ഫിഫക്ക് വേണ്ടാത്ത ഒളിമ്പിക്സ് ഫുട്ബോൾ; ചരിത്രവും വർത്തമാനവും
പാരിസ്: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമാണ് ഒളിമ്പിക്സ്. ലോകത്തെ ഏതാണ്ടെല്ലാ കായിക ഇനങ്ങളും ആവേശപ്പരകോടിയിൽ അവിടെ മാറ്റുരക്കുന്നു. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള കായിക ഇനമായ ഫുട്ബോൾ മത്സരങ്ങളും ഒളിമ്പിക്സിൽ അരങ്ങേറുന്നുണ്ട്. എന്നാൽ മറ്റൊരു പ്രമുഖ ടൂർണമെൻറിലും ഇല്ലാത്ത നിയന്ത്രണങ്ങളും ഉപാധികളും ഒളിമ്പിക്സ് ഫുട്ബോളിനുണ്ട്. ഫുട്ബോളിൽ എന്ന് പറയുേമ്പാൾ പുരുഷ ഫുട്ബോളിൽ എന്ന് പറയുന്നതാണ് കൂടുതൽ ശരി. കാരണം വനിത ഫുട്ബോളിൽ ഇത്തരം നിയന്ത്രണങ്ങളില്ല.
1930 ലാണല്ലോ ഫിഫ ആദ്യമായി ഫുട്ബോൾ ലോകകപ്പ് ഒരുക്കുന്നത്. തൊട്ടുപിന്നാലെ 1932 ഒളിമ്പിക്സിൽ നിന്നും ഫിഫ ഫുട്ബോളിനെ പിൻവലിച്ചു. ഒളിമ്പിക്സിൽ ലോകത്തെ പ്രധാന ടീമുകളെല്ലാം ഏറ്റുമുട്ടിയാൽ അത് ലോകകപ്പിെൻറ ശോഭ കെടുത്തുമെന്ന ഭയം തന്നെയായിരുന്നു ഇതിന് കാരണം. 1936 ബെർലിൻ ഒളിമ്പിക്സിൽ ഫുട്ബോൾ വീണ്ടും മടങ്ങിയെത്തിയെങ്കിലും അമേച്വർ താരങ്ങൾ മാത്രമായിരുന്നു പന്തുതട്ടിയിരുന്നത്. ഫിഫക്ക് താൽപര്യമില്ലാത്തത് കൊണ്ടുതന്നെ യൂറോപ്പിൽ നിന്നും ലാറ്റിന അമേരിക്കയിൽ നിന്നുമുള്ള പ്രൊഫഷണൽ താരങ്ങൾ ഒളിമ്പിക്സിൽ നിന്നും മാറ്റിനിർത്തപ്പെട്ടു. ഇത് ഒളിമ്പിക്സ് ഫുട്ബോളിെൻറ ഗുണനിലവാരത്തെയും കുറച്ചു. ഈ സമയത്ത് ഒളിമ്പിക്സിൽ നേട്ടമുണ്ടാക്കിയത് സോവിയറ്റ് യൂണിയനും ഈസ്റ്റേൺ യൂറോപ്പ്യൻ രാജ്യങ്ങളുമാണ്. അവിടങ്ങളിൽ താരങ്ങളെ രാജ്യത്തെ പൊതുസ്വത്തായാണ് കണ്ടിരുന്നത്. അതുകൊണ്ടുതന്നെ പ്രധാന താരങ്ങളെ വെച്ച് ഒളിമ്പിക്സ് ഫുട്ബോളിൽ അവർ മെഡലുകൾ കൊയ്തു. ഹംഗറിയും യൂഗോസ്ലാവിയയും സോവിയറ്റ് യൂണിയനും അടക്കമുള്ള രാജ്യങ്ങളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അമേച്വർ താരങ്ങളുമായെത്തിയ പ്രമുഖ ഫുട്ബോൾ രാജ്യങ്ങൾക്ക് ഇവരോട് മുട്ടിനിൽക്കാനായില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങളും ഇക്കാലയളവിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 1956ലെ മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യ സെമി വരെ മുന്നേറിയിരുന്നത് ഉദാഹരണമാണ്.
ഇതിനൊരു മാറ്റമുണ്ടാകുന്നത് 1984 ലോസ് ആഞ്ചൽസ് ഒളിമ്പിക്സ് മുതലാണ്. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രൊഫഷണൽ കളിക്കാർക്കും ടൂർണമെൻറിൽ പങ്കെടുക്കാമെന്ന് അനുമതി നൽകി. പക്ഷേ ഫിഫ അതിലും ഉപാധി വെച്ചിരുന്നു. യുവേഫയിലും കോൺമെബോലിലും അംഗങ്ങളായ രാജ്യങ്ങൾക്ക് ലോകകപ്പിലോ ലോകകപ്പ് യോഗ്യത മത്സരങ്ങളിലോ പങ്കെടുത്ത താരങ്ങളെ ഒളിമ്പിക്സിൽ കളിപ്പിക്കാനാകുമായിരുന്നില്ല എന്നതായിരുന്നു വ്യവസ്ഥ. എങ്കിലും ഈ ടൂർണമെൻറിൽ ഫുട്ബോൾ ആഘോഷമായാണ് കൊണ്ടാടപ്പെട്ടത്. ഫ്രാൻസും ബ്രസീലും തമ്മിലുള്ള സ്വർണമെഡൽ പോരാട്ടം കാണാൻ 101,799 കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്.
