Quantcast

ജിം ലേക്കർ; ഓഫ് സ്പിൻ ബൗളിങ്ങിലെ ഇംഗ്ലീഷ് മാന്ത്രികൻ

1956-ലെ ഓൾഡ് ട്രാഫോർഡ് ടെസ്റ്റിലെ 19 വിക്കറ്റ് പ്രകടനം എന്നെന്നും ഓർമിക്കപ്പെടുന്നതാണ്.

MediaOne Logo
Jim Laker; The English wizard of off-spin bowling
X

മുത്തയ്യ മുരളീധരൻ, എരപ്പള്ളി പ്രസന്ന, സക്ലൈൻ മുഷ്താഖ്,സയിദ് അജ്മൽ, ഹർഭജൻ സിംഗ്,നഥാൻ ലിയോൺ,രവിചന്ദ്രൻ അശ്വിൻ... ആധുനിക ക്രിക്കറ്റിൽ സ്പിൻ ഇതിഹാസങ്ങളായി ഒരുപാട് താരങ്ങളുണ്ട്. ഓഫ് സ്പിന്നിൽ മാന്ത്രികത ഒളിപ്പിച്ച ഒരു താരമുണ്ട് അങ്ങ് ഇംഗ്ലണ്ടിൽ. 1922 ഫെബ്രുവരി 9-ന് യോർക്ക്ഷയറിലെ ബ്രാഡ്‌ഫോർഡിൽ ജനിച്ച ജെയിംസ് ചാൾസ് ലേക്കർ അറിയപ്പെടുന്ന ജിം ലേക്കർ. 1956-ലെ ഓൾഡ് ട്രാഫോർഡ് ടെസ്റ്റിലെ അദ്ദേഹത്തിന്റെ 19 വിക്കറ്റ് പ്രകടനം എന്നെന്നും ഓർമിക്കപ്പെടുന്നതാണ്.

കുട്ടിക്കാലം മുതൽ ക്രിക്കറ്റിനോടായിരുന്നു ജിം ലേക്കറിന് പ്രിയം. സ്‌കൂൾ അധ്യാപികയും ക്രിക്കറ്റ് ആരാധികയുമായ എലൻ കെയ്നിൽ നിന്ന് ലേക്കറിന് മികച്ച പിന്തുണ ലഭിച്ചു. സാൾട്ടയറിലെ സാൾട്ട്‌സ് ഹൈസ്‌കൂളിൽ പഠിച്ച ലേക്കർ ക്രിക്കറ്റിന് അനുയോജ്യമായ അന്തരീക്ഷത്തിലായിരുന്നു വളർന്നത്. അക്കാലത്ത് അദ്ദേഹം ഒരു ബാറ്റ്‌സ്മാനും ഫാസ്റ്റ് ബൗളറുമായിരുന്നു. ഒരു സ്‌കൂൾ മത്സരത്തിൽ അദ്ദേഹം റൺ വഴങ്ങാതെ ആറ് വിക്കറ്റ് വീഴ്ത്തി, എതിർ ടീമിനെ ഒറ്റ റണ്ണിന് പുറത്താക്കി ശ്രദ്ധിക്കപ്പെട്ടിരുന്നു.1939 ൽ അദ്ദേഹം സ്‌കൂൾ വിട്ടു, ഒരു വർഷത്തിനുശേഷം ഹെർബർട്ട് സട്ട്ക്ലിഫിന്റെ ഹെഡിംഗ്ലിയിലെ ഇൻഡോർ ക്രിക്കറ്റ് സ്‌കൂളിൽ ചേർന്നു.

മുൻ യോർക്ക്‌ഷെയർ ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്ന ബി.ബി.വിൽസന്റെ സഹായത്താൽ അദ്ദേഹം യോർക്കിലെ സെന്റ് പീറ്റേഴ്സ് സ്‌കൂളിൽ പരിശീലകനായി. വിൽസൺ,ലേക്കറിനോട് ഓഫ് സ്പിൻ പരീക്ഷിക്കണമെന്ന് നിർദ്ദേശിക്കുകയും അദ്ദേഹത്തിന് ഓഫ് സ്പിന്നിലേക്കുള്ള ബാലപാഠങ്ങൾ പകർന്നുനൽകി.ജിം,ലേക്കർ 46 ടെസ്റ്റുകളിൽ നിന്ന് 21.24 ശരാശരിയിൽ 193 വിക്കറ്റുകളാണ് ഇംഗ്ലണ്ടിനായി നേടിയത്.

അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ് കണക്കുകൾ, കൂടുതലും സറേയ് ആഭ്യന്തര ടീമിന് ഒപ്പമായിരുന്നു.സറെ ടീമിന് വേണ്ടി, 18.41 ശരാശരിയിൽ 450 മത്സരങ്ങളിൽ നിന്നായി 1,944 വിക്കറ്റുകൾ സ്വന്തമാക്കി. 1952 നും 1958 നും ഇടയിൽ തുടർച്ചയായി ഏഴ് തവണ കൗണ്ടി ചാമ്പ്യൻഷിപ്പ് നേടിയ സറേ ടീമിന്റെ പ്രധാനതാരമായിരുന്നു. 1956 ലെ ആസ്‌ത്രേലിയുടെ ഇംഗ്ലണ്ട് ടൂറിലെ മാഞ്ചസ്റ്ററിൽ നടന്ന 4ാം ടെസ്റ്റിലാണ് ഓസീസ് പ്രഹരിച്ച ആ ഓഫ് സ്പ്പിൻ മാന്ത്രികന്റെ ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റ് പ്രകടനം ഉൾപ്പടെ ഒരു മത്സരത്തിലെ 19 വിക്കറ്റ് പ്രകടനം ലോകം കണ്ടത്. ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തകർക്കപെടാനാവാത്ത റെക്കോർഡ് ആയി ഇന്നും ആ 19 വിക്കറ്റ് പ്രകടനം നിലനിൽക്കുന്നു. ടോസ്സ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പീറ്റർ റീചാർഡസന്റെയും ഡേവിഡ് ഷെപെർഡിന്റെയും സെഞ്ച്വറി മികവിൽ 459 റൺസ് എടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് കാര്യങ്ങൾ അനുകൂലമല്ലായിരുന്നു.

32 റൺസെടുത്ത ഓപ്പണർ കോളിൻ മക്ക്‌ഡോണാൾഡിനെ ടോണി ലൂക്കിന്റെ കരങ്ങളിൽ എത്തിച്ച് കങ്കാരുപ്പടയുടെ ഓപ്പണിങ് കൂട്ടുകെട്ട് ലാക്കർ പൊളിച്ചു. അടുത്ത ബോളിൽ പുതിയതായി വന്ന ബാറ്റ്സ്മാൻ നെയിൽ ഹാർവേയെ പൂജ്യത്തിന് ബൗൾഡാക്കി. തുടർന്ന് ഈയാൻ ക്രെഗിനെ 8 റൺസിൽ നിൽക്കെ വിക്കറ്റിന് മുന്നിൽ കുരുക്കി. തുടർന്ന് വന്ന കെയ്ത് മില്ലറെയും കെൻ മക്കെയെയും അതിവേഗം പവലിയനിലേക്ക് പറഞ്ഞയച്ചു. തുടർന്ന് വന്ന റിച്ചി ബെനാടിനെ ബ്രെയിൻ സ്റ്റാതത്തിന്റെ കൈകയിൽ എത്തിച്ചു. ക്രീസിലുണ്ടായിരുന്ന റോൺ ആർച്ചറെ 6 റൺസിന് ലേക്കറുടെ ബോളിൽ വിക്കറ്റ് കീപ്പർ ഗോഡ്‌ഫ്രേ ഇവാൻസ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി.

