'അതൊന്നും കേൾക്കരുത്': ഭുവനേശ്വറിന് ഉപദേശവുമായി ശ്രീശാന്ത്
ഡെത്ത് ഓവറുകളിൽ ഭുവനേശ്വർ ധാരാളം റൺസ് വിട്ടുകൊടുക്കുന്നത് ആശങ്കയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.
മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ടീം ഇന്ത്യയുടെ സംസാര വിഷയമായി ഭുവനേശ്വർ കുമാറിന്റെ മങ്ങിയ ഫോം. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മുടന്തിയാണ് ഏഷ്യാകപ്പിൽ ഇന്ത്യ നീങ്ങിയത്. ആസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും ബൗളർമാർ ടീമിന് ആശ്വാസം നൽകുന്നില്ല. ഡെത്ത് ഓവറുകളിൽ ഭുവനേശ്വർ ധാരാളം റൺസ് വിട്ടുകൊടുക്കുന്നത് ആശങ്കയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.
ഭുവിയെ ടീമിൽ നിന്ന് മാറ്റണമെന്ന് വരെ അഭിപ്രായപ്പെടുന്നവരുണ്ട്. ഇപ്പോഴിതാ ഭുവനേശ്വർ കുമാറിന് പിന്തുണയും ഒപ്പം ഉപദേശവുമായി എത്തിയിക്കുന്നു മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത്. ഭുവനേശ്വർ കുമാർ മികച്ച ബൗളറാണെന്നും കാർത്തികിനെ പിന്തുണച്ച പോലെ അദ്ദേഹത്തെയും പിന്തുണക്കണമെന്നാണ് ശ്രീശാന്ത് പറഞ്ഞു. സ്വന്തം കഴിവിൽ വിശ്വാസം നഷ്ടപ്പെടുത്തരുത്. ചിലപ്പോൾ ആശയക്കുഴപ്പം വരാം. എന്നിരുന്നാലും സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെന്നും ശ്രീശാന്ത് പറഞ്ഞു.
'ബാറ്റിങ്ങിന്റെ കാര്യത്തില്‍ ദിനേശ് കാര്‍ത്തിക്കിനെ പോലെ ഭുവനേശ്വര്‍ കുമാറിനെ പിന്തുണക്കണം. പന്ത് സ്വിങ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ അനുഭവത്തെക്കുറിച്ചും കഴിവിനെക്കുറിച്ചും എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. ആസ്‌ട്രേലിയന്‍ പിച്ചില്‍ അദ്ദേഹത്തിന്റെ സംഭാവന ഇന്ത്യന്‍ ടീമിന് ആവശ്യം വരും,' ശ്രീശാന്ത് വ്യക്തമാക്കി. ഒരിക്കലും തന്റെ കഴിവിലും ആത്മവിശ്വാസത്തിലും സംശയിക്കരുതെന്നും ആള്‍ക്കാര്‍ പറയുന്നതിനോട് ഒരുപാട് ചെവികൊടുക്കേണ്ടെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
ആസ്‌ട്രേലിയക്കെതിരേ സമാപിച്ച മൂന്നു ടി20കളുടെ പരമ്പരയില്‍ മോശം പ്രകടനമായിരുന്നു ഭുവിയുടേത്. ഏറെ റണ്‍സ് വഴങ്ങിയ അദ്ദേഹത്തിനു ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ. സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ ഭുവിക്കു ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ലോകകപ്പിൽ ഭുവിക്ക്, ഫോമിലേക്ക് മടങ്ങിവരാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അല്ലാത്തപക്ഷം ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരിക്കും.
Adjust Story Font
16