Quantcast

ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് അന്തരിച്ചു

2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്

MediaOne Logo

Web Desk

  • Updated:

    2022-05-15 02:19:35.0

Published:

15 May 2022 12:55 AM GMT

ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് അന്തരിച്ചു
X

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ക്രിക്കറ്റിന്റെ കളിയഴകിൽ കരുത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. തോൽവി ഉറപ്പിച്ച മത്സരങ്ങളിൽ പോലും ജയം റാഞ്ചിയെടുത്ത് നിരവധി തവണ ഓസ്ട്രേലിയയുടെ രക്ഷകന്റെ ജേഴ്‌സി അണിഞ്ഞു സിമണ്ട്‌സ്. കരീബിയൻ കോൺറോസ് സ്റ്റൈലിലെ മുടിയഴകും , ചുണ്ടിൽ വെളുത്ത ക്രീമും , കളിക്കളത്തിൽ ആൻഡ്രൂ സിമണ്ട്‌സ് എന്നും വ്യത്യസ്തനായിരുന്നു. എല്ലാ ഫോർമാറ്റിലും ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ വിശ്വസ്തനായിരുന്നു സിമണ്ട്‌സ് .റിക്കി പോണ്ടിങിന്റ ക്യാപ്റ്റൻസിയിൽ ഓസ്ട്രേലിയ ലോക ക്രിക്കറ്റിന്റെ തലപ്പത്തു അജയ്യരായി നിന്ന കാലത്ത് ടീമിന്റെ നെടുംതൂണായിരുന്നു ആൻഡ്രൂ സിമണ്ട്‌സ്. ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി ട്വന്റിയിലും മികച്ച ബാറ്റിംഗ് ശരാശരി . വിക്കറ്റ് അനിവാര്യമാകുന്ന നിമിഷങ്ങളിൽ ബ്രേക്ക് ത്രൂ സമ്മാനിക്കുന്ന ബൗളർ .തേർട്ടി യാർഡ് സർക്കിളിനുള്ളിൽ പാറി പറന്നു പന്തെടുക്കുന്ന മികവുറ്റ ഫീൽഡർ, ബൗണ്ടറിക്കപ്പുറത്തേക്ക് വെടിയുണ്ട കണക്കെ പന്തടിച്ചകറ്റുന്ന ആ കരുത്ത് ലോകത്തെ ,മികച്ച ബൗളർമാരെല്ലാം ആൻഡ്രൂ സിമ്മൺസിന്റെ ബാറ്റിൽ നിന്നറിഞ്ഞിട്ടുണ്ട്.

ഫീൽഡിൽ നിൽകുമ്പോൾ എതിർ ബാറ്സ്മാനെ സമ്മർദ്ദത്തിലാക്കാൻ പ്രത്യേക മിടുക്കുണ്ടായിരുന്നു ആൻഡ്രൂവിന്. ഉന്നം തെറ്റാതെയുള്ള റണ്ണൗട്ടുകളായിരുന്നു സിമണ്ട്‌സ് സ്പെഷ്യൽ .ബൗളിങ്ങിൽ സ്പിന്നും മീഡിയം പേസും ഇടകലർത്തിയുള്ള പരീക്ഷണങ്ങളായിരുന്നു , അപ്രതീക്ഷിത വിക്കറ്റുകൾ സമ്മാനിച്ച് ബൗളിംഗ് എൻഡിലും കയ്യൊപ്പ് ചാർത്തി ആൻഡ്രൂ . ക്രിക്കറ്റ് ഗ്രൗണ്ടിൽ വിവാദങ്ങളുടെ ക്രീസിലും ആൻഡ്രൂ സിമണ്ട്‌സിന്റെ പേര് കാണാം . വീറും വാശിയും ആവോളമുള്ള താരമായിരുന്നു അദ്ദേഹം . ഹർഭജൻ സിംഗിനെതിരെയുള്ള മങ്കിഗേറ്റ് വിവാദം കെട്ടടങ്ങാൻ ഏറെ നാളെടുത്തു. ആൻഡ്രൂ സിമണ്ട്‌സ്ന്റെ വിടവാങ്ങൽ പ്രതീക്ഷിക്കാത്തൊരു റൺ ഔട്ട് പോലെയാണ്. കയ്യുറയും ഹെൽമെറ്റുമഴിച്ച ആൻഡ്രൂ, നടന്നകലുകയാണ് വിശ്വസിക്കാനാവാതെ ക്രിക്കറ്റ് ലോകവും .

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.

TAGS :

Next Story