തുടർന്ന് ബാറ്റ് ചെയ്യാൻ വന്ന ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ലെൻ മഡോക്ക്സിനെ 4 റൺസിനും ,ക്യാപ്റ്റൻ ഇയാൻ ജോൺസനെ 0 റൺസിനും ബൗൾഡ് ആക്കിയപ്പോൾ ഓസ്‌ട്രേലിയൻ ഇന്നിങ്‌സ് 84 റൺസിൽ അവസാനിച്ചു. ലേക്കർ തന്റെ ആദ്യ ഇന്നിങ്‌സിൽ 16.4 ഓവറിൽ 37 റൺസിന് 9 വിക്കറ്റാണ് പിഴുതത്. 84 എന്ന നാണംകെട്ട സ്‌കോറിൽ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ച ആസ്‌ത്രേലിയ ഇഗ്ലണ്ട് ക്യാപ്റ്റൻ പീറ്റർ മെയ് ഫോളോ ഓണിന് അയച്ചു. ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസീസിന് വീണ്ടും ജിം ലേക്കറുടെ ബൗളിംഗ് പ്രഹരത്തിന് ഇരയാകേണ്ടി വന്നു.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസീസ് ബാറ്റ്സ്മാൻ നെയിൽ ഹാർവയെ 0 റൺസിന് കോളിൻ കോഡ്‌റെയുടെ കരങ്ങളിൽ എത്തിച്ച് ലേക്കർ മടക്കി. 33 റൺസുമായി മികച്ച പ്രകടനം നടത്തിവരികയായിരുന്ന ജിം ബർക്കിനെ ടോണി ലൂക്കിന്റെ കരങ്ങളിൽ എത്തിച്ച ലേക്കർ ഓസ്‌ട്രേലിയയുടെ റണ്ണൊഴുക്ക് കുറച്ചു. 38 റൺസുമായി ബാറ്റ് ചെയ്ത ഇയാൻ ക്രയിഗിനെയും ലേക്കർ മടക്കി.

അപ്പോഴും കോളിൻ ഓഡ്മാൻ 89 റൺസുമായി ഒരറ്റത്ത് നിന്ന് മത്സരം ഓസ്‌ട്രേലിയക്ക് അനുകൂലമാക്കാൻ ശ്രമിച്ചു. എന്നാൽ 89 റൺസുമായി മികച്ച ഫോമിൽ നിന്ന ഓഡ്മാനെ വീണ്ടും അലൻ ഓക്ക്മാന്റെ കരങ്ങളിൽ എത്തിച്ച് ലേക്കർ പറഞ്ഞയച്ചു. വാലറ്റത്ത് നിന്ന് 18 റൺസുമായി പൊരുതിയ റിച്ചി ബെനാടിനെ ക്ലീൻബൗൾഡാക്കിയും തുടർന്ന് വന്ന റായ് ലിൻഡ്വാളിനെ 8 റൺസിന് ടോണി ലൂക്കിന്റെ കരങ്ങളിൽ എത്തിച്ചും അവസാന ബാറ്റ്സ്മാനായി ഇറങ്ങിയ ലെൻ മഡോക്ക്സിനെ രണ്ട് റൺസിന് പുറത്താക്കിയും ലേക്കർ സർവ്വ പ്രതാപവും പുറത്തെടുത്തപ്പോൾ ഓസീസ് 205 റൺസിന് എല്ലാവരും പുറത്തായി.ഇംഗ്ലണ്ടിന് ഇന്നിങ്‌സിനും 170 റൺസിനും ആധികാരിക ജയം. വിജയത്തിന് ചുക്കാൻ പിടിച്ച ജിം ലേക്കർ രണ്ടാം ഇന്നിങ്‌സിൽ 51.3 ഓവറിൽ 53 റൺസിന് 10 വിക്കറ്റ് പ്രകടനവും ആ മത്സരത്തിൽ 90 റൺസിന് 19 വിക്കറ്റ് പ്രകടനവും നടത്തി. ഇന്റർനാഷണൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്‌സിലെ ആദ്യ 10 വിക്കറ്റ് പ്രകടനവും ഒരു ടെസ്റ്റ് മത്സരത്തിലെ ഈ കാലം വരെയും ഒരു ബൗളിംഗ് മാന്ത്രികരും തകർക്കാൻ സാധിക്കാത്ത 19 വിക്കറ്റ് പ്രകടനവും ആ ഒരൊറ്റ ടെസ്റ്റിൽ പിറന്നു.

TAGS :

Next Story