കേരള സന്തോഷ് ട്രോഫി താരങ്ങൾക്ക് പിന്നാലെ ഐ.എസ്.എൽ വമ്പൻ ക്ലബ്ബുകൾ
ഫൈനലിൽ നേരിടുന്നത് കരുത്തരായ വെസ്റ്റ് ബംഗാളിനെയാണെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ ബംഗാളിനെതിരെ നേടിയ വിജയം വലിയ പ്രതീക്ഷയാണ് നൽകുന്നത്
മലപ്പുറം: 75 ാം സന്തോഷ് ട്രോഫിയിൽ മിന്നും പ്രകടനമാണ് കേരളത്തിന്റെ താരങ്ങൾ ഇതുവരെയുള്ള മത്സരങ്ങളിൽ പുറത്തെടുത്തത്. കളിച്ച ഒരു മത്സരത്തിൽ പോലും തോൽക്കാതെ വമ്പൻ വിജയത്തോടെയാണ് കേരളം സന്തോഷ് ട്രോഫിയുടെ ഫൈനലിലെത്തിയിരിക്കുന്നത്. ഫൈനലിൽ നേരിടുന്നത് കരുത്തരായ വെസ്റ്റ് ബംഗാളിനെയാണെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ ബംഗാളിനെതിരെ നേടിയ വിജയം വലിയ പ്രതീക്ഷയാണ് നൽകുന്നത്.
അതേയമയം, മിന്നും പ്രകടനം പുറത്തെടുത്ത കേരള താരങ്ങൾക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻ ക്ലബ്ബുകളാണ് രംഗത്തുള്ളത്. കേരള നായകൻ ജിജോ ജോസഫ് ഉൾപ്പടെയുള്ള ഏഴ് താരങ്ങളെ സ്വന്തമാക്കാനാണ് ക്ലബ്ബുകൾ രംഗത്തുള്ളത്. എസ്.ബി.ഐയുടെ മധ്യനിരതാരമായ ജിജോ ജോസഫിനായി കേരള ബ്ലാസ്റ്റേഴ്, ചെന്നൈയിൽ എഫ്.സി, ജംഷഡ്പൂർ എഫ്.സി എന്നീ ടീമുകളാണ് രംഗത്തുള്ളത്. ഇടതുവിങ് ബാക്ക് എ.പി മുഹമ്മദ് സഹീഫിനെ സ്വന്തമാക്കാനൊരുങ്ങുന്നത് ബ്ലാസ്റ്റേഴ്‌സാണ്.
സെമിഫൈനലിൽ കേരളത്തിന്റെ വിജയശിൽപിയായ ടി.കെ ജെസിനെ സ്വന്തമാക്കാനായി എഫ്.സി ഗോവ,ബെംഗളൂരു,കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ക്ലബ്ബുകൾ രംഗത്തുണ്ട്. മധ്യനിരതാരം പി.എൻ നൗഫലിനായി ഈസ്റ്റ് ബംഗാളും ഹൈദരാബാദ് എഫ്.സിയും രംഗത്തുണ്ട്. പ്രതിരോധനിരക്കാരൻ സഞ്ജുവിനായി ഈസ്റ്റ് ബംഗാളും പ്രതിരോധ നിരക്കാരൻ അജയ് അലക്‌സിനായി ബെംഗളൂരു എഫ്.സിയും രംഗത്തുണ്ട്. കേരള ടീമിന്റെ രണ്ടാം ഗോൾകീപ്പർ ഹജ്മലിനെ ടീമിലെത്തിക്കാൻ കേരളത്തിന്റെ സ്വന്തം ഐലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സിയും രംഗത്തുണ്ട്.
Adjust Story Font
16