അണ്ടർ19 ലോകകപ്പിലെ ചാമ്പ്യൻ നായകൻ ദുല്ലിന് രഞ്ജിയിൽ സെഞ്ച്വറിത്തുടക്കം
അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ ദുൽ, ഇതേ നേട്ടം കൈവരിച്ച സച്ചിൻ ടെണ്ടുൽക്കറടക്കമുള്ളവരുടെ പട്ടികയിലാണ് ഇടം നേടിയിരിക്കുന്നത്
അണ്ടർ19 ലോകകപ്പിൽ ഇന്ത്യയെ കിരീടനേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ യാഷ് ദുല്ലിന് രഞ്ജിയിൽ സെഞ്ച്വറിത്തുടക്കം. ഗ്രൂപ്പ് എച്ചിൽ തമിഴ്‌നാടിനെതിരെയുള്ള മത്സരത്തിലാണ് ഡൽഹി താരം ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടിയത്. ഗുവാഹത്തിയിലെ ബാർസാപാറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 133 പന്തിലാണ് ദുൽ സെഞ്ച്വറി കണ്ടെത്തിയത്. 150 പന്തിൽ 16 ബൗണ്ടറികളടക്കമായിരുന്നു നേട്ടം. 97 റൺസെടുത്ത് നിൽക്കവേ എം മുഹമ്മദിന്റെ പന്തിൽ ദുൽ ഔട്ടായിരുന്നു. എന്നാൽ നോ ബോളായതിനാൽ താരത്തിന് സെഞ്ച്വറി കണ്ടെത്താൻ അവസരമൊരുങ്ങുകയായിരുന്നു. രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ ദുൽ, ഇതേ നേട്ടം കൈവരിച്ച സച്ചിൻ ടെണ്ടുൽക്കർ, അമോൽ മജുംദാർ, രോഹിത് ശർമ തുടങ്ങിയവരുടെ പട്ടികയിലാണ് ഇടം നേടിയിരിക്കുന്നത്. ടോസ് നേടി തമിഴ്‌നാട് ബോൾ ചെയ്യാനിറങ്ങിയ മത്സരത്തിൽ ഡൽഹി ആദ്യ ഇന്നിംഗ്‌സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് നേടിയിട്ടുണ്ട്.
യാഷ് ദുല്ലിനൊപ്പം അണ്ടർ 19 ടീമിൽ അംഗമായിരുന്ന രാജ് അംഗദ് ബാവയും രഞ്ജിയിൽ തിളങ്ങി. ഹൈദരാബാദിനെതിരെ എറിഞ്ഞ ആദ്യ പന്തിൽ തന്നെ താരം വിക്കറ്റെടുത്തു. ചണ്ഡിഗഡിനായാണ് ബാവ കളിക്കുന്നത്. 15 റൺസ് വിട്ട് നൽകി താരം രണ്ടു വിക്കറ്റ് നേടിയിട്ടുണ്ട്. മത്സരത്തിൽ ഹൈദരാബാദ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 270 റൺസെടുത്തു.
Dull, captain of the Under-19 World Cup, starts his Ranji Trophy Career with century
Adjust Story Font
16