്ട് ലോകകപ്പുകൾ നടന്നപ്പോൾ അഞ്ചിലും ജേതാക്കളായി. ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ മൂന്ന് കളികൾ ജയിച്ചപ്പോൾ ഇംഗ്ലണ്ടിനോട് തോറ്റു. പാകിസ്താൻ, വെസ്റ്റിൻഡീസ്, അയർലൻഡ് ടീമുകളെയാണ് ഇന്ത്യ തോൽപിച്ചത്. രണ്ടാം സെമി ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ വെള്ളിയാഴ്ച നടക്കും.

Dhoni, Harmanpreet Kaur.. India's runout misery continues in the World Cup

TAGS :

Next Story