വീണ്ടും പന്തിന്റെ ആക്രമണം, അർധശതകം; ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്
ചേതേശ്വർ പുജാരയും ഋഷഭ് പന്തും നേടിയ അർധശതകങ്ങളുടെ കരുത്തിൽ നിലവിൽ 339 റൺസാണ് ഇന്ത്യയുടെ ലീഡ്
ബിർമിങ്ങാം: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ നാലാം ദിവസം ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ലീഡ് ഉയർത്തി ഇന്ത്യ. രണ്ടാം ഇന്നിങ്‌സിൽ ആദ്യ സെഷനിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 207 എന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വർ പുജാരയ്ക്ക് പുറമെ ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി നേട്ടക്കാരൻ ഋഷഭ് പന്തും നേടിയ അർധശതകത്തിന്റെ കരുത്തിൽ നിലവിൽ 339 റൺസാണ് ഇന്ത്യയുടെ ലീഡ്.
മൂന്നാം ദിനം കളിനിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലായിരുന്നു. അർധസെഞ്ച്വറിയുമായി പുജാരയും വിക്കറ്റ് കീപ്പർ പന്തുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഇന്ന് കളി ആരംഭിച്ച് 16 റൺസ് കൂടി കൂട്ടിച്ചേർത്ത് പുജാര മടങ്ങി. സ്റ്റുവർട്ട് ബ്രോഡിന്റെ പന്തിൽ അലെക്‌സ് ലീഡ് പിടിച്ച് പുറത്താകുമ്പോൾ 66 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് ശ്രേയസ് അയ്യരുമായി ചേർന്ന് പന്ത് ആദ്യ ഇന്നിങ്‌സിലെ പ്രത്യാക്രമണം തുടർന്നു. ഇംഗ്ലണ്ടിനുമുൻപിൽ അതിവേഗത്തിൽ കൂറ്റൻ ലീഡ് ഉയർത്തുക എന്ന ഒരേയൊരു ലക്ഷ്യത്തിലേക്ക് പന്തും അയ്യരും ഒരുപോലെ ബാറ്റ് വീശുന്നതാണ് പിന്നീട് കണ്ടത്.
എന്നാൽ, അയ്യരിന്റെ ആക്രമണം മാത്യൂ പോട്ട്‌സ് അവസാനിപ്പിച്ചു. 26 പന്തിൽ മൂന്ന് ബൗണ്ടറി സഹിതം 19 റൺസെടുത്ത അയ്യരെ പോട്ട്‌സിന്റെ പന്തിൽ ജിമ്മി ആൻഡേഴ്‌സൻ പിടികൂടുകയായിരുന്നു. ഇതിനിടെ, പന്ത് അർധശതകം കടന്നു. ആദ്യ ഇന്നിങ്‌സിനു സമാനമായി പന്ത് വീണ്ടും തലവേദന സൃഷ്ടിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ജാക്ക് ലീച്ച് ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ നൽകിയത്. ലീച്ചിന്റെ പന്തിൽ റിവേഴ്‌സ് സ്വീപ്പിനുള്ള താരത്തിന്റെ ശ്രമം പിഴച്ചു. സ്ലിപ്പിൽ റൂട്ട് പിടിച്ച് പുറത്താകുമ്പോൾ 86 പന്തിൽ എട്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 57 റൺസെടുത്തിരുന്നു പന്ത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ(ഒൻപത്)യും ഷർദുൽ താക്കൂറു(മൂന്ന്) ആണ് ക്രീസിലുള്ളത്.
Summary: ENG vs IND 5th Test, Day 4 Live updates
Adjust Story Font
16