1992ൽ ഈ നിയമം വീണ്ടും പുതുക്കി. അണ്ടർ 23 ടൂർണമെൻറാക്കി ഒളിമ്പിക്സ് നടത്താനായിരുന്നു തീരുമാനം. നാലുവർഷങ്ങൾക്ക് ശേഷം 23വയസ്സിൽ അധികം പ്രായമുള്ള മൂന്നുപേരെക്കൂടി ടീമിൽ അണിനിരത്താമെന്ന വിചിത്രമായ വ്യവസ്ഥയുമുണ്ടാക്കി. ഈ രീതിതന്നെയാണ് ഇന്നും തുടർന്നുവരുന്നത്. അതേ സമയംതന്നെ 1966 മുതൽ ഒളിമ്പിക്സിൽ വനിത ഫുട്ബോൾ നടന്നുവരുന്നുണ്ട്. അതിൽ ഇത്തരം നിയന്ത്രണങ്ങൾ ബാധകമല്ല.
ഒളിമ്പിക്സ് ഫുട്ബോളിനുള്ള മറ്റൊരു പ്രധാന പ്രതിസന്ധി അത് ഫിഫയുടെ അന്താരാഷ്ട്ര മാച്ച് കലണ്ടറിൽ ഇടം പിടിച്ചിട്ടില്ല എന്നതാണ്. അതുകൊണ്ടുതന്നെ ക്ലബുകൾക്ക് താരങ്ങളെ നിർബന്ധമായും വിട്ടുനൽകേണ്ടി വരുന്നില്ല. ഉദാഹരണമായി പറഞ്ഞാൽ പാരിസിൽ ഒളിമ്പിക്സ് നടക്കുേമ്പാൾ സൂപ്പർതാരമായ എംബാപ്പേ ഫ്രഞ്ച് ജഴ്സിയണിയണമെന്ന് ഫ്രാൻസ് പ്രസിഡൻറായിരുന്ന ഇമ്മാവുൽ മാക്രോണിനടക്കം താൽപര്യമുണ്ടായിരുന്നു. എന്നാൽ റയൽ മാഡ്രിഡിലേക്കുള്ള താരത്തിെൻറ കൂടുമാറ്റം ആ സാധ്യതകൾ ഇല്ലാതാക്കി. കോടികൾ വിലകൊടുത്ത് വാങ്ങിയ താരത്തെ സീസണിന് മുന്നോടിയായി റയൽ വിട്ടുനൽകില്ലെന്ന് നേരത്തേ ഉറപ്പായിരുന്നു. ഒരു പക്ഷേ പി.എസ്.ജയിലായിരുന്നെങ്കിൽ എംബാപ്പെയെ ഒളിമ്പിക്സിൽ കാണാമായിരുന്നു. എന്നാൽ ഫുട്ബോളിലെ സൂപ്പർ താരങ്ങൾ ഒളിമ്പിക്സിൽ പന്തുതട്ടിയിട്ടുമുണ്ട്. 2008ൽ അർജൻറീന ഒളിമ്പിക്സ് സ്വർണം നേടുേമ്പാൾ ലയണൽ മെസ്സിയും സെർജിയോ അഗ്യൂറോയും ഹാവിയർ മഷറാനോയും ടീമിലുണ്ടായിരുന്നു. 2016ൽ സ്വന്തം നാട്ടിൽ നടന്ന ഒളിമ്പിക്സിൽ ബ്രസീൽ സ്വർണം നേടുേമ്പാൾ മുന്നണിപ്പോരാളിയായത് നെയ്മറാണ്.
പുരുഷ ഫുട്ബോളിൽ 16 ടീമുകളാണ് ഇക്കുറി ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ഇതിൽ ഒരു സ്ഥാനം ആതിഥേയരായ ഫ്രാൻസിനാണ്. മറ്റുള്ളവരെ ഓരോ വൻകരകൾക്കനുസരിച്ചാണ് തീരുമാനിക്കുന്നത്. യൂറോപ്പിനും ഏഷ്യക്കും ആഫ്രിക്കക്കും മൂന്നുവീതം സ്ളോട്ടുകളുണ്ട്. അതേ സമയം തെക്കേ അമേരിക്കക്കും വടക്കേ അമേരിക്കക്കക്കും രണ്ടുവീതം സ്ളോട്ടുകളേയുള്ളൂ. ഓരോ അസോസിയേഷനും സംഘടിപ്പിക്കുന്ന അണ്ടർ 23 ടൂർണമെൻറിലൂടെയാണ് യോഗ്യത നിശ്ചയിക്കുന്നത്. തെക്കേ അമേരിക്കൻ ടീമുകളുടെ യോഗ്യത നിശ്ചയിക്കുന്ന കോൻമെബോൽ പ്രീ ഒളിമ്പിക്സ് ടൂർണമെൻറിൽ പരഗ്വായാണ് ഒന്നാമെത്തിയത്. അർജൻറീന രണ്ടാമത്തെിയപ്പോൾ ബ്രസീൽ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. അതോടെ പോയ രണ്ടുതവണയും ഒളിമ്പിക്സ് സ്വർണമെഡൽ ജേതാക്കളായ ബ്രസീലിന് ടൂർണമെൻറിൽ പങ്കെടുക്കാനാകാതെ വരികയായിരുന്നു.
Adjust Story Font
16