സ്വയം കുഴിച്ച കുഴിയിൽ വീഴരുതെന്ന് ഹർഭജൻ; ഇന്ത്യയെ വൈറ്റ്‌വാഷ് ചെയ്യുമെന്ന് ഇംഗ്ലണ്ട് സ്പിന്നർ
നിലവിലെ സാഹചര്യത്തിൽ ടെസ്റ്റ് പരമ്പര (5-0) തൂത്തുവാരാൻ ഇംഗ്ലണ്ടിന് സാധിക്കുമെന്ന് മുൻ സ്പിന്നർ മൗണ്ടി പനേഴ്‌സർ പറഞ്ഞു.
മൊഹാലി: വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് രംഗത്ത്. സ്വയം കുഴിച്ച കുഴിയിൽ വീഴരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിലേതിന് സമാനമായി സ്പിന്നിനെ തുണക്കുന്ന പിച്ചാണ് വിശാഖപട്ടണത്തും ഒരുങ്ങുന്നത്. മൂന്ന് സ്പിന്നർമാരെ ടീമിലെടുക്കാനാണ് ഇന്ത്യയുടെ പദ്ധതി. ജഡേജ പരിക്കേറ്റ് പുറത്തായപ്പോൾ വാഷിങ്ടൺ സുന്ദറിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. അശ്വിൻ, അക്‌സർ, കുൽദീപ് സ്‌ക്വാർഡിലുള്ളപ്പോഴാണ് സുന്ദറിനെയും ഉൾപ്പെടുത്തുന്നത്. നിലവിൽ ഇന്ത്യൻ ടീം ശക്തമാണെങ്കിലും പരിചയസമ്പത്തിന്റെ കുറവുണ്ടെന്നും ഹർഭജൻ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ 28 റൺസിന്റെ അപ്രതീക്ഷിത തോൽവിയാണ് ഇന്ത്യ നേരിട്ടത്. നിലവിലെ സാഹചര്യത്തിൽ ടെസ്റ്റ് പരമ്പര (5-0) തൂത്തുവാരാൻ ഇംഗ്ലണ്ടിന് സാധിക്കുമെന്ന് മുൻ സ്പിന്നർ മൗണ്ടി പനേഴ്‌സർ പറഞ്ഞു. ഒലിപോപ്പും ടോം ഹാർട്‌ലിയും ഇതുപോലെ കളിതുടർന്നാൽ പ്രയാസമൊന്നുമുണ്ടാകില്ലെന്നും പനേഴ്‌സർ പറഞ്ഞു.
അതേസമയം, ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. വിരാട് കോഹ്‌ലി മടങ്ങിയെത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പരിക്കേറ്റ കെഎൽ രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റിനുള്ള ടീമിൽനിന്ന് പുറത്തായിരുന്നു.
Adjust Story Font
16