Quantcast

ഭാഗ്യമില്ലാതെ കോലിയും സംഘവും: മഴ വില്ലനായപ്പോൾ ആദ്യ ടെസ്റ്റ് സമനിലയില്‍

ഇന്ത്യക്ക് മുൻതൂക്കമുണ്ടായിരുന്ന മത്സരമാണ് മഴയെടുത്തത്. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 157 റൺസായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-08-08 16:22:09.0

Published:

8 Aug 2021 4:08 PM GMT

ഭാഗ്യമില്ലാതെ കോലിയും സംഘവും: മഴ വില്ലനായപ്പോൾ ആദ്യ ടെസ്റ്റ് സമനിലയില്‍
X

രസംകൊല്ലിയായി മഴ എത്തിയപ്പോൾ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചു. ഇന്ത്യക്ക് മുൻതൂക്കമുണ്ടായിരുന്ന മത്സരമാണ് മഴയെടുത്തത്. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 157 റൺസായിരുന്നു. ഒമ്പത് വിക്കറ്റും കയ്യിലുണ്ടായിരുന്നു. എന്നാൽ ഒരൊറ്റ പന്ത് പോലും എറിയാനാവാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. സ്‌കോർബോർഡ് ഇങ്ങനെ: ഇംഗ്ലണ്ട്:183-10,303-10 ഇന്ത്യ: 278-10, 52-1

ഇംഗ്ലണ്ട് ഉയർത്തിയ 209 എന്ന വിജയക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴ എത്തിയത്. ആദ്യ ഇന്നിങ്‌സിൽ മികച്ച രീതിയിൽ ബാറ്റേന്തിയ ലോകേഷ് രാഹുലിന്റെ(26) വിക്കറ്റാണ് നഷ്ടമായത്. വൺഡൗണായി എത്തിയ ചേതേശ്വർ പുജാര ഏകദിന ശൈലിയിലായിരുന്നു ബാറ്റേന്തിയിരുന്നത്. 13 പന്തുകളിൽ നിന്ന് മൂന്ന് ബൗണ്ടറിയുൾപ്പെടെ 12 റൺസുമായി താരം ഫോമിലേക്കുള്ള സൂചന നൽകിയിരുന്നു. കൂട്ടിന് 12 റൺസുമായി രോഹിത് ശർമ്മയുമുണ്ടായിരുന്നു.

അവസാന ദിനമായ ഇന്ന് കരുതലോടെ ബാറ്റ് വീശുകയാണെങ്കിൽ ജയമായിരുന്നു ഇന്ത്യയെ കാത്തിരുന്നത്. എന്നാൽ ഒരൊറ്റ ഓവർ പോലും എറിയാൻ മഴ അനുവദിച്ചില്ല. മഴയുടെ കൂടി ആനുകൂല്യത്തിൽ ഇംഗ്ലണ്ട് ബൗളർമാർ മുതലെടുത്താൽ മാത്രമെ അവർക്ക് സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും ഇന്ത്യക്ക് തന്നെയായിരുന്നു മുൻതൂക്കം. രണ്ടാം ടെസ്റ്റ് ഈ മാസം 12ന് ലോർഡ്‌സിൽ നടക്കും.

രണ്ടാം ഇന്നിങ്‌സില്‍ നായകൻ ജോ റൂട്ടിന്റെ ഉജ്ജ്വല സെഞ്ച്വറി(109)യുടെ മികവിലാണ് ഇംഗ്ലണ്ട് 303 റൺസ് നേടിയത്.ജോണി ബെയര്‍സ്റ്റോ 30ഉം സാം കറന്‍ 32ഉം റണ്‍സ് കണ്ടെത്തി. റൂട്ടിന്റെയടക്കം അഞ്ച് വിക്കറ്റുകൾ പിഴുത ബുംറയുടെ മികവാണ് ഇംഗ്ലണ്ടിനെ 303ല്‍ ഒതുക്കിയത്. ഇതോടെ രണ്ടിന്നിങ്സിലുമായി ബുംറയുടെ പേരില്‍ ഒമ്പത് വിക്കറ്റായി. മുഹമ്മദ് സിറാജും ശര്‍ദുല്‍ താക്കൂറും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story